നാപ്പിള്‍സ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ നിലവിലെ ജേതാക്കളായ ലിവര്‍പൂളിന് തോല്‍വി. ഗ്രൂപ്പ് ഇയിലെ മത്സരത്തില്‍ ഇറ്റാലിയന്‍ ക്ലബ്ബ് നാപ്പോളിയാണ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ചെമ്പടയെ തകര്‍ത്തത്.

ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം അവസാന 12 മിനിറ്റിലാണ് നാപ്പോളിയുടെ രണ്ടു ഗോളുകളും പിറന്നത്.

പന്തുമായി ബോക്‌സിലേക്ക് കയറിയ നാപ്പോളി താരം കല്ലേഹോനിനെ റോബര്‍ട്ട്‌സണ്‍ ബോക്‌സില്‍ വീഴ്ത്തിയതിന് റഫറി നാപ്പോളിക്ക് അനുകൂലമായി പെനാല്‍റ്റി വിധിക്കുകയായിരുന്നു. കിക്കെടുത്ത ഡ്രൈസ് മെര്‍ട്ടെന്‍സിന് പിഴച്ചില്ല. 82-ാം മിനിറ്റില്‍ നാപ്പോളി മുന്നില്‍.

തുടര്‍ന്ന് അധിക സമയത്തിന്റെ രണ്ടാം മിനിറ്റില്‍ ഫെര്‍ണാണ്ടോ ലൊറെന്റെ നാപ്പോളിയുടെ രണ്ടാം ഗോളും നേടി. യൂറോപ്യന്‍ താരമായി തിരഞ്ഞെടുക്കപ്പെട്ട ലിവര്‍പൂള്‍ പ്രതിരോധ താരം വിര്‍ജില്‍ വാന്‍ ഡൈക്കിന്റെ പിഴവില്‍ നിന്നായിരുന്നു ഗോള്‍.

ആദ്യ പകുതിയില്‍ ലിവര്‍പൂള്‍ ആക്രമണങ്ങളെ സമര്‍ഥമായി പ്രതിരോധിച്ച നാപ്പോളി രണ്ടാം പകുതിയില്‍ ലഭിച്ച അവസരങ്ങള്‍ മുതലാക്കുകയായിരുന്നു. 

UEFA Champions League napoli beat liverpool valencia beat chelsea

സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ വലന്‍സിയയോട് തോറ്റ് ചെല്‍സി

ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ സ്പാനിഷ് ക്ലബ്ബ് വലന്‍സിയയോട് തോറ്റ് ചെല്‍സി. ഫ്രാങ്ക് ലാംപാര്‍ഡിനു കീഴില്‍ ചാമ്പ്യന്‍സ് ലീഗിലെ ആദ്യ മത്സരത്തിനിറങ്ങിയ ചെല്‍സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് വലന്‍സിയ തോല്‍പ്പിച്ചത്.

സ്വന്തം മൈതാനത്തു നടന്ന മത്സരത്തില്‍ 87-ാം മിനിറ്റിലെ പെനാല്‍റ്റി പാഴാക്കിയതാണ് ചെല്‍സിയുടെ തോല്‍വിയിലേക്കു നയിച്ചത്. ആദ്യ പകുതിയില്‍ ആധിപത്യം പുലര്‍ത്തിയ ചെല്‍സിക്ക് പക്ഷേ വലന്‍സിയ പ്രതിരോധം ഭേദിക്കാനായില്ല. മറുവശത്ത് വലന്‍സിയ പന്ത് ലഭിച്ചപ്പോഴെല്ലാം മികച്ച മുന്നേറ്റങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. 

ഒടുവില്‍ 74-ാം മിനിറ്റില്‍ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിനെ നിശബ്ദമാക്കിയ ഗോള്‍ വന്നു. ഫ്രീകിക്ക് പ്രതിരോധിക്കുന്നതില്‍ ചെല്‍സി താരങ്ങള്‍ വരുത്തിയ പിഴവില്‍ നിന്ന് റോഡ്രിഗോ പന്ത് വലയിലെത്തിച്ചു. മത്സരം കൈവിട്ടെന്ന ഘട്ടത്തിലാണ് കളിയവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ ചെല്‍സിക്ക് അനുകൂലമായി പെനാല്‍റ്റി ലഭിക്കുന്നത്.

വാര്‍ പരിശോധിച്ചാണ് റഫറി തീരുമാനമെടുത്തത്. പക്ഷേ പെനാല്‍റ്റി എടുത്ത റോസ് ബാര്‍ക്ലിയുടെ ഷോട്ട് ബാറില്‍ തട്ടി പുറത്തുപോയതോടെ ചെല്‍സിക്ക് അനിവാര്യമായ തോല്‍വി.

Content Highlights: UEFA Champions League napoli beat liverpool valencia beat chelsea