-
ലിസ്ബൺ: ലോക ഫുട്ബോളിലെ പേരുകേട്ട പരിശീലകരെല്ലാം ഒരുകാലത്ത് തങ്ങളുടെ ടീം ബാഴ്സലോണയെ പോലെ കളിച്ചിരുന്നെങ്കിൽ എന്ന് സ്വപ്നം കണ്ട കാലമുണ്ടായിരുന്നു. ആ ബാഴ്സയുടെ ഓരോ ജീവശ്വാസത്തിലും ആരെയും ഭയക്കാത്ത ഫുട്ബോളിന്റെ രസതന്ത്രമുണ്ടായിരുന്നു. ആ ബാഴ്സയുടെ നെഞ്ചിലേക്കാണ് ജർമൻ ക്ലബ്ബ് ബയേൺ മ്യൂണിക്ക് നിറയൊഴിച്ചത്. ഒന്നല്ല, എട്ടു തവണ. ഒരു കാലത്ത് ടിക്കി ടാക്കയും സുന്ദര ഫുട്ബോളുമായി കളംനിറഞ്ഞ ബാഴ്സ ലിസ്ബണിൽ നടന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ നാണംകെട്ടു മടങ്ങി, രണ്ടിനെതിരേ എട്ടു ഗോളുകളുടെ തോൽവി ഭാരവും പേറി.
മത്സരം തുടങ്ങിയപ്പോൾ തന്നെ ബയേൺ നയം വ്യക്തമാക്കിയിരുന്നു. കൂട്ടത്തോടെ ബാഴ്സ ബോക്സിലേക്ക് ആക്രമണം അഴിച്ചുവിട്ട അവർ നാലാം മിനിറ്റിൽ തന്നെ മുന്നിലെത്തി. റോബർട്ട് ലെവൻഡോസ്കിയുടെ പാസിൽ നിന്ന് തോമസ് മുള്ളറുടെ ഇടംകാലനടി ബാഴ്സ വലയിൽ. തുടക്കത്തിലേ ഞെട്ടിയെങ്കിലും ബാഴ്സയും വിട്ടുകൊടുത്തില്ല. ബാഴ്സയുടെ ഒരു മുന്നേറ്റത്തിനൊടുവിൽ പന്ത് ക്ലിയർ ചെയ്യാനുള്ള ശ്രമത്തിനിടെ ഡേവിഡ് അലാബയുടെ കാലിൽ തട്ടി പന്ത് സ്വന്തം വലയിൽ. സെൽഫ് ഗോളിലൂടെ ഏഴാം മിനിറ്റിൽ ബാഴ്സ ഒപ്പമെത്തി.
ബാഴ്സയുടെ സന്തോഷം അതോടെ തീർന്നു. പിന്നീട് സ്പാനിഷ് പ്രതിരോധവും ഗോൾകീപ്പർ ടെർസ്റ്റേഗനും ബയേൺ ആക്രമണത്തിനു മുന്നിൽ കാഴ്ചക്കാരാകുകയായിരുന്നു. 21-ാം മിനിറ്റിൽ ഇവാൻ പെരിസിച്ച് ബയേണിന്റെ രണ്ടാം ഗോൾ നേടി. 27-ാം മിനിറ്റിൽ സെർജ് നാബ്രി അവരുടെ ലീഡുയർത്തി. സ്കോർ നില 3-1. പിന്നാലെ 31-ാം മിനിറ്റിൽ മുള്ളർ തന്റെ രണ്ടാം ഗോളും നേടിയതോടെ ബയേൺ 4-1ന് മുന്നിൽ. ബാഴ്സയുടെ വിധി അതോടെ കുറിക്കപ്പെട്ടിരുന്നു.

പന്ത് ലഭിച്ചപ്പോഴെല്ലാം ബയേൺ ബാഴ്സ ബോക്സിലേക്ക് ഇരച്ചെത്തി. കൂട്ടായ ആക്രമണത്തിൽ ബാഴ്സ പ്രതിരോധം തന്നെ മറന്നു. ആദ്യ പകുതിയിൽ 4-1 എന്ന സ്കോർ ലൈൻ അതിലും ഉയർന്നേനെ. പലപ്പോഴും ബയേണിന്റെ ഫിനിഷിങ് പിഴച്ചത് ബാഴ്സയ്ക്ക് കൂടുതൽ നാണക്കേട് ഒഴിവാക്കി എന്നുവേണം പറയാൻ.
ആദ്യ പകുതിയേക്കാൾ ഭയാനകമായിരുന്നു ബാഴ്സയ്ക്ക് രണ്ടാം പകുതി. തിരിച്ചുവരവിനായി ഗ്രീസ്മാനെ കളത്തിലിറക്കി ബാഴ്സ ആക്രമണത്തിന് ശ്രമിച്ചു. 57-ാം മിനിറ്റിൽ സുവാരസിലൂടെ ബാഴ്സ ഒരു ഗോൾ മടക്കി. മനോഹരമായ ഒരു ടച്ചിലൂടെ ബയേൺ പ്രതിരോധത്തെ വെട്ടിച്ചായിരുന്നു സുവാരസിന്റെ ഫിനിഷ്.
എന്നാൽ ബയേൺ തെല്ലും പതറിയില്ല. ബാഴ്സയ്ക്ക് പന്ത് നഷ്ടപ്പെടുമ്പോഴെല്ലാം ആക്രമണം അഴിച്ചുവിട്ട ബയേൺ 63-ാം മിനിറ്റിൽ ജോഷ്വ കിമ്മിച്ചിലൂടെ അഞ്ചാം ഗോളും നേടി. ആ ഗോളിന്റെ ക്രെഡിറ്റ് മുഴുവൻ യുവതാരം അൽഫോൺസ് ഡേവിസിനാണ്. ഇടതു വിങ്ങിൽ സെമെഡോയെ കാഴ്ചക്കാരനാക്കി ഡേവിസ് നടത്തി ഡ്രിബിളിങ്ങാണ് ഗോളിന് വഴിവെച്ചത്. ഡേവിസിന്റെ പാസിന് വലയിലേക്ക് വഴി കാണിച്ചു കൊടുക്കേണ്ട കാര്യമേ കിമ്മിച്ചിനുണ്ടായിരുന്നുള്ളൂ.

പിന്നാലെ ബാഴ്സയിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ ബയേണിൽ കളിക്കുന്ന ഫിലിപ്പെ കുടീഞ്ഞ്യോയുടെ ഈഴമായിരുന്നു. 82-ാം മിനിറ്റിൽ കുടീഞ്ഞ്യോയുടെ പാസിൽ നിന്ന് ലെവൻഡോസ്ക്കി ബയേണിന്റെ ആറാം ഗോളും നേടി. ഈ സീസണിൽ താരത്തിന്റെ 14-ാം ചാമ്പ്യൻസ് ലീഗ് ഗോളായിരുന്നു അത്. അവിടെയും നിർത്താതെ ബയേൺ തുടർച്ചയായി ആക്രമണങ്ങൾ നടത്തി. 85, 89 മിനിറ്റുകളിൽ ബാഴ്സ പ്രതിരോധത്തെ കാഴ്ചക്കാരനാക്കി കുടീഞ്ഞ്യോ ബയേണിന്റെ ഗോൾ പട്ടിക തികച്ചു.
1946-ന് ശേഷം ഇതാദ്യമാണ് ബാഴ്സ ഒരു മത്സരത്തിൽ എട്ടു ഗോളുകൾ വഴങ്ങി തോൽക്കുന്നത്. 2008-ന് ശേഷം സീസണിൽ ഒരു കിരീടം പോലുമില്ലാതെ ബാഴ്സ മടങ്ങുന്നതും ആദ്യം. 1951 ഏപ്രിലിന് ശേഷം ബാഴ്സ ആറു ഗോൾ വ്യത്യാസത്തിൽ തോൽക്കുന്നതും ഇതാദ്യമായാണ്. അന്ന് എസ്പാന്യോളാണ് ബാഴ്സയെ (0-6) തോൽപ്പിച്ചത്.
Content Highlights: UEFA Champions League Bayern Munich humiliate Barcelona 8-2
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..