ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ സ്പാനിഷ് ക്ലബ് വിയ്യാറയലിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി വിജയവഴിയില്‍ മടങ്ങിയെത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. മത്സരത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് യുണൈറ്റഡ് വിജയിച്ചത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 53ാം മിനിറ്റില്‍ പാക്കോ അല്‍ക്കാസറിന്റെ ഗോളില്‍ സ്പാനിഷ് ക്ലബ് മുന്നിലെത്തി. 

60ാം മിനിറ്റില്‍ അലക്‌സ് ടെല്ലസിലൂടെ യുണൈറ്റഡ് സമനില പിടിച്ചു. മത്സരം സമനിലയിലേക്കെന്ന് തോന്നിപ്പിച്ച അവസാന നിമിഷത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്ററിന് വിജയവും മൂന്ന് പോയിന്റും സമ്മാനിച്ചു. നേരത്തെ ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ യുണൈറ്റഡ് യങ് ബോയ്‌സിനോട് തോറ്റിരുന്നു.

സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയുടെ മോശം കാലം ഉടനെയൊന്നും അവസാനിക്കില്ലെന്ന സൂചനയാണ് ബെന്‍ഫിക്കയ്‌ക്കെതിരായ മത്സരം നല്‍കുന്നത്. ആദ്യ മത്സരത്തില്‍ ബയേണിനോട് തോറ്റ അവര്‍ ഇന്ന് ബെന്‍ഫിക്കയോട് തോറ്റത് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ്. ഡാര്‍വിന്‍ ന്യൂന്‍സ് ഇരട്ടഗോള്‍ നേടിയപ്പോള്‍ റാഫാ സില്‍വ പട്ടിക പൂര്‍ത്തിയാക്കി. 

വമ്പന്‍മാരുടെ പോരാട്ടത്തില്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബ് ചെല്‍സിയെ ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്റസ് മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി. മറ്റൊരു മത്സരത്തില്‍ കരുത്തരായ ബയേണ്‍ മ്യൂണിക് എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ഉക്രയിന്‍ ക്ലബ് ഡൈനാമോ കീവിനെ തോല്‍പ്പിച്ചു. ലെവന്‍ഡോസ്‌കി ഇരട്ടപ്രഹരം നടത്തിയപ്പോള്‍ സെര്‍ജി നാര്‍ബി, ലിറോയ് സാനെ, എറിക് മോട്ടിങ് എന്നിവരും വല കുലുക്കി.

Content Highlights: UEFA champions league