ബാഴ്‌സലോണ: ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ ആദ്യ പാദത്തില്‍ സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയെ തകര്‍ത്ത് ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി.

ബാഴ്‌സയുടെ സ്വന്തം മൈതാനമായ ക്യാമ്പ് നൗവില്‍ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു പി.എസ്.ജിയുടെ ജയം. ഹാട്രിക്ക് നേടിയ യുവതാരം കിലിയന്‍ എംബാപ്പെയാണ് ബാഴ്‌സയെ തകര്‍ത്തത്. 

മെസ്സിയിലൂടെ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമായിരുന്നു ബാഴ്‌സയുടെ തോല്‍വി. 27-ാം മിനിറ്റില്‍ ഡിയോങ്ങിനെ പി.എസ്.ജി ഡിഫന്‍ഡര്‍ ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച മെസ്സി ബാഴ്‌സയ്ക്ക് ലീഡ് സമ്മാനിച്ചു.

എന്നാല്‍ 32-ാം മിനിറ്റില്‍ എംബാപ്പെ പി.എസ്.ജിയെ ഒപ്പമെത്തിച്ചു. 65-ാം മിനിറ്റില്‍ എംബാപ്പെ പി.എസ്.ജിയെ മുന്നിലെത്തിച്ചതോടെ ബാഴ്‌സ വിയര്‍ത്തു. 70-ാം മിനിറ്റില്‍ മോയിസ് കീനും ലക്ഷ്യം കണ്ടതോടെ സ്പാനിഷ് ക്ലബ്ബിന്റെ പോരാട്ട വീര്യം ചോര്‍ന്നു. പിന്നാലെ 85-ാം മിനിറ്റില്‍ എംബാപ്പെ ഹാട്രിക്കോടെ പി.എസ്.ജിയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.

ഇനി മാര്‍ച്ച് 10-ന് പാരിസില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ അദ്ഭുതങ്ങള്‍ കാണിച്ചാലേ ബാഴ്‌സയ്ക്ക് മുന്നേറ്റം സാധ്യമാകൂ.

Content Highlights: UEFA Champions League Kylian Mbappe hattrick helps PSG Crush Barcelona