ലണ്ടന്‍: കഴിഞ്ഞ സീസണിലെ മികച്ചതാരത്തെ തിരഞ്ഞെടുക്കാനുള്ള ചുരുക്കപ്പട്ടിക യുവേഫ പുറത്തുവിട്ടു. യുറോപ്പിലെ സ്പോര്‍ട്സ് മാധ്യമപ്രവര്‍ത്തകര്‍ വോട്ടെടുപ്പിലൂടെയാണ് താരങ്ങളെ തിരഞ്ഞെടുത്തത്. യൂറോകപ്പും ചാമ്പ്യന്‍സ് ലീഗും ജയിച്ച റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗല്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കാണ് മുന്‍തൂക്കം.

പത്തംഗ പട്ടികയില്‍ ക്രിസ്റ്റ്യാനോയ്ക്ക് പുറമെ ബാഴ്സലോണയുടെ ലയണല്‍ മെസ്സി, റയല്‍ മാഡ്രിഡിന്റെ ഗാരത് ബെയ്ല്‍, ബാഴ്സയുടെ ലൂയി സുവാരസ് എന്നിവരും ഇടം നേടിയിട്ടുണ്ട്. ജിയാന്‍ ലൂജി ബഫണ്‍ (യുവന്റസ്), അന്റോണിയോ ഗ്രിസ്മാന്‍ (അത്ലറ്റിക്കോ മാഡ്രിഡ്), ടോണി ക്രൂസ് (റയല്‍ മാഡ്രിഡ്), തോമസ് മുള്ളര്‍ (ബയറണ്‍ മ്യൂണിക്), മാനുവല്‍ നുയര്‍ (ബയറണ്‍ മ്യൂണിക്), പെപ്പെ (റയല്‍ മാഡ്രിഡ്), എന്നിവരാണുള്ളത്. ബാഴ്സ താരം നെയ്മര്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്, യുവന്റസിന്റെ പോള്‍ പോഗ്ബ എന്നിവര്‍ക്ക് ഇടം ലഭിച്ചില്ല.