മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ബിയയില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഇന്റര്‍ മിലാനെ തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ്. 

സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു റയലിന്റെ ജയം. രണ്ടു ഗോളുകള്‍ക്ക് പിന്നിലായ ശേഷം ശക്തമായി തിരിച്ചുവന്ന ഇന്ററിനെതിരേ റയല്‍ ശരിക്കും വിയര്‍ത്തു.

25-ാം മിനിറ്റില്‍ കരീം ബെന്‍സേമയിലൂടെ റയല്‍ ആദ്യ വെടിപൊട്ടിച്ചു. 33-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് റയലിന്റെ ലീഡുയര്‍ത്തി. എന്നാല്‍ 35-ാം മിനിറ്റില്‍ ലൗത്താരോ മാര്‍ട്ടനസിലൂടെ ഒരു ഗോള്‍ തിരിച്ചടിച്ച ഇന്റര്‍ 68-ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ചിലൂടെ ഒപ്പമെത്തി. ഒടുവില്‍ 80-ാം മിനിറ്റില്‍ റോഡ്രിഗോയാണ് റയലിന്റെ വിജയഗോള്‍ നേടിയത്. 

ഗ്രൂപ്പ് ബിയില്‍ മൂന്നു മത്സരങ്ങളില്‍ നിന്ന് നാലു പോയന്റുമായി മൂന്നാം സ്ഥാനത്താണ് റയല്‍. ഒരു ജയം പോലുമില്ലാത്ത ഇന്റര്‍ നാലാമതും.

Content Highlights: Champions League Real Madrid beat Inter Milan