ലെയ്പ്സിഗ് (ജര്‍മനി): ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന ഗ്രൂപ്പ് മത്സരങ്ങളില്‍ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിക്കും ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനും ഞെട്ടിക്കുന്ന തോല്‍വി. പി.എസ്.ജി ആര്.ബി ലെയ്പ്സിഗിനോട് തോറ്റപ്പോള്‍ ഇസ്താംബുള്‍ ബാകെഹിറാണ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്.
ഗ്രൂപ്പ് എച്ചില് ലെയ്പ്സിഗിന്റെ മൈതാനത്ത് നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു പി.എസ്.ജിയുടെ തോല്‍വി. ഏയ്ഞ്ചല്‍ ഡി മരിയയിലൂടെ ആറാം മിനിറ്റില്‍ തന്നെ ലീഡെടുത്ത ശേഷമാണ് അവര്‍ മത്സരം കൈവിട്ടത്. നെയ്മര്‍, എംബാപ്പെ, ഇക്കാര്‍ഡി എന്നിവരുടെ അഭാവം ടീമിനെ ബാധിച്ചു. 41-ാം മിനിറ്റില്‍ ക്രിസ്റ്റഫര്‍ എങ്കുകുവിന്റെ ഗോളില്‍ ഒപ്പമെത്തിയ ലെയ്പ്സിഗ് 57-ാം മിനിറ്റില്‍ എമില്‍ ഫോഴ്സ്ബര്‍ഗിന്റെ പെനാല്‍റ്റി ഗോളിലൂടെ ജയം പിടിച്ചു. 16-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഡി മരിയ നഷ്ടപ്പെടുത്തിയതും പി.എസ്.ജിക്ക് തിരിച്ചടിയായി. 69-ാം മിനിറ്റില്‍ ഇദ്രിസ ഗുയെയും മത്സരത്തിന്റെ അവസനാ നിമിഷത്തില്‍ കിംപെബെയും ചുവപ്പുകാര്‍ഡ് കണ്ടതും അവര്‍ക്ക് തിരിച്ചടിയായി. തോല്‍വിയോടെ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ് ഫ്രഞ്ച് ടീം.

ഗ്രൂപ്പ് എച്ചില് നടന്ന മറ്റൊരു പോരാട്ടത്തില്‍ തുര്‍ക്കി ക്ലബ്ബ് ഇസ്താംബുള്‍ ബാകെഹിറാണ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ തകര്‍ത്തത്. ബാകെഹിറിന്റെ മൈതാനത്ത് നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു യുണൈറ്റഡിന്റെ തോല്‍വി. മോശം പ്രതിരോധമാണ് യുണൈറ്റഡിന്റെ തോല്‍വിക്ക് കാരണമായത്. 12-ാം മിനിറ്റില്‍ ഡെംബാ ബായിലൂടെ ബാകെഹിര് മുന്നിലെത്തി. 40-ാം മിനിറ്റില്‍ എഡിന് വിസ്കയിലൂടെ അവര്‍ ലീഡുയര്‍ത്തുകയും ചെയ്തു. 43-ാം മിനിറ്റില്‍ ആന്റണി മാര്‍ഷ്യലിലൂടെ യുണൈറ്റഡ് ഒരു ഗോള്‍ മടക്കിയെങ്കിലും രണ്ടാം പകുതിയില്‍ മികച്ച പ്രതിരോധം പുറത്തെടുത്ത ബാകെഹിര് യുണൈറ്റഡിനെ പൂട്ടി. തോറ്റെങ്കിലും ഗ്രൂപ്പില്‍ യുണൈറ്റഡ് തന്നെയാണ് ഒന്നാം സ്ഥാനത്ത്.
Content Highlights: UEFA Champions League PSG and Manchester United suffer shock loss