ജയം ആഘോഷിക്കുന്ന യുണൈറ്റഡിന്റെ ബ്രൂണോ ഫെർണാണ്ടസും മാർക്കസ് റാഷ്ഫോർഡും | Photo: https:||twitter.com|ManUtd
പാരിസ്: യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ആദ്യ ദിനത്തില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, ബാര്‍സലോണ, യുവന്റസ്, ലെയ്പസിഗ് ടീമുകള്‍ക്ക് വിജയത്തുടക്കം. യുണൈറ്റഡ് പി.എസ്.ജിയെയും ബാര്‍സലോണ ഫെറെന്‍ക്വാരോസിനെയും യുവന്റസ് ഡൈനാമോ കീവിനെയും ലെയ്പ്‌സിഗ് ഇസ്താംബൂള്‍ ബസക്‌സെഹിനെയും തോല്‍പ്പിച്ചു. എന്നാല്‍ കരുത്തരായ ബൊറൂസ്സിയ ഡോര്‍ട്ട്മുണ്ട് തോൽവി വഴങ്ങി. ലാസിയോയാണ് ഡോര്‍ട്ട്മുണ്ടിന്റെ കീഴടക്കിയത്. ചെല്‍സി ഗോള്‍രഹിത സമനില വഴങ്ങി.
തുല്യ ശക്തികളുടെ പോരാടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് യുണൈറ്റഡ് പി.എസ്.ജിയെ കീഴടക്കിയത്. ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് ചുവന്ന ചെകുത്താന്മാരുടെ വിജയം. പി.എസ്.ജിയുടെ ഹോം ഗ്രൗണ്ടില്‍ വെച്ചാണ് മത്സരം നടന്നത്.
23-ാം മിനിട്ടില്‍ ലഭിച്ച പെനാള്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് ക്യാപ്റ്റന്‍ ബ്രൂണോ ഫെര്‍ണാണ്ടസ് യുണൈറ്റഡിനെ മുന്നിലെത്തിച്ചു. എന്നാല്‍ ആന്റണി മാര്‍ഷ്യലിന്റെ ഓണ്‍ ഗോളിലൂടെ രണ്ടാം പകുതിയില്‍ പി.എസ്.ജി സമനില പിടിച്ചു. രണ്ടാം പകുതിയില്‍ ആക്രമിച്ച് കളിച്ച യുണൈറ്റഡിന് വേണ്ടി കളിയവസാനിക്കാന്‍ മൂന്നു മിനിട്ട് ബാക്കിനില്‍ക്കെ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് അത്യുഗ്രന്‍ ഗോളിലൂടെ യുണൈറ്റഡിന് വിജയം സമ്മാനിച്ചു. നെയ്മര്‍, എംബാപ്പെ, ഡി മരിയ തുടങ്ങിയ പ്രബലമുന്നേറ്റ നിരയെ യുണൈറ്റഡിന്റെ പ്രതിരോധനിര അനായാസം നേരിട്ടു. ഗോള്‍കീപ്പര്‍ ഡി ഗിയയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ശാരീരികക്ഷമത തെളിയിക്കാത്തതിനാല്‍ കവാനി യുണൈറ്റഡിന് വേണ്ടി ഇറങ്ങിയില്ല.
ഒന്നിനെതിരെ അ്ഞ്ചുഗോളുകള്‍ക്കാണ് ഫെറെന്‍ക്വാരോസിനെ ബാര്‍സ തകര്‍ത്തുവിട്ടത്. ബാര്‍സയ്ക്ക് വേണ്ടി ലയണല്‍ മെസ്സി, അന്‍സു ഫാത്തി, ഫിലിപ്പെ കുടിന്യോ, പെഡ്രി, ഓസ്മാനെ ഡെംബലെ എന്നിവര്‍ സ്‌കോര്‍ ചെയ്തപ്പോള്‍ പെനാല്‍ട്ടിയിലൂടെ ഇഹോര്‍ കരാറ്റിന്‍ ഫെറെന്‍ക്വാരോസിന്റെ ആശ്വാസ ഗോള്‍ നേടി.
ഡൈനാമോ കീവിനെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് യുവന്റസ് തോല്‍പ്പിച്ചത്. വായ്പ അടിസ്ഥാനത്തില്‍ ടീമിലെത്തിയ അല്‍വാരോ മൊറോട്ട ഇരട്ട ഗോളുകളുമായി യുവന്റസിന് വേണ്ടി തിളങ്ങി.
ലാസിയോ ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്കാണ് ബൊറൂസ്സിയ ഡോര്‍ട്ട്മുണ്ടിനെ തോല്‍പ്പിച്ചത്. സിറോ ഇമ്മൊബില്‍, അക്പ അക്‌പ്രോ എന്നിവരും ഹിറ്റ്‌സിന്റെ ഓണ്‍ ഗോളും ലാസിയോയുടെ സ്‌കോര്‍ തികച്ചപ്പോള്‍ സൂപ്പര്‍താരം ഹാളണ്ട് ഡോര്‍ട്ട്മുണ്ടിന്റെ ആശ്വാസഗോള്‍ നേടി.
മറ്റുമത്സരങ്ങളില്‍ ലെയ്പ്‌സിഗ് എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് ഇസ്താംബുള്‍ ബസക്‌സെഹിനെയും ക്ലബ് ബ്രഗേജ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സെനിത്തിനെയും തോല്‍പ്പിച്ചു. കരുത്തരുടെ പോരാട്ടമായ ചെല്‍സി-സെവിയ്യ മത്സരത്തില്‍ ഇരുടീമുകളും ഗോളുകള്‍ നേടാതെ സമനിലയില്‍ പിരിഞ്ഞു.
Content Highlights: UEFA Champions league 2020 first day esults
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..