യേണിന്റെ തേരോട്ടത്തിനു മുന്നില്‍ ലിയോണും തകര്‍ന്നതോടെ ഇത്തവണത്തെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്റെ കാര്യത്തില്‍ തീരുമാനമായി. ബുണ്ടസ് ലിഗ ജേതാക്കളായ ജര്‍മന്‍ കരുത്തര്‍ ബയേണ്‍ മ്യൂണിക്കും ഫ്രഞ്ച് ലീഗ് ജേതാക്കളായ പാരിസ് സെന്റ് ജെര്‍മനും (പി.എസ്.ജി) ഓഗസ്റ്റ് 24-ന് ചാമ്പ്യന്‍സ് ലീഗ് കിരീടത്തിനായി ഏറ്റുമുട്ടും.

ഫ്രഞ്ച് ക്ലബ്ബ് ഒളിമ്പിക് ലിയോണിനെ ഏകപക്ഷീയമായ മൂന്നു ഗോളിന് തകര്‍ത്താണ് ബയേണ്‍ കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്തത്. ജര്‍മന്‍ ശക്തികളായ റെഡ്ബുള്‍ ലെയ്പ്സിഗിനെ ഇതേ മാര്‍ജിനില്‍ തകര്‍ത്താണ് പി.എസ്.ജിയും കലാശപ്പോരിന് യോഗ്യത നേടിയത്. 1998-നു ശേഷം ആദ്യമായാണ് ആഭ്യന്തര ലീഗുകളില്‍ ജേതാക്കളായ രണ്ടു ടീമുകള്‍ തമ്മില്‍ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ ഏറ്റുമുട്ടുന്നത്. അന്ന് സീരി എ ജേതാക്കളായ യുവെന്റസും ലാ ലിഗ ജേതാക്കളായ റയല്‍ മാഡ്രിഡും തമ്മിലായിരുന്നു ഫൈനല്‍.

ഏത് ടീമും ഭയത്തോടെ നോക്കുന്ന സംഘമായി ബയേണ്‍ മാറിക്കഴിഞ്ഞിട്ടുണ്ട്. സീസണിന്റെ തുടക്കത്തില്‍ നിക്കോ കൊവാച്ചിന്റെ കീഴില്‍ മുടന്തിയ ബയേണിനെ പുതിയ പരിശീലകന്‍ ഹാന്‍സ് ഫ്‌ളിക്ക് അടിമുടി മാറ്റി. കൊവാച്ചിന്റെ പിന്‍ഗാമിയായെത്തിയ ഫ്‌ളിക്കിന് കീഴില്‍ അവസാനം കളിച്ച 25 മത്സരങ്ങളില്‍ 24-ഉം ടീം ജയിച്ചു. സൂപ്പര്‍ താരം ലയണല്‍ മെസ്സി നയിച്ച ബാഴ്സലോണയെ 8-2 ന് നാണംകെടുത്തിയതോടെ ബയേണ്‍ ഫോമിന്റെ പരകോടിയിലാണ്. ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍തന്നെ എട്ട് ഗോള്‍ ഒരു ടീം നേടുന്നത് ആദ്യമാണ്. കഴിഞ്ഞ ഫെബ്രുവരി 16-നുശേഷം 19 ടീമുകള്‍ ശ്രമിച്ചിട്ടും ബയേണിനെ തോല്‍പ്പിക്കാനായിട്ടില്ല.

ഒമ്പത് കളികളില്‍ തുടര്‍ച്ചയായി സ്‌കോര്‍ ചെയ്യുന്ന റോബര്‍ട്ടോ ലെവന്‍ഡോവ്സ്‌കിയാണ് ബയേണിന്റെ കരുത്ത്. ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗില്‍ 15 ഗോളുകളാണ് ലെവന്‍ഡോവ്സ്‌കി അടിച്ചുകൂട്ടിയിരിക്കുന്നത്. തോമസ് മുള്ളര്‍ മികച്ച ഫോമിലേക്കുയര്‍ന്നതും വിങ്ബാക്കുകളായ ജോഷ്വ കിമ്മിച്ച്, അല്‍ഫോണ്‍സോ ഡേവിസ് എന്നിവരുടെ മികച്ച കളിയും ബയേണിന് അനുകൂലഘടകങ്ങളാണ്. സെമിയില്‍ ഇരട്ട ഗോളുകളുമായി തിളങ്ങിയ സെര്‍ജ് നാബ്രിയും മികച്ച ഫോമിലാണ്.

കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ ബയേണിന്റെ ആദ്യ ചാമ്പ്യന്‍സ് ലീഗ് ഫൈനലാണിത്. ഇത് 11-ാം തവണയാണ് ബയേണ്‍ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ കടക്കുന്നത്.

മറുവശത്ത് ചരിത്രത്തില്‍ ആദ്യമായാണ് പി.എസ്.ജി. ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തുന്നത്. പ്രീ ക്വാര്‍ട്ടറില്‍ ബൊറൂസിയ ഡോര്‍ട്മുണ്‍ഡിനെയും ക്വാര്‍ട്ടറില്‍ അറ്റ്ലാന്റയെയും മറികടന്നാണ് പി.എസ്.ജി. സെമിയിലെത്തിയത്. പത്തുവര്‍ഷത്തിനിടെ ഏഴുതവണ ഫ്രഞ്ച് ലീഗ് ചാമ്പ്യന്‍മാരായ ടീമിന് ഒരിക്കലും ചാമ്പ്യന്‍സ് ലീഗ് വിജയിക്കാനായിട്ടില്ല. 25 വര്‍ഷം മുമ്പായിരുന്നു യൂറോപ്യന്‍ ടൂര്‍ണമെന്റില്‍ അവസാന സെമി. കഴിഞ്ഞ മൂന്നുവട്ടവും പ്രീ ക്വാര്‍ട്ടറില്‍ മടങ്ങി. യൂറോപ്യന്‍കപ്പ്/ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ കളിക്കുന്ന അഞ്ചാമത്തെ ഫ്രഞ്ച് ടീമാണ് പി.എസ്.ജി. നെയ്മര്‍, എംബാപ്പെ, ഏയ്ഞ്ചല്‍ ഡി മരിയ എന്നിവരുടെ മികച്ച ഫോമാണ് ഫ്രഞ്ച് ടീമിന്റെ കരുത്ത്.

Content Highlights: UEFA Champions League Final Bayern Munich vs PSG