മാഞ്ചെസ്റ്റര്‍: പ്രീമിയര്‍ ലീഗില്‍ ശനിയാഴ്ച നടന്ന മത്സരത്തില്‍ സ്വന്തം മൈതാനത്ത് എവര്‍ട്ടനോട് സമനിലയില്‍ കുരുങ്ങി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. 

ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. ആദ്യ ഇലവനില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇല്ലാതെ കളത്തിലിറങ്ങിയ യുണൈറ്റഡിനായി 43-ാം മിനിറ്റില്‍ ആന്റണി മാര്‍ഷ്യല്‍ ലക്ഷ്യം കണ്ടു. 

മികച്ച മുന്നേറ്റത്തിനൊടുവില്‍ ഗ്രീന്‍വുഡ് നല്‍കിയ പാസ് സ്വീകരിച്ച ബ്രൂണോ ഫെര്‍ണാണ്ടസ് അത് മാര്‍ഷ്യലിന് നീട്ടി. മികച്ച ഫസ്റ്റ് ടച്ചിലൂടെ മാര്‍ഷ്യല്‍ തൊടുത്ത ഷോട്ട് പിക്‌ഫോര്‍ഡിനെ മറികടന്ന് വലയിലെത്തി.

രണ്ടാം പകുതിയില്‍ മത്സരം സ്വന്തമാക്കാന്‍ യുണൈറ്റഡ് റൊണാള്‍ഡോയേയും സാഞ്ചോയേയും കളത്തിലിറക്കി. എന്നാല്‍ 65-ാം മിനിറ്റില്‍ കൗണ്ടര്‍ അറ്റാക്കിലൂടെ എവര്‍ട്ടണ്‍ ഒപ്പമെത്തി. ഫ്രെഡിന് സംഭവിച്ച പിഴവില്‍ നിന്നായിരുന്നു ഗോളിന്റെ പിറവി. പന്ത് റാഞ്ചി മുന്നേറിയ ഗ്രേ പന്ത് ഡൊക്കോറിന് മറിച്ചു നല്‍കി. താരത്തിന്റെ പാസ് സ്വീകരിച്ച ആന്‍ഡ്രോസ് ടൗണ്‍സെന്റ് പന്ത് വലയിലെത്തിക്കുകയായിരുന്നു. റൊണാള്‍ഡോയുടെ ഗോളാഘോഷത്തിന് സമാനമായ രീതിയിലാണ് ടൗണ്‍സെന്റ് ഈ ഗോള്‍ ആഘോഷിച്ചത്. 

സമനിലയോടെ ഏഴു മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി യുണൈറ്റഡ് ലീഗില്‍ രണ്ടാം സ്ഥാനത്താണ്. എവര്‍ട്ടണ്‍ നാലാമതും.

Content Highlights: Townsend equalises for Everton against Manchester United