ഷറഫലിയും ഹമീദും
ജില്ലയിലേക്കെത്തുന്ന സന്തോഷ്ട്രോഫി ഫുട്ബോളിന് കാത്തിരിക്കുകയാണ് മുൻ സന്തോഷ് ട്രോഫി ജേതാക്കളായ യു. ഷറഫലിയും ടൈറ്റാനിയം ഹമീദും.
1993 മാർച്ച് രണ്ടിന് എറണാകുളം മഹാരാജാസ് മൈതാനത്ത് നടന്ന ഫൈനലിൽ ഏകപക്ഷീയമായ ഇരു ഗോളുകൾക്ക് മഹാരാഷ്ട്രയെ തോൽപ്പിച്ചു കിരീടമെടുത്തതിന്റെ ഓർമകളിലാണ് ഇരുവരും.
കേരള ടീമിന്റെ പ്രതിരോധനിരയിലെ പ്രധാനിയയായിരുന്നു പത്ത് സന്തോഷ് ട്രോഫികളിൽ ബൂട്ടുകെട്ടിയ യു. ഷറഫലി എന്ന അരീക്കോട്ടുകാരൻ. മലപ്പുറം കുന്നുമ്മൽ സ്വദേശിയായ ഹമീദിന് ആദ്യ മത്സരത്തിനു ശേഷം പരിശീലനത്തിനിടെ പരിക്കേറ്റ് പുറത്തിരിക്കേണ്ടിവന്നു.
കപ്പ് നേടിയതിനെക്കുറിച്ചും മലപ്പുറത്തേക്കെത്തുന്ന സന്തോഷ്ട്രോഫിയെക്കുറിച്ചും ഇവർ സംസാരിക്കുന്നു.
മഹാരാജാസ് സ്റ്റേഡിയത്തിലെ ഫൈനലിനെക്കുറിച്ച് ?
യു. ഷറഫലി:തിങ്ങിനിറഞ്ഞ മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിലെ ആരവം ഇന്നും ഓർമയിലുണ്ട്. ടിക്കറ്റ് കിട്ടാതെ കേരളത്തിന്റെ ഫൈനൽ കാണാൻ കഴിയാതെ കൊച്ചിയിൽ നിറഞ്ഞുകവിഞ്ഞവർ ഗാലറിയിൽ എത്തിയവരെക്കാൾ കൂടുതലായിരുന്നു. അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ ഉൾപ്പടെയുള്ള ഗാലറിക്ക്, കേരളത്തിനുവേണ്ടി ഞങ്ങൾ കിരീടം നേടി.
ഹമീദ്: കേരളത്തിന്റെ ഓരോ മുന്നേറ്റത്തിനും ശക്തിപകരുന്ന കരഘോഷമായിരുന്നു ഗാലറിയിൽ. ജീവിതത്തിൽ മറക്കാനാകാത്ത അനുഭവമായിരുന്നു മഹാരാജാസ് സ്റ്റേഡിയത്തിലെ കളി.
അന്നത്തെ കളികളിൽ നേരിട്ട വെല്ലുവിളികൾ ?
ഷറഫലി: കടുത്ത മത്സരം തന്നെയായിരുന്നു കേരളത്തിന് ടൂർണമെന്റിലുടനീളം. ആരാധകരുടെ പിന്തുണകൊണ്ട് ആത്മവിശ്വാസത്തോടെ കളിച്ചപ്പോൾ വമ്പൻമാരെല്ലാം കേരളത്തിനുമുന്നിൽ വീണു. ടൂർണമെന്റിലെ ഒരു കളിയിൽ കേരളം മഹാരാഷ്ട്രയോട് തോറ്റിരുന്നുവെങ്കിലും ഫൈനലിൽ വിജയിച്ച് മധുരപ്രതികാരം ചെയ്തു.
ഹമീദ്: നിലവിലെ ജേതാക്കളായാണ് കേരളമെത്തിയിരുന്നത്. 1992-ൽ കപ്പെടുത്ത സംഘത്തിൽ ഞാനുമുണ്ടായിരുന്നു. നിലവിലെ ജേതാക്കളായി എത്തിയതായിരുന്നു കേരളത്തിനു മുന്നിലെ പ്രധാന വെല്ലുവിളി.
മലപ്പുറത്തേക്കെത്തുന്ന സന്തോഷ് ട്രോഫിയെക്കുറിച്ച് ?
ഷറഫലി: വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. മികച്ച ടീമിനെയാണ് കേരളം തയ്യാറാക്കുന്നത്. നല്ല ഒരുപാട് മത്സരങ്ങൾ കാണാൻ കാണികൾക്കാകും. കിരീട പ്രതീക്ഷ കൂടുതലുള്ള കേരള ടീമിന് മലപ്പുറത്തെ ആരാധകരുടെ പിന്തുണകൂടിയാകുമ്പോൾ ഊർജമാകും.
ഹമീദ്:മികച്ച കളിക്കാരുടെ കുറവാണ് ഇപ്പോൾ സന്തോഷ്ട്രോഫിയുടെ അഴക് കുറയ്ക്കുന്നത്. എങ്കിലും നമ്മുടെയൊക്കെ ലോകകപ്പ് തന്നെയാണ് സന്തോഷ് ട്രോഫി. ഇക്കുറി മലപ്പുറത്തെ കാൽപ്പന്തുപ്രേമികൾക്ക് ഉത്സവമാകും. കളിക്കാത്തവർക്കുപോലും കളിയും നിയമവും അറിയാമെന്നതുകൊണ്ട് മലപ്പുറത്തെ സ്റ്റേഡിയങ്ങളിൽ കളിക്കുകയെന്നത് വെല്ലുവിളിയാകും. ടൂർണമെന്റിനു മുന്നോടിയായി മുൻ താരങ്ങൾ പരിപാടികൾ ആസൂത്രണംചെയ്യുന്നുണ്ട്.
കലൂർ സ്റ്റേഡിയമെന്ന ആശയം
സന്തോഷ് ട്രോഫി കാണാൻ കൊച്ചിയിൽ തിങ്ങിനിറഞ്ഞ കാണികളെ കണ്ടപ്പോഴാണ് കൊച്ചിയിൽ വലിയ സൗകര്യങ്ങളുള്ള സ്റ്റേഡിയം വേണമെന്ന ചിന്ത മുഖ്യമന്ത്രി കെ. കരുണാകരന്റെ മനസ്സിലുദിച്ചത്.
അന്നത്തെ ആശയമാണ് പിന്നീട് കലൂരിലെ ജവാഹർലാൽ നെഹ്രു സ്റ്റേഡിയം ഉയരുന്നതിനു കാരണമായതെന്ന് യു. ഷറഫലി പറയുന്നു.
Content Highlights: U Sharaf Ali and Hameed Santosh Trophy Memories
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..