മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും ജയം.

ഹോം ഗ്രൗണ്ടില്‍ അത്‌ലറ്റിക്കോ ഇറ്റാലിയന്‍ ക്ലബ് യുവന്റസിനെയും (2-0) എവെ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഷല്‍ക്കെയെയും (3-2) പരാജയപ്പെടുത്തി.

സംഘര്‍ഷഭരിതമായ മത്സരത്തിന്റെ അവസാന പതിമൂന്ന് മിനിറ്റില്‍ സെന്റര്‍ ബാക്കുകളായ ഹൊസെ മരിയ ജിമിനെസും (78') ഡീഗോ ഗോഡിനും (83') നേടിയ ഗോളുകള്‍ക്കായിരുന്നു അത്​ലറ്റിക്കോയുടെ ജയം. സെറ്റ് പീസുകളില്‍ നിന്നായിരുന്നു ഗോളുകള്‍ രണ്ടും. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കാലില്‍ നിന്ന് ഡിഫ്ലക്റ്റ് ചെയ്ത പന്താണ് ഒരു ഹാഫ് വോളിയിലൂടെ ഗോഡിന്‍ വലയിലാക്കിയത്.

ഒരു പെനാല്‍റ്റിയും വാര്‍ വഴി അല്‍വരോ മൊറാട്ടയുടെ ഒരു ഗോളും നിഷേധിക്കപ്പെട്ടില്ലായിരുന്നെങ്കില്‍ വലിയ വിജയമാകുമായിരുന്നു അത്‌ലറ്റിക്കോയ്ക്ക്. ഒന്നാം പകുതിയില്‍ കോസ്റ്റയെ മാറ്റിയ ഡി ഷിഗ്ലിയോ വീഴ്ത്തിയപ്പോള്‍ അത്‌ലറ്റിക്കോ പെനാല്‍റ്റിക്കു വേണ്ടി വാദിച്ചിരുന്നു. എന്നാല്‍, ഫൗള്‍ പുറത്തുനിന്നായിരുന്നെന്ന് വാറിന്റെ അടിസ്ഥാനത്തില്‍ റഫറി വിധിക്കുകയാണുണ്ടായത്.

city

പ്രതീക്ഷിച്ച ഫോമിലായിരുന്നില്ലെങ്കിലും കളിയില്‍ മേല്‍ക്കൈ അത്‌ലറ്റിക്കോയ്ക്ക് തന്നെയായിരുന്നു. എന്നാല്‍,  ഒന്നാം പകുതിയില്‍ കാര്യമായ അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഇരു ടീമുകളും പരാജയപ്പെട്ടു. ആറാം ചാമ്പ്യന്‍സ് ലീഗ് കിരീടം ലക്ഷ്യമിടുന്ന യുവന്റസിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കാണ് ഒരു അവസരം ലഭിച്ചത്. എന്നാല്‍, 35 വാര അകലെ നിന്നെടുത്ത കിക്ക് അത്‌ലറ്റിക്കോ ഗോളി യാന്‍ ഒബ്‌ലക്കിന് അത് കൈപ്പിടിയിലൊതുക്കാന്‍ കാര്യമായി  ബുദ്ധിമുട്ടേണ്ടിവന്നില്ല. പ്രതിരോധനിരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഡീഗോ ഗോഡിനാണ് മാന്‍ ഓഫ് ദി മാച്ച്.

സ്വന്തം തട്ടകമായ ജർമനിയിലെ ഗെൽസൺകേച്ചനിൽ രണ്ട് പെനാല്‍റ്റി സമ്മാനിക്കപ്പെട്ടിട്ടും പത്തംഗ സിറ്റിയുടെ സ്‌കോറിങ് മികവിനെ മറികടക്കാന്‍ ഷല്‍ക്കെയ്ക്കായില്ല.

പതിനെട്ടാം മിനിറ്റില്‍ സെര്‍ജിയോ അഗ്യുറോയുടെ ഗോളില്‍ സിറ്റിയാണ് ആദ്യം ലീഡ് നേടിയത്. 38-ാം മിനിറ്റില്‍ ബെന്റ്‌ലാബ് എടുത്ത ആദ്യ പെനാല്‍റ്റിയിലൂടെ ഷല്‍ക്കെ തിരിച്ചടിച്ചു. ഒട്ടാമെന്‍ഡി പന്ത് കൈ കൊണ്ട് തൊട്ടതിന് 45-ാം മിനിറ്റില്‍ ബെന്റലെബ് തന്നെ മറ്റൊരു പെനാല്‍റ്റിയിലൂടെ വീണ്ടും ഷല്‍ക്കെയെ മുന്നിലെത്തിച്ചു.

എന്നാല്‍, എണ്‍പത്തിയഞ്ചാം മിനിറ്റില്‍  ലെറോയ് സാനെ സിറ്റിയെ ഒപ്പമെത്തിച്ചു. തൊണ്ണൂറാം മിനിറ്റില്‍ റഹീം സ്‌റ്റെര്‍ലിങ് ജയമുറപ്പിച്ച ഗോള്‍ നേടുകയും ചെയ്തു. എഡേഴ്‌സന്റെ ഒരു ലോംഗ് കിക്ക് പിടിച്ചെടുത്താണ് വല കുലുക്കിയത്. അറുപത്തിയെട്ടാം മിനിറ്റില്‍ നിക്കോളസ് ഓട്ടമെന്‍ഡി രണ്ടാം മഞ്ഞ കണ്ട് പുറത്തായതോടെ പിന്നീട് പത്ത് പേരെയും വച്ചാണ് സിറ്റി കളിച്ചത്.

മാര്‍ച്ച് പന്ത്രണ്ടിനാണ് സിറ്റിയുടെ രണ്ടാംപാദ മത്സരം.

Content Highlights: Uefa Champions League Football PreQuarter Athletico Madrid Manchester City Shalke Juventus