Photo:AP
പാരീസ്: 2021-2022 ചാമ്പ്യന്‍സ് ലീഗ് കിരീടം റയല്‍ മഡ്രിഡിന്. ഫൈനലില്‍ കരുത്തരായ ലിവര്‍പൂളിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് റയല്‍ കിരീടത്തില്‍ മുത്തമിട്ടത്. മത്സരത്തിന്റെ 59-ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയറാണ് റയലിനായി വിജയഗോള്‍ നേടിയത്. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയിട്ടും ലിവര്‍പൂളിന് വിജയം നേടാനായില്ല.
റയലിന്റെ 14-ാം ചാമ്പ്യന്‍സ് ലീഗ് കിരീടമാണിത്. ലിവര്‍പൂള്‍ ഒരിക്കല്‍ക്കൂടി റയലിന് മുന്നില്‍ ഫൈനലില്‍ മുട്ടുമടക്കി. 2017-18 ചാമ്പ്യന്‍സ് ലീഗ് ഫൈനലിലും ലിവര്‍പൂള്‍ റയലിനുമുന്നില്‍ പരാജയപ്പെട്ടിരുന്നു. റയല്‍ ഗോള്‍കീപ്പര്‍ ടിബോ കുര്‍ട്വയുടെ മിന്നല്‍ സേവുകളാണ് റയലിന് വിജയം സമ്മാനിച്ചത്. ഗോളെന്നുറച്ച ഒന്‍പതോളം ഷോട്ടുകളാണ് കുര്‍ട്വ രക്ഷപ്പെടുത്തിയെടുത്തത്. ലിവര്‍പൂളിന്റെ പേരുകേട്ട മുന്നേറ്റനിരയെ സമര്‍ത്ഥമായി നേരിടാന്‍ റയല്‍ പ്രതിരോധത്തിന് സാധിച്ചു. 15 ഗോളുകള്‍ നേടിക്കൊണ്ട് റയലിന്റെ കരിം ബെന്‍സേമ ചാമ്പ്യന്‍സ് ലീഗിലെ ടോപ്‌സ്‌കോറര്‍ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി.
നിശ്ചയിച്ച സമയത്തേക്കാള്‍ 35 മിനിറ്റ് വൈകിയാണ് മത്സരം ആരംഭിച്ചത്. സ്റ്റേഡിയത്തിന് പുറത്ത് ആരാധകര്‍ അക്രമാസക്തരായതുമൂലമാണ് മത്സരം 35 മിനിറ്റ് നീട്ടിവെച്ചത്. സ്റ്റേഡിയത്തിലെ പ്രതിരോധവേലികള്‍ മറികടന്ന ആരാധകര്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വട്ടംകറക്കി. ഒടുവില്‍ പുലര്‍ച്ചെ 1.05 ന് മത്സരം ആരംഭിച്ചു. ആദ്യമിനിറ്റ് തൊട്ട് ഇരുടീമുകളും ആക്രമണ ഫുട്‌ബോളാണ് കാഴ്ചവെച്ചത്. പക്ഷേ ആദ്യ 15 മിനിറ്റില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഇരുടീമുകള്‍ക്കും സാധിച്ചില്ല.
എന്നാല്‍ 16-ാം മിനിറ്റില്‍ ലിവര്‍പൂളിന്റെ മുഹമ്മദ് സലയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് റയല്‍ ഗോള്‍കീപ്പര്‍ കുര്‍ട്വ തട്ടിയകറ്റി. 18-ാം മിനിറ്റില്‍ വീണ്ടും സലയ്ക്ക് അവസരം ലഭിച്ചെങ്കിലും ഇത്തവണയും കുര്‍ട്വ അത് വിഫലമാക്കി. 20-ാം മിനിറ്റില്‍ ലിവര്‍പൂള്‍ ഗോളടിച്ചെന്ന് തോന്നിച്ചു. റയല്‍ പ്രതിരോധ താരങ്ങളെ അതിവിദഗ്ധമായി കബിളിപ്പിച്ച സാദിയോ മാനെ പോസ്റ്റിലേക്ക് വെടിയുതിര്‍ത്തെങ്കിലും കുര്‍ട്വ മികച്ച സേവിലൂടെ അത് രക്ഷപ്പെടുത്തി. കുര്‍ട്വയുടെ കൈയ്യില്‍ തട്ടിയ പന്ത് പോസ്റ്റിലിടിച്ച് തെറിച്ചു.
34-ാം മിനിറ്റില്‍ സലയ്ക്ക് വീണ്ടും അവസരം ലഭിച്ചു. എന്നാല്‍ താരത്തിന്റെ ദുര്‍ബലമായ ഹെഡ്ഡര്‍ കുര്‍ട്വ അനായാസം കൈയ്യിലൊതുക്കി. ആദ്യ 35 മിനിറ്റില്‍ ഒരു ഷോട്ട് പോലും പോസ്റ്റിലേക്കുതിര്‍ക്കാന്‍ റയലിന് സാധിച്ചില്ല. 44-ാം മിനിറ്റിലാണ് റയല്‍ ആദ്യമായി പോസ്റ്റിലേക്ക് ഷോട്ടുതിര്‍ത്തത്. സൂപ്പര്‍താരം കരിം ബെന്‍സേമ വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. പിന്നാലെ ആദ്യപകുതി അവസാനിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ലിവര്‍പൂളിന്റെ ലൂയിസ് ഡയസിന് സുവര്‍ണാവസരം ലഭിച്ചു. പക്ഷേ താരത്തിന്റെ ഹെഡ്ഡര്‍ ലക്ഷ്യം തെറ്റി. രണ്ടാം പകുതിയില്‍ റയല്‍ ഉണര്‍ന്നുകളിക്കാന്‍ ആരംഭിച്ചതോടെ മത്സരം ആവേശത്തിലായി. റയലിന്റെ ആക്രമണങ്ങള്‍ക്ക് 59-ാം മിനിറ്റില്‍ ഫലം കൈവന്നു. വിനീഷ്യസ് ജൂനിയറിലൂടെ റയല്‍ ലിവര്‍പൂളിനെതിരേ ലീഡെടുത്തു. വാല്‍വെര്‍ദെയുടെ അസിസ്റ്റില്‍ നിന്നാണ് വിനീഷ്യസ് ഗോളടിച്ചത്. പന്തുമായി മുന്നേറിയ വാല്‍വെര്‍ദെ നല്‍കിയ കൃത്യമായ പാസ് അനായാസം വിനീഷ്യസ് വലയിലെത്തിച്ചു. താരത്തിന്റെ ചാമ്പ്യന്‍സ് ലീഗിലെ നാലാം ഗോളാണിത്.
64-ാം മിനിറ്റില്‍ സല പോസ്റ്റിലേക്ക് ലോങ്‌റേഞ്ചര്‍ ശ്രമിച്ചെങ്കിലും കുര്‍ട്വ അത് തട്ടിയകറ്റി. 68-ാം മിനിറ്റിലും സലയ്ക്ക് സുവര്‍ണാവസരം ലഭിച്ചു. ഇത്തവണയും കുര്‍ട്വ റയലിന്റെ രക്ഷകനായി. ഗോള്‍വഴങ്ങിയ ശേഷം ലിവര്‍പൂള്‍ ആക്രമണം ശക്തിപ്പെടുത്തിയെങ്കിലും റയല്‍ പ്രതിരോധം പാറപോലെ ഉറച്ചുനിന്നു. 80-ാം മിനിറ്റില്‍, പകരക്കാരനായി വന്ന ഡിയാഗോ ജോട്ടയുടെ ഷോട്ട് കുര്‍ട്വ രക്ഷപ്പെടുത്തി. 83-ാം മിനിറ്റില്‍ സലയുടെ ഗോളെന്നുറച്ച തകര്‍പ്പന്‍ ഷോട്ട് അവിശ്വസനീയമാംവിധം കുര്‍ട്വ തട്ടിയകറ്റിയപ്പോള്‍ ലിവര്‍പൂള്‍ ആരാധകര്‍ ഒന്നടങ്കം തലയില്‍ കൈവെച്ചുപോയി. പിന്നാലെ ലിവര്‍പൂള്‍ സര്‍വം മറന്ന് ആക്രമിച്ചെങ്കിലും റയല്‍ പ്രതിരോധം ഉറച്ചുനിന്നു. വൈകാതെ ആന്‍സലോട്ടിയും സംഘവും കിരീടത്തില്‍ മുത്തമിട്ടു.
Content Highlights: uefa Champions League final Liverpool vs Real Madrid
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..