തിനോടകം തന്നെ നൂറ്റാണ്ടിന്റെ ഫൈനൽ എന്ന വിശേഷണം ലഭിച്ച മത്സരമാണ് യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇത്തവണ ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെയ്ന്റ് ഷാർമാങ്ങും ജർമൻ ക്ലബ്ബ് ബയേൺ മ്യൂണിക്കും തമ്മിൽ നടക്കാനിരിക്കുന്നത്. ഇരു ടീമിലെയും പ്രതിഭാധാരാളിത്തം തന്നെയാണ് അതിന് പ്രധാന കാരണം. മാത്രമല്ല, ആക്രമണമാണ് ഏറ്റവും മികച്ച പ്രതിരോധമെന്ന് ഉറച്ച് വിശ്വസിക്കുകയും അത് കളത്തിൽ നടപ്പിലാക്കുകയും ചെയ്യുന്നവരാണ് ഇരു ടീമുകളും.

1. ചാമ്പ്യനാകാൻ ശ്രമിക്കുന്ന രണ്ട് ചാമ്പ്യൻമാർ

ബയേണും പി.എസ്.ജിയും ജർമനിയിലെയും ഫ്രാൻസിലെയും അതത് ലീഗുകളിൽ ചാമ്പ്യന്മാരാണ്. 1998-99 സീസണിന് ശേഷം ആദ്യമായാണ് ചാമ്പ്യൻസ് ഫൈനലിൽ രണ്ട് ചാമ്പ്യൻമാർ ഏറ്റുമുട്ടുന്നത്. 1998-99ൽ ബയേൺ മാഞ്ചെസ്റ്റർ യുണൈറ്റഡിനോട് തോറ്റു. മരിയോ ബാസ്ലറുടെ ഗോളിലൂടെ ബയേൺ ആധിപത്യം നേടിയെങ്കിലും ഇൻജുറി ടൈമിൽ അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയ യുണൈറ്റഡ് ടെഡി ഷെറിംങ്ഹാമിന്റെയും ഒലെ ഗണ്ണർ സോൾഷ്യറുടെയും ഗോളുകളിലൂടെ നൗ ക്യാമ്പിൽ നിന്ന് കപ്പുമായി മടങ്ങി.

2. ജർമൻ പരിശീലകരുടെ പോരാട്ടം

ഫൈനലിൽ ഹാൻസ് ഡയറ്റർ ഫ്ളിക്കും തോമസ് ടുച്ചലും അവരുടെ തന്ത്രങ്ങൾ പരീക്ഷിക്കും. 2012-13 സീസണിന് ശേഷം ആദ്യമായാണ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ രണ്ട് ജർമൻ പരിശീലകർ മുഖാമുഖം വരുന്നത്. അന്ന് ജുപ് ഹെൻകസിന്റെ ബയേണും യർഗൻ ക്ലോപ്പിന്റെ ബോറുസിയ ഡോർട്മുൺഡും തമ്മിലായിരുന്നു മത്സരം. ഡോർട്മുൺഡിനായി ഇക്കയ് ഗുണ്ടോസൻ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചപ്പോൾ മാരിയോ മൻസുകിച്, ആര്യൻ റോബൻ എന്നിവരുടെ ഗോളുകളിലൂടെയാണ് ബയേൺ മത്സരം (2-1) സ്വന്തമാക്കിയത്.

3. ട്രെബിൾ അല്ലെങ്കിൽ ട്രബിൾ

2012-13 ൽ ബയേൺ ട്രെബിൾ നേട്ടം സ്വന്തമാക്കിയിരുന്നു. പി.എസ്.ജിയെ തോൽപ്പിച്ച് ഇത്തവണ ഈ നേട്ടം ആവർത്തിക്കാനാകും ഫ്ളിക്കിന്റെ ശ്രമം. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഒരേ ടീമിന്റെ കളിക്കാരനായും കോച്ചായും പ്രത്യക്ഷപ്പെടുന്ന ആറാമത്തെ വ്യക്തിയാണ് ഫ്ളിക്ക്. 1987-ലെ ഫൈനലിൽ ബയേൺ പോർട്ടോയോട് ഒന്നിനെതിരേ രണ്ടു ഗോളിന് തോറ്റ മത്സരത്തിൽ മിഡ്ഫീൽഡിൽ ഫ്ളിക്കിന്റെ സാന്നിധ്യമുണ്ടായിരുന്നു. എന്നാൽ പി.എസ്.ജിയോട് തോറ്റാൽ ഒരേ ക്ലബ്ബിന്റെ കളിക്കാരനായും കോച്ചായും ചാമ്പ്യൻസ് ലീഗ് ഫൈനൽ തോൽക്കുന്ന ആദ്യ വ്യക്തിയാകും ഫ്ളിക്ക്.

4. പി.എസ്.ജിയുടെ കന്നിയങ്കം

പി.എസ്.ജിയുടെ ചരിത്രത്തിലെ ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനലാണിത്. 25 വർഷങ്ങൾക്കു ശേഷമാണ് അവർക്ക് ചാമ്പ്യൻസ് ലീഗിന്റെ സെമിയിൽ കടക്കാൻ തന്നെ സാധിച്ചത്. 1994-95 സീസണിലാണ് പി.എസ്.ജി അവസാനമായി ചാമ്പ്യൻസ് ലീഗ് സെമിയിൽ കടന്നത്. അന്ന് എസി മിലാനോട് 3-0ന് തോൽക്കാനായിരുന്നു വിധി.

അതേസമയം, 2012-13 ൽ കിരീടം നേടിയ ശേഷം ബയേണിന് പിന്നീട് അത്ര നല്ല ഓർമകളല്ല ചാമ്പ്യൻസ് ലീഗ് സമ്മാനിച്ചത്. 2013-14 നും 2016-17 നും ഇടയിൽ തുടർച്ചയായ നാല് സെമി ഫൈനലുകളിലാണ് ജർമൻ വമ്പന്മാർ തോറ്റത്.

5. പി.എസ്.ജിയോട് ദയ കാണിക്കാത്ത സമീപകാല ചരിത്രം

ചാമ്പ്യൻസ് ലീഗിന്റെ സമീപകാല ചരിത്രം ആദ്യമായി ഫൈനലിൽ എത്തുന്ന ടീമുകളോട് ദയ കാണിച്ചിട്ടില്ല. അവസാനമായി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കന്നിയങ്കത്തിനിറങ്ങിയ ആറു പേർക്കും തോൽവിയായിരുന്നു ഫലം. ടോട്ടൻഹാം 2019-ൽ ലിവർപൂളിനോടും 2008-ൽ ചെൽസി മാഞ്ചസ്റ്റർ യുണൈറ്റഡിനോടും 2006-ൽ ആഴ്സണൽ ബാഴ്സലോണയോടും മൊണാക്കോ 2004-ൽ പോർട്ടോയോടും, ബയേർ ലെവർകൂസൻ 2002-ൽ റയൽ മാഡ്രിഡിനോടും തോറ്റു, വലൻസിയ 2000-ൽ റയൽ മാഡ്രിഡിനോടും തോറ്റു.

അതേസമയം 1997-ൽ തങ്ങളുടെ ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബൊറൂസ്സിയ ഡോർട്മുൺഡ് യുവെന്റസിനെ 3-1 ന് പരാജയപ്പെടുത്തിയ ചരിത്രവുമുണ്ട്.

6. വലനിറയെ ഗോളുകൾക്ക് സാധ്യത

ഇത്തവണ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പി.എസ്.ജിയും ബയേണും ഏറ്റുമുട്ടുമ്പോൾ ഗോളുകൾ ഉറപ്പാണ്. ഗോളുകൾ സ്കോർ ചെയ്യുന്നത് വിനോദമാക്കിയവരാണ് ഇത്തവണ ബയേൺ. ക്വാർട്ടറിൽ ബാഴ്സലോണയ്ക്കെതിരേ അവരുടെ കൂട്ടായ ആക്രമണം നമ്മൾ കണ്ടതാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ആറ് മത്സരങ്ങളും ബയേൺ വിജയിച്ചു. 25 ഗോൾ നേടിയപ്പോൾ വഴങ്ങിയത് 5 എണ്ണം മാത്രം. പ്രീ-ക്വാർട്ടറിൽ അവർ ചെൽസിയെ ഇരുപാദങ്ങളിലുമായി 7-1 ന് തകർത്തു. 90 മിനിറ്റ് മാത്രം നീണ്ട ക്വാർട്ടർ ഫൈനലിൽ ബാഴ്സലോണയെ 8-2ന് തകർത്ത് വിട്ടത് അവരുടെ കരുത്തിന്റെ തെളിവാണ്. ഈ വർഷത്തെ സർപ്രൈസ് പാക്കേജായ ലിയോണിനെതിരായ സെമിയിൽ കുറച്ച് കഷ്ടപ്പെട്ടെങ്കിലും അവസാനം 3-0 ന്റെ ജയം നേടാൻ ബയേണിനായി.

എന്നാൽ ഫ്രഞ്ചുകാർ അത്തരം തിളക്കമാർന്ന കളി പുറത്തെടുത്തിട്ടില്ല. എങ്കിലും ശ്രദ്ധ വേണ്ട ആക്രമണ നിരയാണ് അവരുടേത്. ഗ്രൂപ്പ് ഘട്ടത്തിലെ ആറ് മത്സരങ്ങളിൽ അഞ്ചെണ്ണത്തിലും അവർ വിജയിച്ചു, എവേ ലെഗിൽ റയൽ മാഡ്രിഡിനെതിരായ ഏക സമനില. പ്രീ-ക്വാർട്ടർ റൗണ്ടിൽ ബൊറൂസ്സിയ ഡോർട്മുൺഡിനെയും സെമി ഫൈനലിൽ അറ്റ്ലാന്റയെയും മറികടക്കാൻ ബുദ്ധിമുട്ടി. എന്നാൽ സെമി ഫൈനലിൽ ആർബി ലെയ്പ്സിഗിനെ 3-0 ന് തോൽപ്പിച്ച് അവർ ക്ലാസ് തെളിയിച്ചു.

Read in English: 6 interesting observations ahead of Champions League final

Content Highlights: UEFA Champions League final PSG eye first ucl triumph against Bayern Munich