ന്യോണ്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്): ഇത്തവണത്തെ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് തീരുമാനമായി. നറുക്കെടുപ്പ് കഴിഞ്ഞപ്പോള്‍ നിലവിലെ ജേതാക്കളായ ബയേണ്‍ മ്യൂണിക്കിന് റണ്ണറപ്പായ പി.എസ്.ജിയാണ് എതിരാളി. 

2018-ലെ ഫൈനലിസ്റ്റുകളായ റയല്‍ മാഡ്രിഡും ലിവര്‍പൂളും ഇത്തവണ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും. 

പ്രീമിയര്‍ ലീഗില്‍ മുന്നിലുള്ള മാഞ്ചെസ്റ്റര്‍ സിറ്റിക്ക് ജര്‍മന്‍ ക്ലബ്ബ് ബൊറൂസ്സിയ ഡോര്‍ട്മുണ്‍ഡാണ് എതിരാളികള്‍. മറ്റൊരു ക്വാര്‍ട്ടറില്‍ ചെല്‍സി എഫ്.സി പോര്‍ട്ടോയെ നേരിടും. 

UEFA Champions League quarter-final draw Liverpool face Real Madrid

ബയേണ്‍ - പി.എസ്.ജി മത്സര വിജയികള്‍ സെമിയില്‍ സിറ്റി - ഡോര്‍ട്മുണ്‍ഡ് മത്സര വിജയികളെ നേരിടും. ചെല്‍സി - പോര്‍ട്ടോ മത്സരത്തിലെ വിജയികള്‍ക്ക് റയല്‍ മാഡ്രിഡ് - ലിവര്‍പൂള്‍ മത്സരത്തിലെ വിജയികളാകും എതിരാളികള്‍.

2005-ന് ശേഷം ലയണല്‍ മെസ്സിയോ ക്രിസ്റ്റിയാനോ റൊണാള്‍ഡോയോ ഇല്ലാത്ത ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങളാണ് ഇത്തവണ നടക്കാന്‍ പോകുന്നത്. 

ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യ പാദ മത്സരങ്ങള്‍ ഏപ്രില്‍ ആറിനോ ഏഴിനോ നടക്കും. രണ്ടാം പാദം ഏപ്രില്‍ 13 അല്ലങ്കില്‍ 14 തീയതികളിലാകും. 

മേയ് 29-ന് ഇസ്താംബൂളിലാണ് ഫൈനല്‍.

Content Highlights: UEFA Champions League quarter-final draw Liverpool face Real Madrid