ലണ്ടന്‍: ഫുട്ബോള്‍ ട്രാന്‍സ്ഫര്‍ വിപണിയുടെ ജനുവരി വിന്‍ഡോ തുറന്നതോടെ വമ്പന്‍കളിക്കാരുമായി കരാറിലെത്താന്‍ ക്ലബ്ബുകള്‍ അരയും തലയുംമുറുക്കി രംഗത്തുവന്നു. നടപ്പുസീസണില്‍ താരങ്ങളെ സ്വന്തമാക്കുന്നതിനെക്കാള്‍ അടുത്തസീസണിലേക്ക് കളിക്കാരുമായി മുന്‍കൂര്‍ കരാറിലെത്താനാണ് ശ്രമം.

ഈ സീസണിനൊടുവില്‍ കരാര്‍ അവസാനിക്കുന്ന സൂപ്പര്‍താരങ്ങളെയാണ് ടീമുകള്‍ ലക്ഷ്യമിടുന്നത്. പോള്‍ പോഗ്ബ, കൈലിയന്‍ എംബാപ്പെ, പൗളോ ഡിബാല, ഗാരേത് ബെയ്ല്‍ തുടങ്ങിയ വമ്പന്‍താരങ്ങള്‍ക്ക് നിലവിലെ ക്ലബ്ബുമായുള്ള കരാര്‍ ആറുമാസത്തിനുള്ളില്‍ അവസാനിക്കും. ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോ ആരംഭിച്ചതോടെ കളിക്കാരുമായി മുന്‍കൂര്‍ കരാറുണ്ടാക്കാന്‍ ക്ലബ്ബുകള്‍ക്ക് കഴിയും.

യൂറോപ്പിലെ അഞ്ച് വമ്പന്‍ ലീഗികളുടെ 539 കളിക്കാര്‍ സീസണിനൊടുവില്‍ ഫ്രീ ഏജന്റുമാരാകുമെന്നാണ് കണക്ക്. മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ പോള്‍ പോഗ്ബ, പി.എസ്.ജി.യുടെ കൈലിയന്‍ എംബാപ്പെ എന്നിവരാണ് ഇക്കൂട്ടത്തിലെ വമ്പന്മാര്‍. ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡില്‍ മധ്യനിരതാരമായ പോഗ്ബ തുടരാന്‍ സാധ്യത കുറവാണ്. ഫ്രഞ്ച് താരത്തിനു പിന്നാലെ യുവന്റസ്, പി.എസ്.ജി., റയല്‍ മഡ്രിഡ് ക്ലബ്ബുകളുണ്ട്.

ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി.യില്‍ കരാര്‍ അവസാനിക്കുന്ന എംബാപ്പയെ ലക്ഷ്യമിട്ട് റയല്‍ മഡ്രിഡാണുള്ളത്.ഹ്യൂഗോ ലോറിസ് (ടോട്ടനം), അന്റോണിയോ റുഡിഗര്‍, തിയാഗോ സില്‍വ, സെസാര്‍ ആസ്പലിക്യൂട്ട (ചെല്‍സി), ഫ്രാങ്ക് കെസിയ (മിലാന്‍), ലൂക്ക മോഡ്രിച്ച്, ബെയ്ല്‍ (റയല്‍ മഡ്രിഡ്), ഡിബാല (യുവന്റസ്), ഒസുമാനെ ഡെംബലെ (ബാഴ്സലോണ), ലോറന്‍സോ ഇന്‍സീനെ (നാപ്പോളി), അലക്സാന്‍ഡ്രെ ലാക്കാസെറ്റ് (ആഴ്സനല്‍), ജെസ്സെ ലിങ്ങാര്‍ഡ് (മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്) തുടങ്ങിയ വമ്പന്‍ താരങ്ങളുടെ കരാറും ഈ സീസണിനൊടുവില്‍ അവസാനിക്കും.

Content Highlights: Transfer window is open now, clubs targeting good players