ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ നോക്കൗട്ട് റൗണ്ടുറപ്പിക്കാന്‍ ബയേണ്‍ മ്യൂണിക്കും യുവന്റസും കളത്തില്‍. ഗ്രൂപ്പ് ഘട്ടത്തിലെ നാലാം റൗണ്ട് മത്സരങ്ങള്‍ ഇന്ന്‌ രാത്രി ആരംഭിക്കും. നില ഭദ്രമാക്കാന്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, ബാഴ്സലോണ തുടങ്ങിയ വമ്പന്മാരും ഇറങ്ങും.

ഗ്രൂപ്പ് ഇ-യില്‍ ബെന്‍ഫിക്കയെ നേരിടുന്ന ബയേണ്‍ മ്യൂണിക്കിന് ജയിച്ചാല്‍ നോക്കൗട്ട് ഘട്ടം ഉറപ്പാക്കാം. നിലവില്‍ മൂന്നു കളിയും ജയിച്ച ജര്‍മന്‍ ടീമിന് ഒമ്പതു പോയന്റുണ്ട്. നാലു പോയന്റുള്ള ബെന്‍ഫിക്ക രണ്ടാമതാണ്. ജയിച്ചാല്‍ 12 പോയന്റുമായി ബയേണിന് ഗ്രൂപ്പില്‍നിന്ന് മുന്നേറാം. കാരണം പിന്നീട് രണ്ടു കളി അവശേഷിക്കെ ബെന്‍ഫിക്കയ്ക്ക് ബയേണിനെ മറികടക്കാന്‍ കഴിയില്ല. മൂന്നു പോയന്റുമായി മൂന്നാം സ്ഥാനത്തുള്ള ബാഴ്സയ്ക്ക് ഡൈനാമോ കീവിനെതിരേ ജയം അനിവാര്യമാണ്.

ഗ്രൂപ്പ് എച്ചില്‍ യുവന്റസും നോക്കൗട്ട് പ്രതീക്ഷയോടെയാണ് ഇറങ്ങുന്നത്. മൂന്നു കളിയില്‍നിന്ന് ഇറ്റാലിയന്‍ ടീമിന് ഒമ്പതു പോയന്റുണ്ട്. മൂന്നു പോയന്റുമായി മൂന്നാം സ്ഥാനത്തുള്ള സെനീത് സെയ്ന്റ് പീറ്റേഴ്സ്ബര്‍ഗാണ് എതിരാളി. സെനീതിനെ തോല്‍പ്പിച്ചാല്‍ യുവന്റസിന് 12 പോയന്റാകും. രണ്ടു കളി മാത്രം ബാക്കിനില്‍ക്കെ മൂന്നാം സ്ഥാനത്തുള്ള സെനീതിന് യുവന്റസിനെ മറികടക്കാന്‍ കഴിയില്ല. നാലാം സ്ഥാനത്തുള്ള മാല്‍മോ ഇതുവരെ പോയന്റ് നേടിയിട്ടില്ലെന്നതും യുവന്റസിന് അനുകൂലമാണ്. ആറു പോയന്റുമായി രണ്ടാം സ്ഥാനത്തുള്ള ചെല്‍സി മാല്‍മോയെ നേരിടും.

ഗ്രൂപ്പ് എഫില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് അറ്റ്ലാന്റയാണ് എതിരാളി. സ്വന്തം ഗ്രൗണ്ടില്‍ അറ്റ്ലാന്റയെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് യുണൈറ്റഡ് ഇറങ്ങുന്നത്. നിലവില്‍ ആറു പോയന്റുള്ള യുണൈറ്റഡിന് ജയിച്ചാല്‍ നോക്കൗട്ടിലേക്ക് അടുക്കാം.

Content Highlights: UEFA Champions League 2021-22 Manchester United Juventus Bayern Munich