മഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിനിനെതിരേ മാഞ്ചെസ്റ്റര്‍ സിറ്റിക്ക് ജയം. റയലിന്റെ സ്വന്തം മൈതാനമായ സാന്തിയാഗോ ബര്‍ണബ്യൂവില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു സിറ്റിയുടെ ജയം. റയലിന്റെ തട്ടകത്തില്‍ രണ്ടു ഗോളുകള്‍ നേടാനായത് എത്തിഹാദ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ സിറ്റിക്ക് മുന്‍തൂക്കം നല്‍കും.

ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്ന മത്സരത്തില്‍ ഒരു ഗോളിന് മുന്നില്‍ നിന്ന ശേഷമാണ് റയല്‍ തോല്‍വി വഴങ്ങിയത്. ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം ഇസ്‌കോയിലൂടെ 60-ാം റയലാണ് ലീഡെടുത്തത്. സിറ്റിയുടെ പ്രതിരോധ വീഴ്ച മുതലെടുത്ത് റയല്‍ നടത്തിയ മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. 

ഗോള്‍ വീണതോടെ സിറ്റി ഉണര്‍ന്നു കളിച്ചു. പകരക്കാരനായി റഹീം സ്റ്റെര്‍ലിങ്ങും എത്തിയതോടെ സിറ്റിയുടെ കളിമാറി. 78-ാം മിനിറ്റില്‍ ഗബ്രിയേല്‍ ജെസ്യൂസിലൂടെ സിറ്റി ഒപ്പമെത്തി. സിറ്റിയുടെ പ്രസ്സിങ് ഗെയിമിനിടെ ഇടതുവിങ്ങില്‍നിന്ന് റയല്‍ ബോക്‌സിലേക്ക് കയറിയ സ്റ്റെര്‍ലിങ്ങിനെ ഡാനി കാര്‍വഹാല്‍ വീഴ്ത്തിയതോടെ റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത കെവിന്‍ ഡിബ്രൂയ്‌ന് പിഴച്ചില്ല, 83-ാം മിനിറ്റില്‍ സിറ്റി മുന്നില്‍. പിന്നാലെ 86-ാം മിനിറ്റില്‍ ജെസ്യൂസിന്റെ മുന്നേറ്റം തടഞ്ഞ സെര്‍ജിയോ റാമോസിന് ചുവപ്പുകാര്‍ഡും ലഭിച്ചു. ഇതോടെ അടുത്ത മാസം 17-ന് സിറ്റിയുടെ മൈതാനത്ത് നടക്കുന്ന രണ്ടാം പാദത്തില്‍ റാമോസിന്റെ സേവനം റയലിന് നഷ്ടമാകും.

UEFA Champions League Manchester City beat Real Madrid Juventus lost to Lyon

റോണോയുടെ യുവെന്റസിനെ ഞെട്ടിച്ച് ലിയോണ്‍

ലിയോണ്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യുവെന്റസിനെ തോല്‍പ്പിച്ച് ഫ്രഞ്ച് ക്ലബ്ബ് ലിയോണ്‍. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഫ്രഞ്ച് ക്ലബ്ബിന്റെ ജയം. യുവെന്റസിനെതിരെ ലിയോണിന്റെ ആദ്യ ജയമാണിത്.

മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും ലിയോണിന്റെ പ്രതിരോധത്തെ മറികടക്കാന്‍ സാധിക്കാതിരുന്നതാണ് യുവെയ്ക്ക് തിരിച്ചടിയായത്. ഇതിനിടെ 31-ാം മിനിറ്റില്‍ ലൂക്കാസ് ടൗസര്‍ട്ട് നേടിയ ഗോളില്‍ ലിയോണ്‍ ജയമുറപ്പിക്കുകയും ചെയ്തു. ഗോള്‍ നേടിയ ശേഷം ലിയോണ്‍ കൂടുതല്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞു. ചാമ്പ്യന്‍സ് ലീഗില്‍ ഈ സീസണില്‍ യുവെന്റസിന്റെ ആദ്യ തോല്‍വിയാണിത്.

Content Highlights: UEFA Champions League Manchester City beat Real Madrid Juventus lost to Lyon