മാഞ്ചെസ്റ്റര്‍ യുണൈറ്റഡും ചെല്‍സിയും ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍, ബാഴ്‌സയ്ക്ക് സമനില


വിയ്യാറയലിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനായി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും യുവതാരം ജേഡന്‍ സാഞ്ചോയും ലക്ഷ്യം കണ്ടു

ഗോൾനേട്ടം ആഘോഷിക്കുന്ന റൊണാൾഡോയും സാഞ്ചോയും | Photo: twitter.com|ManUtd

വിയ്യാറയല്‍: ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡും ചെല്‍സിയും ചാമ്പ്യന്‍സ് ലീഗിന്റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗ്രൂപ്പ് എഫില്‍ നടന്ന മത്സരത്തില്‍ യുണൈറ്റഡ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വിയ്യാറയലിനെ കീഴടക്കിയപ്പോള്‍ ഗ്രൂപ്പ് എച്ചില്‍ ചെല്‍സി യുവന്റസിനെ തകര്‍ത്തു. എന്നാല്‍ കരുത്തരായ ബാഴ്‌സലോണ സമനിലക്കുരുക്കില്‍പ്പെട്ടു. ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ ചാമ്പ്യന്‍സ് ലീഗിലെ തുടര്‍ച്ചയായ അഞ്ചാം ജയം സ്വന്തമാക്കി.

വിയ്യാറയലിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനായി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും യുവതാരം ജേഡന്‍ സാഞ്ചോയും ലക്ഷ്യം കണ്ടു. പുതിയ പരിശീലകന്‍ മൈക്കിള്‍ കാരിക്കിന്റെ കീഴിലുള്ള ആദ്യ മത്സരത്തില്‍ തന്നെ വിജയം നേടാന്‍ ചുവന്ന ചെകുത്താന്മാര്‍ക്ക് സാധിച്ചു.

ടീമില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടാണ് കാരിക്ക് ആദ്യ ഇലവനെ പ്രഖ്യാപിച്ചത്. ജേഡന്‍ സാഞ്ചോയും ഡോണി വാന്‍ ബീക്കും മാര്‍ഷ്യലും അലക്‌സ് ടെല്ലസുമെല്ലാം ആദ്യ ഇലവനില്‍ ഇടം നേടി. ആദ്യ പകുതിയില്‍ ഗോള്‍ പിറന്നില്ല. രണ്ടാം പകുതിയില്‍ 78-ാം മിനിട്ടിലാണ് യുണൈറ്റഡ് ആദ്യമായി ലക്ഷ്യം കണ്ടത്. ഗോള്‍കീപ്പര്‍ റൂളിയുടെ തലയുടെ മുകളിലൂടെ പന്ത് വലയിലെത്തിച്ച് റൊണാള്‍ഡോ ടീമിന് ലീഡ് സമ്മാനിച്ചു. ചാമ്പ്യന്‍സ് ലീഗിലെ അഞ്ച് മത്സരങ്ങളില്‍ നിന്നായി റൊണാള്‍ഡോ നേടുന്ന ആറാം ഗോളാണിത്. ഇതോടെ താരത്തിന്റെ കരിയറിലെ ഗോളുകളുടെ എണ്ണം 799 ആയി ഉയര്‍ന്നു.

റൊണാള്‍ഡോയ്ക്ക് പിന്നാലെ 90-ാം മിനിട്ടില്‍ ജേഡന്‍ സാഞ്ചോയും ലക്ഷ്യം കണ്ടു. സാഞ്ചോയുടെ അതിശക്തമായ കിക്ക് ഗോള്‍വല തുളച്ചു. യുണൈറ്റഡിനുവേണ്ടി സാഞ്ചോ നേടുന്ന ആദ്യ ഗോളാണിത്. സാഞ്ചോയാണ് കളിയിലെ താരം. യുണൈറ്റഡ് ഗോള്‍കീപ്പര്‍ ഡേവിഡ് ഡി ഹിയയും ഉജ്ജ്വല പ്രകടനമാണ് പുറത്തെടുത്തത്. ഇതോടെ അഞ്ച് കളികളില്‍ നിന്ന് 10 പോയന്റുമായി യുണൈറ്റഡ് പ്രീ ക്വാര്‍ട്ടറിലെത്തി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ അത്‌ലാന്റയെ യങ് ബോയ്‌സ് സമനിലയില്‍ തളച്ചു. ഇരുടീമുകളും മൂന്ന് ഗോളുകള്‍ വീതം നേടി.

ഗ്രൂപ്പ് എച്ചില്‍ നടന്ന മത്സരത്തില്‍ ചെല്‍സി എതിരില്ലാത്ത നാലുഗോളുകള്‍ക്ക് യുവന്റസിനെ തകര്‍ത്തു. ഇതോടെ ആദ്യപാദ മത്സരത്തിലേറ്റ തോല്‍വിയ്ക്ക് പകരം വീട്ടാനും നീലപ്പടയ്ക്ക് സാധിച്ചു. ചെല്‍സിയ്ക്ക് വേണ്ടി ട്രെവോ ഷാലോബ, റീസ് ജെയിംസ്, ക്യാലം ഹഡ്‌സണ്‍ ഒഡോയ്, തിമോ വെര്‍ണര്‍ എന്നിവര്‍ ലക്ഷ്യം കണ്ടു. ഈ വിജയത്തോടെ ചെല്‍സി പ്രീ ക്വാര്‍ട്ടറില്‍ കടന്നു. യുവന്റസ് നേരത്തേ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിട്ടുണ്ട്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സെനിതും മാല്‍മോയും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു.

ഗ്രൂപ്പ് ഇ യില്‍ പുതിയ പരിശീലകന്‍ സാവിയുടെ കീഴില്‍ ആദ്യ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിറങ്ങിയ ബാഴ്‌സലോണയെ ബെന്‍ഫിക്കയാണ് സമനിലയില്‍ കുരുക്കിയത്. ഇരുടീമുകള്‍ക്കും ലക്ഷ്യം കാണാനായില്ല. മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയിട്ടും ബാഴ്‌സയ്ക്ക് വിജയം നേടാന്‍ സാധിച്ചില്ല. ആദ്യപാദ മത്സരത്തില്‍ ബാഴ്‌സയെ ബെന്‍ഫിക്ക തകര്‍ത്തിരുന്നു. ഈ സമനിലയോടെ ബാഴ്‌സയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം തുലാസിലായി. അഞ്ച് മത്സരങ്ങളില്‍ നിന്ന് ഏഴ് പോയന്റാണ് ടീമിനുള്ളത്.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്ക് ഡൈനാമോ കീവിനെ കീഴടക്കി. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ബയേണിന്റെ വിജയം. ജര്‍മന്‍ ടീമിനായി സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയും കിങ്സ്ലി കോമാനും ലക്ഷ്യം കണ്ടപ്പോള്‍ ഡെനിസ് ഹര്‍മാഷ് കീവിന്റെ ആശ്വാസ ഗോള്‍ നേടി. ബയേണിന്റെ ചാമ്പ്യന്‍സ് ലീഗിലെ തുടര്‍ച്ചയായ അഞ്ചാം വിജയമാണിത്. ടീം നേരത്തേ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിട്ടുണ്ട്.

മറ്റ് മത്സരങ്ങളില്‍ സെവിയ്യ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വോള്‍വ്‌സ്‌ബെര്‍ഗിനെ തോല്‍പ്പിച്ചപ്പോള്‍ ലില്ലെ ആര്‍.ബി സാല്‍സ്‌ബെര്‍ഗിനെ മടക്കമില്ലാത്ത ഒരു ഗോളിന് കീഴടക്കി.

Content Highlights: Manchester United and Chelsea in to Champions League pre quarters


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022

Most Commented