Image Courtesy: Getty Images
ലിസ്ബണ്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിലെ തുല്യശക്തികളുടെ പോരാട്ടമായി റെഡ്ബുള്‍ ലെയ്പ്സിഗ് - അത്ലറ്റിക്കോ മഡ്രിഡ് പോരാട്ടത്തെ വിശേഷിപ്പിക്കാം.
വ്യാഴാഴ്ച രാത്രി 12.30-ന് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇരുടീമുകളും മുഖാമുഖം വരുമ്പോള്‍ കണക്കുകളില്‍ ഇരുടീമിനും തുല്യസാധ്യതയാണ്. ലിസ്ബണിലെ എസ്റ്റുഡിയോ ഹോസെ അല്വലേയ്ഡ് സ്റ്റേഡിയത്തിലാണ് കളി.
പ്രതിരോധം, പ്രത്യാക്രമണം
ഉറച്ച പ്രതിരോധം, ശക്തമായ പ്രത്യാക്രമണം. സമീപകാലത്ത് അത്ലറ്റിക്കോ മഡ്രിഡിന്റെ നേട്ടങ്ങള്‍ക്കു പിന്നിലെല്ലാം ഫുട്ബോളിലെ ഈ ലളിത സൂത്രവാക്യമാണ്. കഴിഞ്ഞ ഏഴു സീസണുകളില്‍ അഞ്ചിലും മഡ്രിഡ് ടീം ക്വാര്‍ട്ടറിലെത്തി. പ്രീക്വാര്‍ട്ടറില്‍ ലിവര്‍പൂളിനെ കീഴടക്കിയാണ് ഡീഗോ സിമിയോണിയുടെ ടീം വരുന്നത്. കോവിഡിനുശേഷം ഫുട്ബോള്‍ പുനരാരംഭിച്ചപ്പോള്‍ സ്പാനിഷ് ലാലിഗയില്‍ അത്ലറ്റിക്കോ തോല്‍വിയറിഞ്ഞിട്ടില്ല.
കോവിഡ് പരിശോധനയില്‍ പോസിറ്റീവായ എയ്ഞ്ചല്‍ കൊറോയും സിമെ വ്രാസല്കോയും ടീമിനൊപ്പമില്ല. ജാവോ ഫെലിക്സും അല്‍വാരോ മൊറാട്ടയും കളിക്കുന്ന മുന്‍നിര ഫോമിലാണ്. കോക്കെ - തോമസ് പാര്‍ട്ടി - സോള്‍ നിഗുസ് എന്നിവരുള്ള മധ്യനിരയും സ്റ്റെഫാന്‍ സാവിച്ചും ഹോസെ ജിമെനെസും നേതൃത്വം നല്കുന്ന പ്രതിരോധവും ശക്തം. ഗോള്‍ കീപ്പര്‍ യാന്‍ ഒബ്ലാക്കിനെ മറികടക്കാന്‍ എതിരാളികള്‍ വിഷമിക്കും.
വെര്ണറില്ലാത്ത വിഷമം
ചാമ്പ്യന്‍സ് ലീഗിലും ജര്‍മന്‍ ബുണ്ടസ് ലിഗയിലും ടീമിന്റെ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച സ്ട്രൈക്കര്‍ തിമോ വെര്ണറില്ലാത്തത് ലെയ്പ്സിഗിന് തിരിച്ചടിയാണ്. ചെല്‍സിയിലേക്ക് കൂടുമാറിയതോടെയാണ് ക്ലിനിക്കല്‍ സ്ട്രൈക്കറുടെ സേവനം നഷ്ടമായത്.
ആദ്യമായി ക്വാര്‍ട്ടര്‍ കളിക്കുന്നതിന്റെ ആവേശത്തിലാണ് ടീം. പ്രീക്വാര്‍ട്ടറില്‍ കരുത്തരായ ടോട്ടനത്തെയാണ് മറികടന്നത്. ജര്‍മന്‍ ലീഗില്‍ അവസാനം കളിച്ച 15 മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ടീം തോറ്റത്. മുന്നേറ്റനിരതാരം യുസഫ് പോള്സന് പരിക്കുള്ളതിനാല്‍ 3-5-2 ഫോര്മേഷന് പകരം 3-4-2-1 ശൈലിയിലാകും ടീം കളിക്കുന്നത്. പാട്രിക് ഷിക് ഏക സ്ട്രൈക്കറുടെ റോളിലെത്തും. ഗോളടിക്കാന്‍ കഴിവുള്ള മധ്യനിരതാരം മാര്‍സെല്‍ സാബിറ്റ്സറിലും ടീം പ്രതീക്ഷവെക്കുന്നു. വിജയിക്കുന്നവരെ സെമിയില്‍ കാത്തിരിക്കുന്നത് പി.എസ്.ജിയാണ്.
Content Highlights: UEFA Champions League Atletico Madrid against RB Leipzig
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..