ആതന്‍സ്: സ്ലൊവേനിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ അധ്യക്ഷനായിരുന്ന അലക്‌സാണ്ടര്‍ സെഫെറിനെ യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷനായ യുവേഫയുടെ അധ്യക്ഷനായി തിരഞ്ഞെടുത്തു. ആതന്‍സില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 48 കാരനായ സെഫറിന് 42 ഉം ഹോളണ്ടിന്റെ വാന്‍ പ്രാഗിന് 29 ഉം വോട്ട് ലഭിച്ചു.

കഴിഞ്ഞ വര്‍ഷം അച്ചടക്ക നടപടിക്ക് വിധേയനായി സ്ഥാനമൊഴിയേണ്ടിവന്ന മിഷേല്‍ പ്ലാറ്റിനിയുടെ പകരക്കാരനായാണ് സെഫെറിന്‍ അധ്യക്ഷപദവി ഏറുന്നത്. മുന്‍ ഫിഫ അധ്യക്ഷന്‍ സെപ് ബ്ലാറ്റര്‍ക്കുവേണ്ടി പണം വാങ്ങിയെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് നാലു വര്‍ഷത്തേയ്ക്കാണ് പ്ലാറ്റിനിയെ വിലക്കിയത്. പ്ലാറ്റിനിയുടെ കാലാവധിയായ 2019 വരെ സെഫെറിന് അധികാരത്തില്‍ തുടരാം. സ്ലൊവേനിയയിലെ അഭിഭാഷകനാണ് കരാട്ടെ ബ്ലാക്ക് ബെല്‍റ്റുകാരന്‍ കൂടിയായ സെഫെറിന്‍.

സ്ലൊവേനിയ, ക്രൊയേഷ്യ തുടങ്ങിയ  യൂറോപ്പിലെ പതിനഞ്ചോളം ചെറുരാഷ്ട്രങ്ങളാണ് വിശ്വസ്ഥനായ ഒരു വ്യക്തി എന്ന നിലയില്‍ സെഫെറിന്റെ പേര് ആദ്യം നിര്‍ദേശിച്ചത്. ഇറ്റലി, ജര്‍മനി, റഷ്യ, ഫ്രാന്‍സ്, അയര്‍ലന്‍ഡ് തുടങ്ങിയ ഫുട്‌ബോള്‍ വന്‍ശക്തികള്‍ പിന്നീട് പിന്തുണയ്ക്കുകയായിരുന്നു.