മഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം റൗണ്ട് പോരാട്ടങ്ങള്‍ക്ക് ഇന്ന്‌ വമ്പന്മാരിറങ്ങുന്നു. രാത്രിനടക്കുന്ന പോരാട്ടങ്ങളില്‍ അത്ലറ്റിക്കോ മഡ്രിഡ്-ലിവര്‍പൂള്‍ മത്സരമാണ് ശ്രദ്ധേയം. റയല്‍ മഡ്രിഡ്, പി.എസ്.ജി., മാഞ്ചെസ്റ്റര്‍ സിറ്റി ടീമുകളും കളത്തിലിറങ്ങും.

ഗ്രൂപ്പ് എ-യില്‍ രാത്രി 10.15-ന് ക്ലബ്ബ് ബ്രഗ്ഗ് മാഞ്ചെസ്റ്റര്‍ സിറ്റിയെയും രാത്രി 12.30-ന് പി.എസ്.ജി. റെഡ്ബുള്‍ ലെയ്പ്സിഗിനെയും നേരിടും. രണ്ടു കളികളിലായി പി.എസ്.ജി.ക്കും ക്ലബ്ബ് ബ്രഗ്ഗയ്ക്കും നാലു പോയന്റ് വീതവും സിറ്റിക്ക് മൂന്നു പോയന്റുമാണുള്ളത്. ലെയ്പ്സിഗിന് പോയന്റില്ല. കഴിഞ്ഞമത്സരത്തില്‍ പി.എസ്.ജി.യില്‍നിന്നേറ്റ തോല്‍വിയുടെ ക്ഷീണത്തിലാണ് സിറ്റി ഇറങ്ങുന്നത്. പി.എസ്.ജി. നിരയില്‍ നെയ്മര്‍ പരിക്കുമൂലം കളിക്കില്ല.

ഗ്രൂപ്പ് ബി-യിലാണ് തകര്‍പ്പന്‍ പോരാട്ടം. രണ്ടു കളിയും ജയിച്ച് മികച്ചഫോമിലുള്ള ലിവര്‍പൂളും അത്ലറ്റിക്കോ മഡ്രിഡും നേര്‍ക്കുനേര്‍വരും. മഡ്രിഡ് ക്ലബ്ബിന് ഒരു ജയവും സമനിലയുമാണുള്ളത്. മറ്റൊരു കളിയില്‍ ആദ്യജയം മോഹിക്കുന്ന എ.സി. മിലാന്‍ പോര്‍ട്ടോയെ നേരിടും. രണ്ടു കളിയും രാത്രി 12.30-ന്.

ഗ്രൂപ്പ് സി-യില്‍ അയാക്സും ബൊറൂസ്സിയ ഡോര്‍ട്മുണ്‍ഡും കൊമ്പുകോര്‍ക്കും. ഇരുടീമുകളും ആദ്യ രണ്ടു മത്സരങ്ങളും ജയിച്ചവരാണ്. രാത്രി 12.30-നാണ് കിക്കോഫ്. മറ്റൊരു കളിയില്‍ രാത്രി 10.15-ന് ബെസിക്റ്റാസ് സ്പോര്‍ട്ടിങ് ലിസ്ബണിനെ നേരിടും.

ഗ്രൂപ്പ് ഡി-യില്‍ വിജയവഴിയിലേക്ക് തിരിച്ചെത്താന്‍ കൊതിക്കുന്ന റയല്‍ മഡ്രിഡ് ഷാക്തര്‍ ഡൊണെറ്റ്സ്‌കിനെ നേരിടും. കഴിഞ്ഞ മത്സരത്തില്‍ ഷെരീഫ് ടിറാസ്പോളില്‍നിന്നേറ്റ അപ്രതീക്ഷിത തോല്‍വിയില്‍നിന്ന് റയലിന് കരകയറാന്‍ ജയം ആവശ്യമാണ്. രണ്ടു ജയത്തോടെ മിന്നുന്ന ഫോമിലുള്ള ഷെരീഫിന് ഇന്റര്‍മിലാനാണ് എതിരാളി. രാത്രി 12-നാണ് രണ്ടു മത്സരങ്ങളും.

Content Highlights: UEFA Champions League 2021-2022 group stage matches