പാരിസ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് പോരാട്ടങ്ങള്‍ അവസാനിച്ചു. എട്ട് ഗ്രൂപ്പുകളില്‍ നിന്നായി 16 ശക്തരായ ടീമുകള്‍ പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചു. ബയേണ്‍ മ്യൂണിക്ക്, അത്‌ലറ്റിക്കോ മഡ്രിഡ്, റയല്‍ മഡ്രിഡ്, മോണ്‍ചെങ്ഗ്ലാഡ്ബാക്ക്, മാഞ്ചെസ്റ്റര്‍ സിറ്റി, പോര്‍ട്ടോ, ലിവര്‍പൂള്‍, അത്‌ലാന്റ, ചെല്‍സി, സെവിയ്യ, ഡോര്‍ട്മുണ്ട്, ലാസിയോ, യുവന്റസ്, ബാര്‍സലോണ, പി.എസ്.ജി, ലെയ്പ്‌സിഗ് എന്നീ ടീമുകളാണ് അവസാന പതിനാറില്‍ എത്തിയിരിക്കുന്നത്.

ഇന്നലെ നടന്ന മത്സരങ്ങളില്‍ പി.എസ്.ജി, ബയേണ്‍ മ്യൂണിക്ക്, റയല്‍ മഡ്രിഡ്, അത്‌ലറ്റിക്കോ മഡ്രിഡ്, മാഞ്ചെസ്റ്റര്‍ സിറ്റി, പോര്‍ട്ടോ തുടങ്ങിയ ടീമുകള്‍ വിജയം കണ്ടപ്പോള്‍ ലിവര്‍പൂള്‍, ഇന്റര്‍മിലാന്‍ ടീമുകള്‍ സമനിലയില്‍ കുരുങ്ങി.

ഈസ്താംബൂള്‍ ബസക്‌സെഹിറിനെ ഒന്നിനെതിരെ അഞ്ചുഗോളുകള്‍ക്കാണ് പി.എസ്.ജി പരാജയപ്പെടുത്തിയത്. നെയ്മറുടെ ഹാട്രിക്കിന്റെ ബലത്തിലാണ് പി.എസ്.ജി വിജയം സ്വന്തമാക്കിയത്. എംബാപ്പെ രണ്ടു ഗോളുകള്‍ നേടി. മെഹ്മെറ്റ് ടോപ്പാല്‍ ബസക്‌സെഹിറിനായി ആശ്വാസ ഗോള്‍ നേടി. 

ബയേണ്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ലോക്കോമോട്ടീവ് മോസ്‌കോയെ പരാജയപ്പെടുത്തി. സ്യൂലെ, മോട്ടിങ് എന്നിവര്‍ ടീമിനായി സ്‌കോര്‍ ചെയ്തു. ഇതേ സ്‌കോറിനാണ് റയല്‍ മോണ്‍ചെങ്ഗ്ലാഡ്ബാക്കിനെ തോല്‍പ്പിച്ചത്. ബെന്‍സേമ ഇരട്ട ഗോളുകള്‍ നേടി. സാല്‍സ്ബര്‍ഗിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് കീഴടക്കി അത്‌ലറ്റിക്കോ മഡ്രിഡും വിജയമാഘോഷിച്ചു. ഹെര്‍മോസോ, കരാസോ എന്നിവര്‍ ടീമിന് വേണ്ടി സ്‌കോര്‍ ചെയ്തു. ഫെറാന്‍ ടോറസ്, അഗ്യൂറോ, എന്നിവരുടെ ഗോളും ആല്‍വാരോ ഗോണ്‍സാലെസിന്റെ സെല്‍ഫ് ഗോളും സിറ്റിയ്ക്ക് മൂന്നുഗോള്‍ ആധിപത്യം മാര്‍സെലിയ്ക്ക് മേല്‍ സമ്മാനിച്ചു. പോര്‍ട്ടോ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ഒളിമ്പ്യാക്കോസിനെ തോല്‍പ്പിച്ചു. 

മറ്റുമത്സരങ്ങളില്‍ ഇന്റര്‍ ഷാക്തറോട് ഗോള്‍ രഹിത സമനില വഴങ്ങിയപ്പോള്‍ കരുത്തരായ അയാക്‌സ് നിര്‍ണായക മത്സരത്തില്‍ അത്‌ലാന്റയോട് തോറ്റ് പുറത്തായി. ലിവര്‍പൂള്‍ ദുര്‍ബലരായ മിഡ്്റ്റിലന്‍ഡിനോട് സമനില വഴങ്ങി.

ഗ്രൂപ്പ് ഘട്ടം അവസാനിച്ചപ്പോള്‍ വമ്പന്മാരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, അയാക്‌സ്, ഇന്റര്‍ മിലാന്‍ തുടങ്ങിയ ടീമുകള്‍ പ്രീ ക്വാര്‍ട്ടര്‍ കാണാതെ മടങ്ങി.

Content Highlights: UEFA Champions league Pre Quarter lineup is ready