പാരീസ്: ബാഴ്‌സയുടെ കുപ്പായത്തില്‍ നിരവധി തവണ കണ്ടാസ്വദിച്ച മെസിയുടെ ഗോള്‍ ആഘോഷം ഒടുവില്‍ പി.എസ്.ജി ജേഴ്‌സിയിലും. യുവേഫ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പി.എസ്.ജി പരാജയപ്പെടുത്തി. പാരീസില്‍ നടന്ന മത്സരത്തില്‍ 8ാം മിനിറ്റില്‍ ഇഡ്രിസ്സാ ഗയേയിലൂടെ പി.എസ്.ജി മുന്നിലെത്തി. രണ്ടാം പകുതിയിലായിരുന്നു മെസി ആരാധകര്‍ കാത്തിരുന്ന നിമിഷമെത്തിയത്. ഒന്നിലധികം തവണ നിര്‍ഭാഗ്യം ക്രോസ്ബാറില്‍ തട്ടി മടങ്ങിയ ഇതുവരെയുള്ള പി.എസ്.ജി കരിയര്‍ മാറ്റിക്കുറിച്ച് 74ാം മിനിറ്റിലാണ് മെസി സിറ്റിയുടെ വല കുലുക്കിയത്.

കരുത്തരായ ലിവര്‍പൂള്‍ പോര്‍ച്ചുഗീസ് ക്ലബ്ബ് പോര്‍ട്ടോയെ ഗോള്‍മഴയില്‍ മുക്കി ഗ്രൂപ്പിലെ രണ്ടാം ജയം ആഘോഷിച്ചു. ഒന്നിനെതിരേ അഞ്ച് ഗോളുകള്‍ക്കായിരുന്നു ആന്‍ഫീല്‍ഡുകാരുടെ ജയം. മുഹമ്മദ് സലാ, റൊബെര്‍ട്ടോ ഫിര്‍മിനോ എന്നിവര്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ സാഡിയോ മാനെ ഒരു ഗോള്‍ നേടി. മെഹ്ദി തരേമി പോര്‍ട്ടോയുടെ ആശ്വാസഗോള്‍ കണ്ടെത്തി.ലിവര്‍പൂള്‍ ആദ്യ മത്സരത്തില്‍ എ.സി. മിലാനെ 3-1 ന് തോല്‍പ്പിച്ചിരുന്നു. മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് എ.സി മിലാനെ പരാജയപ്പെടുത്തി.

Content Highlights: UEFA champions league