സോൾ: അണ്ടര്‍-20 ലോകകപ്പില്‍ കരുത്തന്മാര് തമ്മിലുള്ള മത്സരത്തില്‍ ഇറ്റലിക്കെതിരെ ഉറുഗ്വെയ്ക്ക് വിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ഉറുഗ്വെ ഇറ്റലിയെ പരാജയപ്പെടുത്തിയത്. 75-ാം മിനിറ്റില്‍ റോഡ്രിഗൊ അമരാലിന്റെ മനോഹരമായ ഫ്രീ കിക്കാണ് ഉറുഗ്വായ്ക്ക് വിജയം സമ്മാനിച്ചത്.
മറ്റു മത്സരങ്ങളില്‍ ഏഷ്യന്‍ കരുത്തരായ ജപ്പാന് ദക്ഷിണാഫ്രിക്കയെ 2-1നും ഇറാന് കോസ്റ്ററിക്കയെ എതിരില്ലാത്ത ഒരു ഗോളിനും പരാജയപ്പെടുത്തി. ഗ്രൂപ്പ് ഡിയിലെ മത്സരത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ജപ്പാന് തിരിച്ചടിച്ചത്. ഗ്രാന്റ് മാര്ഗെമാനിലൂടെ ഏഴാം മിനിറ്റില്‍ ദക്ഷിണാഫ്രിക്ക ലീഡ് നേടി. എന്നാല്‍ രണ്ടാം പകുതിയില്‍ കൊകി ഒഗാവയും റിറ്റ്സു ഡോനും ജപ്പാനായി ഗോള്‍ കണ്ടെത്തി.
കോസ്റ്ററിക്കയെ തോല്‍പ്പിച്ച് 1977ന് ശേഷം അണ്ടര്‍-20 ലോകകപ്പില്‍ തങ്ങളുടെ ആദ്യ വിജയം ഇറാന് ആഘോഷിച്ചു. ഗ്രൂപ്പ് സിയിലെ മത്സരത്തില്‍ മുഹമ്മദ് മെഹ്ദിഖാനിയാണ് ഇറാന്റെ വിജയഗോള്‍ നേടിയത്. 81-ാം മിനിറ്റിലായിരുന്നു മെഹ്ദിഖാന്റെ വിജയഗോള്‍.