ലിസ്ബണ്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ മത്സരങ്ങള്‍ക്ക് തുടക്കമാകുന്നു. പതിവ് ഇരുപാദ മത്സരങ്ങളില്‍നിന്ന് വ്യത്യസ്തമായി ഒറ്റ മത്സരത്തില്‍ തീരുമാനമാകുന്ന ക്വാര്‍ട്ടര്‍ ഫൈനലുകള്‍ ബുധനാഴ്ച അര്‍ധരാത്രിയോടെ തുടങ്ങും. ആദ്യ ക്വാര്‍ട്ടറില്‍, ബുധനാഴ്ച രാത്രി 12.30-ന് ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി. ഇറ്റാലിയന്‍ ക്ലബ്ബ് അറ്റ്ലാന്റയെ നേരിടും.

കോവിഡ് 19 വ്യാപനത്തോടെ നീണ്ട ഇടവേള വന്നതും രോഗഭീതി ഒഴിയാത്തതുമാണ് ക്വാര്‍ട്ടര്‍ മുതല്‍ ടൂര്‍ണമെന്റ് മോഡലിലേക്ക് മാറാന്‍ കാരണം. സെമിഫൈനലും ഒറ്റ പാദമായിരിക്കും. പോര്‍ച്ചുഗലിലെ ലിസ്ബണിലാണ് ഇനിയുള്ള എല്ലാ മത്സരങ്ങളും. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ സുരക്ഷാ നിര്‍ദേശങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്.

പ്രതീക്ഷയോടെ പി.എസ്.ജി

ഫ്രഞ്ച് ആഭ്യന്തര ഫുട്ബോള്‍ സീസണില്‍ നാല് കിരീടങ്ങള്‍ നേടിയിട്ടാണ് പി.എസ്.ജിയുടെ വരവ്. അതിശക്തമായ ആക്രമണനിരയാണ് ടീമിന്റെ കരുത്ത്. സൂപ്പര്‍ താരങ്ങളായ നെയ്മറും മൗറോ ഇക്കാര്‍ഡിയും ഒറ്റയ്ക്ക് കളിയെ മാറ്റിമാറിക്കാന്‍ കെല്‍പ്പുള്ളവര്‍. കൈലിയന്‍ എംബാപ്പയുടെ പരിക്കാണ് ടീമിനെ അലട്ടുന്നത്. ഫ്രഞ്ച് കപ്പ് ഫൈനലിനിടെ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന എംബാപ്പെയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിങ്ങര്‍ എയ്ഞ്ചല്‍ ഡി മരിയ സസ്‌പെന്‍ഷന്‍കാരണം കളിക്കാത്തതും തിരിച്ചടിയാകും. 

പരിക്കേറ്റ മധ്യനിര താരം മാര്‍ക്കോ വെറാറ്റിയുമുണ്ടാകില്ല. മുന്നേറ്റത്തില്‍ നെയ്മര്‍ - ഇക്കാര്‍ഡി - പാബ്ലോ സറാബിയ ത്രയമാകും കളിക്കുന്നത്. ഇറ്റാലിയന്‍ ലീഗിലെ പുതുശക്തികളാണ് അറ്റ്ലാന്റ. കിടയറ്റ ആക്രമണമാണ് ടീമിന്റെ കരുത്ത്. കോവിഡിന് ശേഷം സീരി എ പുനരാരംഭിച്ചപ്പോള്‍ ഒരു മത്സരം മാത്രമാണ് തോറ്റത്. കൂടുതല്‍ ഗോള്‍ നേടിയതും അറ്റ്ലാന്റതന്നെ.

മികച്ച മുന്നേറ്റനിരയുണ്ടെങ്കിലും പ്രതിരോധത്തിലെ പാളിച്ചകള്‍ ടീമിന് തലവേദനയാകും. ചാമ്പ്യന്‍ ലീഗിലെ ടോപ് സ്‌കോറര്‍ ജോസപ് ലിസിച്ചിന്റെ മങ്ങിയ ഫോമും തിരിച്ചടിയാണ്. ദുവാന്‍ സപാറ്റയെ ഏക സ്ട്രൈക്കറാക്കിയാണ് ടീം കളിക്കുക. 3-4-2-1 ശൈലിയില്‍ കളിക്കുന്ന ടീമില്‍ സപാറ്റയെ സഹായിക്കാന്‍ റുസ്ലാന്‍ മലിനോവ്സ്‌കിയും അലസാന്‍ഡ്രോ ഗോമസുമുണ്ടാകും.

Content Highlights: UEFA Champions League quarter final Paris Saint-Germain vs Atalanta