ലിസ്ബണ്‍: ജര്‍മന്‍ കരുത്തിനു മുന്നില്‍ ലിവര്‍പൂളിനെ വരെ വിറപ്പിച്ച അത്‌ലറ്റിക്കോ മാഡ്രിഡിന് പിഴച്ചു. ഡിയഗോ സിമിയോണിയുടെ അത്‌ലറ്റിക്കോടെ മറികടന്ന് റെഡ്ബുള്‍ ലെയ്പ്‌സിഗ് ആദ്യമായി ചാമ്പ്യന്‍സ് ലീഗിന്റെ സെമിയില്‍ കടന്നു. കഴിഞ്ഞ ഏഴു സീസണുകളില്‍ അഞ്ചിലും ക്വാര്‍ട്ടറിലെത്തിയ അത്‌ലറ്റിക്കോ കിരീട പ്രതീക്ഷകള്‍ അവസാനിപ്പിച്ച് മടങ്ങി.

ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ലെയ്പ്‌സിഗിന്റെ ജയം. ഉറച്ച പ്രതിരോധം, ശക്തമായ പ്രത്യാക്രമണം. സമീപകാലത്ത് അത്‌ലറ്റിക്കോ മഡ്രിഡിന്റെ നേട്ടങ്ങള്‍ക്കു പിന്നിലെ ഈ സൂത്രവാക്യം പക്ഷേ ലെയ്പ്‌സിഗ് തുടക്കത്തിലേ തകര്‍ത്തു. മത്സരത്തിന്റെ തുടക്കംമുതല്‍ തന്നെ ആക്രമണം അഴിച്ചുവിട്ട ലെയ്പ്‌സിഗിനു മുന്നില്‍ അത്‌ലറ്റിക്കോ പ്രതിരോധം വിറച്ചു. ആദ്യ പകുതിയില്‍ ഗോളുകളൊന്നും പിറന്നില്ലെങ്കിലും പന്തിന്‍മേല്‍ ആധിപത്യവും മികച്ച മുന്നേറ്റങ്ങളുമായി ലെയ്പ്‌സിഗ് കളംനിറഞ്ഞു.

51-ാം മിനിറ്റില്‍ ഡാനി ഒല്‍മോയുടെ ഹെഡറിലൂടെ ജര്‍മന്‍ ടീം മുന്നിലെത്തി. ഇതോടെ അപകടം മണത്ത സിമിയോണി 58-ാം മിനിറ്റില്‍ പുത്തന്‍ താരോദയം ജാവോ ഫെലിക്‌സിനെ കളത്തിലിറക്കി. 71-ാം മിനിറ്റില്‍ അതിന് ഫലം ലഭിക്കുകയും ചെയ്തു. ഫെലിക്‌സിനെ ലൂക്കാസ് ക്ലോസ്റ്റമാന്‍ ബോക്‌സില്‍ വീഴ്ത്തിയതിന് അത്‌ലറ്റിക്കോയ്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി ബോക്‌സിലേക്ക് വിരല്‍ചൂണ്ടി. കിക്കെടുത്ത ഫെലിക്‌സ് തന്നെ അത്‌ലറ്റിക്കോയെ ഒപ്പമെത്തിച്ചു. 

തുടര്‍ന്ന് ഇരു ടീമുകളും വിജയ ഗോളിനായുള്ള ശ്രമത്തിലായിരുന്നു. 88-ാം മിനിറ്റില്‍ അതിന് ഫലം ലഭിച്ചത് ലെയ്പ്‌സിഗിന്. പകരക്കാരനായി ഇറങ്ങിയ ടെയ്‌ലര്‍ ആഡംസിന്റെ ഷോട്ട് പ്രതിരോധിക്കാന്‍ ശ്രമിച്ച അത്‌ലറ്റിക്കോ താരത്തിന്റെ കാലില്‍ തട്ടി പന്ത് വലയിലേക്ക്. അതോടെ ചരിത്രത്തില്‍ ആദ്യമായി ലെയ്പ്‌സിഗ് ചാമ്പ്യന്‍സ് ലീഗിന്റെ സെമിയിലേക്ക്. ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയെയാണ് ലെയ്പ്‌സിഗിന് സെമിയില്‍ നേരിടാനുള്ളത്.

ചാമ്പ്യന്‍സ് ലീഗിലും ജര്‍മന്‍ ബുണ്ടസ് ലിഗയിലും ടീമിന്റെ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച സ്‌ട്രൈക്കര്‍ തിമോ വെര്‍ണറില്ലാതെയാണ് ലെയ്പ്‌സിഗ് അതിലറ്റിക്കോയുടെ പ്രതിരോധത്തെ രണ്ടു തവണ മറികടന്നത്. ചെല്‍സിയിലേക്ക് കൂടുമാറിയതോടെയാണ് ക്ലിനിക്കല്‍ സ്‌ട്രൈക്കറുടെ സേവനം അവര്‍ക്ക് നഷ്ടമായത്. പ്രീക്വാര്‍ട്ടറില്‍ കരുത്തരായ ടോട്ടനത്തെയാണ് മറികടന്നാണ് ലെയ്പ്‌സിഗ് ക്വാര്‍ട്ടര്‍ പോരാട്ടത്തിന് ടിക്കറ്റെടുത്തത്.

Content Highlights: UEFA Champions League RB Leipzig stunned Atletico Madrid to reach their first ucl semifinal