ജെനീവ: 2020-21 സീസണ്‍ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് നറുക്കെടുപ്പ് പൂര്‍ത്തിയായി. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ആദ്യമായി ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഗ്രൂപ്പ് ഘട്ടത്തില്‍ മുഖാമുഖം വരുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. മെസ്സിയുടെ ബാഴ്‌സലോണയും റൊണാള്‍ഡോയുടെ യുവെന്റസും ഗ്രൂപ്പ് ജിയില്‍ ഉള്‍പ്പെട്ടതോടെയാണ് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ സൂപ്പര്‍ താരങ്ങളുടെ നേര്‍ക്കുനേര്‍ പോരാട്ടം കാണാന്‍ ആരാധകര്‍ക്ക് അവസരം ഒരുങ്ങുന്നത്.

നിലവിലെ ജേതാക്കളായ ബയേണ്‍ മ്യൂണിക്കും അത്‌ലറ്റിക്കോ മാഡ്രിഡും എ ഗ്രൂപ്പിലാണ്. ആര്‍.ബി സാല്‍സ്ബര്‍ഗും ലോക്കോമോട്ടീവ് മോസ്‌കോയുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

ഗ്രൂപ്പ് ബിയില്‍ റയല്‍ മാഡ്രിഡിന് ഷക്തര്‍ ഡോണെട്‌സ്‌ക്, ഇന്റര്‍ മിലാന്‍, മോന്‍ഷെന്‍ഗ്ലാഡ്ബാഷ് എന്നിവരാണ് എതിരാളികള്‍. ഗ്രൂപ്പ് എച്ചില്‍ പി.എസ്.ജിയും മാഞ്ചെസ്റ്റര്‍ യുണൈറ്റഡും ഏറ്റുമുട്ടും.

ജെനീവയില്‍ നടന്ന ഗ്രൂപ്പ് നറുക്കെടുപ്പില്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ടീമുകള്‍ ഓണ്‍ലൈന്‍ വഴിയാണ് പങ്കെടുത്തത്. ഒക്ടോബര്‍ 20-ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്ക് തുടക്കമാകും. അടുത്ത വര്‍ഷം മെയ് 29-ന് ഇസ്താംബൂളിലാണ് ഫൈനല്‍.

ഗ്രൂപ്പ് എ - ബയേണ്‍ മ്യൂണിക്ക്, അത്ലറ്റിക്കോ മഡ്രിഡ്, ആര്‍.ബി സാല്‍സ്ബര്‍ഗ്, ലോക്കോമോട്ടീവ് മോസ്‌കോ

ഗ്രൂപ്പ് ബി - റയല്‍ മഡ്രിഡ്, ഷക്തര്‍ ഡോണെട്‌സ്‌ക്, ഇന്റര്‍ മിലാന്‍, ബൊറൂസിയ മൊന്‍ചെന്‍ഗ്ലാഡ്ബാക്ക്

ഗ്രൂപ്പ് സി - എഫ്.സി പോര്‍ട്ടോ, മാഞ്ചെസ്റ്റര്‍ സിറ്റി, ഒളിമ്പിയാക്കോസ്, മാഴ്‌സെ

ഗ്രൂപ്പ് ഡി - ലിവര്‍പൂള്‍, അയാക്‌സ്, അറ്റ്‌ലാന്റ, മിഡ്ജിലന്‍ഡ്

ഗ്രൂപ്പ് ഇ - സെവിയ്യ, ചെല്‍സി, ക്രാസ്‌നൊദാര്‍, റെനെ

ഗ്രൂപ്പ് എഫ് - സെനിത് സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്, ബൊറൂസിയ ഡോര്‍ട്മുണ്‍ഡ്, ലാസിയോ, ക്ലബ് ബ്രൂഗ്

ഗ്രൂപ്പ് ജി - യുവെന്റസ്, ബാഴ്‌സലോണ, ഡൈനാമോ കീവ്, ഫെറെന്‍ക്‌വാറോസ്

ഗ്രൂപ്പ് എച്ച് - പാരീസ് സെയിന്റ് ഷാര്‍മാങ്, മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, ആര്‍.ബി ലെയ്പ്‌സിഗ്, ഇസ്താംബുള്‍ ബാകെഹിര്‍

Content Highlights: UEFA Champions League draw Barcelona to face Juventus in group stages