ലിസ്ബണ്‍: പ്രതീക്ഷകളെല്ലാം അസ്തമിച്ചിടത്തു നിന്ന് പി.എസ്.ജി ഉയര്‍ത്തെഴുന്നേറ്റു. 90 മിനിറ്റും പുറത്തെടുത്ത പോരാട്ടവീര്യം അറ്റ്‌ലാന്റയ്ക്ക് അവസാന നിമിഷം നഷ്ടമായി. ഫലമോ 1995-നു ശേഷം ആദ്യമായി പി.എസ്.ജി ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലിലേക്ക് മുന്നേറി.

തോല്‍വിയുടെ വക്കില്‍ നിന്നാണ് ഇഞ്ചുറി ടൈമില്‍ നേടിയ രണ്ടു ഗോളുകളിലൂടെ പി.എസ്.ജി വിജയം പിടിച്ചെടുത്തത്. ഈ സീസണിലെ ചാമ്പ്യന്‍സ് ലീഗിലെ ക്ലാസിക് പോരാട്ടങ്ങളിലൊന്നാണ് ലിസബണില്‍ പിറന്നത്. 90 മിനിറ്റും ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ടു ഗോള്‍ തിരിച്ചടിച്ചാണ് പി.എസ്.ജി സെമിയിലേക്ക് മുന്നേറിയത്. 

ആക്രമണ ഫുട്‌ബോളിന് പേരുകേട്ട അറ്റ്‌ലാന്റ മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ പി.എസ്.ജി ബോക്‌സിലേക്ക് പന്തെത്തിച്ചുകൊണ്ടിരുന്നു. അതോടെ പി.എസ്.ജി ഗോള്‍കീപ്പര്‍ കെയ്‌ലര്‍ നവാസിന് പിടിപ്പത് പണിയായിരുന്നു. തുടക്കത്തില്‍ തന്നെ ഇരു ടീമുകളും അവസരങ്ങള്‍ സൃഷ്ടിച്ചു. ഗോളെന്നുറച്ച അറ്റ്‌ലാന്റയുടെ രണ്ടു ഷോട്ടുകളാണ് ഈ സമയം നവാസ് രക്ഷപ്പെടുത്തിയത്. ഇതിനിടെ ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ ലഭിച്ച ഒരു സുവര്‍ണാവസരം സൂപ്പര്‍ താരം നെയ്മര്‍ പാഴാക്കുകയും ചെയ്തു.

അറ്റ്‌ലാന്റയുടെ മുന്നേറ്റങ്ങള്‍ 26-ാം മിനിറ്റില്‍ ഫലം കണ്ടു. പി.എസ്.ജിയെ ഞെട്ടിച്ച് മാരിയോ പസാലിച്ച് അറ്റ്‌ലാന്റയെ മുന്നിലെത്തിച്ചു. ഈ സീസണില്‍ പസാലിച്ചിന്റെ 12-ാം ഗോളായിരുന്നു അത്.

ഗോള്‍ വീണതോടെ പി.എസ്.ജി കൂടുതല്‍ ആക്രമണങ്ങള്‍ക്ക് തയ്യാറായി. ഇതോടെ അറ്റ്‌ലാന്റ പ്രതിരോധത്തിലേക്ക് ചുവടുമാറ്റി. നെയ്മറും ഇക്കാര്‍ഡിയും സറാബിയയും അടങ്ങിയ പി.എസ്.ജി മുന്നേറ്റത്തെ അറ്റ്‌ലാന്റ നന്നായി തന്നെ പ്രതിരോധിച്ചു. ഇതോടെ രണ്ടാം പകുതിയില്‍ പി.എസ്.ജി അഞ്ചു മാറ്റങ്ങള്‍ നടത്തി. 60-ാം മിനിറ്റില്‍ കിലിയന്‍ എംബാപ്പെ കളത്തിലിറങ്ങി. പക്ഷേ ഗോള്‍ മാത്രം അകന്നു നിന്നു.

എന്നാല്‍ 90 മിനിറ്റ് അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ അറ്റലാന്റ പ്രതിരോധത്തിന് പിഴച്ചു. നെയ്മറുടെ പാസില്‍ നിന്ന് മാര്‍ക്കിന്യോസ് പി.എസ്.ജിയെ ഒപ്പമെത്തിച്ചു. ഗോള്‍ വീണതിന്റെ ഞെട്ടല്‍ മാറും മുമ്പേ ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ നെയ്മറുടെ പാസ് സ്വീകരിച്ച് എംബാപ്പെ നല്‍കിയ ക്രോസ് എറിക് മാക്‌സിം ചോപ്പോ മോട്ടിങ് വലയിലെത്തിച്ചു. ഉജ്വലമായ തിരിച്ചുവരവിലൂടെ പി.എസ്.ജി ചാമ്പ്യന്‍സ് ലീഗിന്റെ സെമിയിലേക്ക്. തല ഉയര്‍ത്തി തന്നെ അറ്റ്‌ലാന്റെ ലിസ്ബണില്‍ നിന്ന് മടങ്ങുകയും ചെയ്തു.

Content Highlights: two late goals including a stoppage-time PSG end Atalanta Champions League dreams