ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ഒന്നാം പാദത്തില്‍ ബയറൺ മ്യൂണിക്കിനെ ലിവര്‍പൂള്‍ ഗോള്‍രഹിത സമനിലയില്‍ തളച്ചു. ഇത് തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് ലിവര്‍പൂളും ബയറണും സമനില കൊണ്ട് തൃപ്തരാകുന്നത്.

ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ ലിവര്‍പൂളിനായിരുന്നു മേല്‍ക്കൈ. എന്നാല്‍, ബയറണിന്റെ കരുത്തുറ്റ പ്രതിരോധത്തെ ഭേദിച്ച് ലക്ഷ്യം നേടാന്‍ അവര്‍ക്കായില്ല.

ഒന്നാം പകുതിയില്‍ തന്നെ മുഹമ്മദ് സലയും സാഡിയോ മാനെയും ജോയല്‍ മാറ്റിപ്പും ഏതാനും അവസരങ്ങള്‍ നഷ്ടപ്പെടുത്തി. മാറ്റിപ്പിന്റെ ഒരു ക്ലിയറന്‍സ് സെല്‍ഫ് ഗോളാവാതെ നേരിയ വ്യത്യാസത്തിലാണ് ലിവര്‍പൂള്‍ രക്ഷപ്പെട്ടത്.

രണ്ടാം പകുതിയില്‍ പൂര്‍ണമായി പ്രതിരോധത്തില്‍ ഊന്നിക്കളിച്ച ബയറന്‍ എണ്‍പത്തിയഞ്ചാം മിനിറ്റില്‍ മാനെയുടെ ഹെഡ്ഡറില്‍ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

ഇതോടെ സ്വന്തം തട്ടകത്തില്‍ ജര്‍മന്‍ ക്ലബുകളോട് തോറ്റിട്ടില്ല എന്ന റെക്കോഡ് ലിവര്‍പൂളിന്റെ കൈയില്‍ ഭദ്രമാണ്.

ബയറണിന്റെ ഹോം ഗ്രൗണ്ടായ അലയന്‍സ് അരീനയില്‍ മാര്‍ച്ച് 13നാണ് രണ്ടാംപാദ മത്സരം. ഒന്നാം പകുതിയില്‍ കാര്‍ഡ് ലഭിച്ച ഡിഫന്‍ഡര്‍ ജോഷ്വ കിമ്മിച്ചിന് രണ്ടാംപാദത്തില്‍ കളിക്കാനാവില്ല.

Content Highlights: Uefa Champions League First Leg Liverpool Bayern Munich Goalless Draw