മ്യൂണിക്ക്: ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക്, ലിവര്‍പൂള്‍, മാഞ്ചെസ്റ്റര്‍ സിറ്റി ടീമുകള്‍ക്ക് ജയം.

ഗ്രൂപ്പ് എയില്‍ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ നിലവിലെ ജേതാക്കളായ ബയേണ്‍ മ്യൂണിക്ക് എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റികോ മാഡ്രിഡിനെ തകര്‍ത്തു. 

കിങ്സ്ലി കോമാന്‍ ഇരട്ട ഗോളുകളുമായി തിളങ്ങി. ലിയോണ്‍ ഗൊരെട്‌സ്‌ക, കോറന്റിന്‍ ടോളിസ്സോ എന്നിവരാണ് ബയേണിനായി ശേഷിച്ച ഗോളുകള്‍ നേടിയത്.

മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ ആധിപത്യം പുലര്‍ത്തിയ ബയേണ്‍ 28-ാം മിനിറ്റില്‍ കോമാനിലൂടെ ലീഡെടുത്തു. 41-ാം മിനിറ്റില്‍ ഗൊരെട്‌സ്‌ക ബയേണിന്റെ ലീഡുയര്‍ത്തി. 66-ാം മിനിറ്റില്‍ ടോളിസ്സോ സ്‌കോര്‍ ചെയ്തു. 72-ാം മിനിറ്റില്‍ കോമാന്‍ ബയേണിന്റെ ഗോള്‍ പട്ടിക തികച്ചു.

ഗ്രൂപ്പ് ഡിയിലെ പോരാട്ടത്തില്‍ അയാക്‌സ് ആംസ്റ്റര്‍ഡാമിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ലിവര്‍പൂള്‍ തോല്‍പ്പിച്ചത്. അയാക്‌സ് താരം നിക്കോളാസ് ടാഗ്ലിയാഫികോയുടെ സെല്‍ഫ് ഗോളിലായിരുന്നു ചെമ്പടയുടെ ജയം.

പരിക്കേറ്റ വിര്‍ജില്‍ വാന്‍ ഡൈക്, അലിസണ്‍, മാറ്റിപ്, തിയാഗോ എന്നിവരില്ലാതെയാണ് ലിവര്‍പൂള്‍ ഇറങ്ങിയത്. 35-ാം മിനിറ്റില്‍ സാദിയോ മാനെയുടെ ഷോട്ട് ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തിലാണ് ടാഗ്ലിയാഫികോയുടെ സെല്‍ഫ് ഗോളിന്റെ പിറവി.

ഗ്രൂപ്പ് സിയിലെ മത്സരത്തില്‍ എഫ്.സി പോര്‍ട്ടോയെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് മാഞ്ചെസ്റ്റര്‍ സിറ്റി തോല്‍പ്പിച്ചത്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് സിറ്റി ജയിച്ചുകയറിയത്. 

14-ാം മിനിറ്റില്‍ ലൂയിസ് ഡയസിന്റെ ഗോളില്‍ പോര്‍ട്ടോ ലീഡെടുത്തു. എന്നാല്‍ സ്‌റ്റെര്‍ലിങ്ങിനെ പെപ്പെ ബോക്‌സില്‍ വീഴ്ത്തിയതിന് 20-ാം മിനിറ്റില്‍ സിറ്റിക്ക് അനുകൂലമായ പെനാല്‍റ്റിയെത്തി. പന്ത് വലയിലെത്തിച്ച സെര്‍ജിയോ അഗ്യൂറോ സിറ്റിയെ ഒപ്പമെത്തിച്ചു. 65-ാം മിനിറ്റില്‍ ഫ്രീകിക്ക് ഗോളിലൂടെ ഗുണ്ടോഗന്‍ സിറ്റിക്ക് ലീഡ് സമ്മാനിച്ചു. 73-ാം മിനിറ്റില്‍ ഫെറാന്‍ ടോറസിലൂടെ സിറ്റി മത്സരം സ്വന്തമാക്കി.

മറ്റു മത്സരങ്ങളില്‍ അറ്റ്‌ലാന്‍ഡ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ഡെന്‍മാര്‍ക്ക് ക്ലബ്ബ് മിഡ്ജിലന്‍ഡിനെ തോല്‍പ്പിച്ചു. ഇന്റര്‍ മിലാന്‍ - മൊന്‍ചെന്‍ഗ്ലാഡ്ബാക്ക് മത്സരം സമനിലയിലായി. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.

Content Highlights: UEFA Champions League Bayern Munich Manchester City and Liverpool wins