Photo: twitter.com|LFC
മഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം റൗണ്ട് പോരാട്ടങ്ങള്‍ക്ക് ഇന്ന് വമ്പന്മാരിറങ്ങുന്നു. രാത്രിനടക്കുന്ന പോരാട്ടങ്ങളില്‍ അത്ലറ്റിക്കോ മഡ്രിഡ്-ലിവര്‍പൂള്‍ മത്സരമാണ് ശ്രദ്ധേയം. റയല്‍ മഡ്രിഡ്, പി.എസ്.ജി., മാഞ്ചെസ്റ്റര്‍ സിറ്റി ടീമുകളും കളത്തിലിറങ്ങും.
ഗ്രൂപ്പ് എ-യില്‍ രാത്രി 10.15-ന് ക്ലബ്ബ് ബ്രഗ്ഗ് മാഞ്ചെസ്റ്റര്‍ സിറ്റിയെയും രാത്രി 12.30-ന് പി.എസ്.ജി. റെഡ്ബുള്‍ ലെയ്പ്സിഗിനെയും നേരിടും. രണ്ടു കളികളിലായി പി.എസ്.ജി.ക്കും ക്ലബ്ബ് ബ്രഗ്ഗയ്ക്കും നാലു പോയന്റ് വീതവും സിറ്റിക്ക് മൂന്നു പോയന്റുമാണുള്ളത്. ലെയ്പ്സിഗിന് പോയന്റില്ല. കഴിഞ്ഞമത്സരത്തില്‍ പി.എസ്.ജി.യില്നിന്നേറ്റ തോല്‍വിയുടെ ക്ഷീണത്തിലാണ് സിറ്റി ഇറങ്ങുന്നത്. പി.എസ്.ജി. നിരയില്‍ നെയ്മര്‍ പരിക്കുമൂലം കളിക്കില്ല.
ഗ്രൂപ്പ് ബി-യിലാണ് തകര്‍പ്പന്‍ പോരാട്ടം. രണ്ടു കളിയും ജയിച്ച് മികച്ചഫോമിലുള്ള ലിവര്‍പൂളും അത്ലറ്റിക്കോ മഡ്രിഡും നേര്‍ക്കുനേര്‍വരും. മഡ്രിഡ് ക്ലബ്ബിന് ഒരു ജയവും സമനിലയുമാണുള്ളത്. മറ്റൊരു കളിയില്‍ ആദ്യജയം മോഹിക്കുന്ന എ.സി. മിലാന് പോര്‍ട്ടോയെ നേരിടും. രണ്ടു കളിയും രാത്രി 12.30-ന്.
ഗ്രൂപ്പ് സി-യില്‍ അയാക്സും ബൊറൂസ്സിയ ഡോര്ട്മുണ്ഡും കൊമ്പുകോര്‍ക്കും. ഇരുടീമുകളും ആദ്യ രണ്ടു മത്സരങ്ങളും ജയിച്ചവരാണ്. രാത്രി 12.30-നാണ് കിക്കോഫ്. മറ്റൊരു കളിയില്‍ രാത്രി 10.15-ന് ബെസിക്റ്റാസ് സ്പോര്‍ട്ടിങ് ലിസ്ബണിനെ നേരിടും.
ഗ്രൂപ്പ് ഡി-യില്‍ വിജയവഴിയിലേക്ക് തിരിച്ചെത്താന്‍ കൊതിക്കുന്ന റയല്‍ മഡ്രിഡ് ഷാക്തര്‍ ഡൊണെറ്റ്സ്കിനെ നേരിടും. കഴിഞ്ഞ മത്സരത്തില്‍ ഷെരീഫ് ടിറാസ്പോളില്നിന്നേറ്റ അപ്രതീക്ഷിത തോല്‍വിയില്‍നിന്ന് റയലിന് കരകയറാന്‍ ജയം ആവശ്യമാണ്. രണ്ടു ജയത്തോടെ മിന്നുന്ന ഫോമിലുള്ള ഷെരീഫിന് ഇന്റര്‍മിലാനാണ് എതിരാളി. രാത്രി 12-നാണ് രണ്ടു മത്സരങ്ങളും.
Content Highlights: UEFA Champions League 2021-2022 group stage matches
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..