ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ലീഗ് ഫുട്‌ബോളില്‍ ടോട്ടനം ഹോട്‌സ്പറിനെ എവര്‍ട്ടണ്‍ സമനിലയില്‍ തളച്ചു (1-).

കളിയുടെ ഗതിക്ക് വിപരീതമായി 22-ാം മിനിറ്റില്‍ ആരണ്‍ ലെന്നണിന്റെ ഗോളില്‍ എവര്‍ട്ടണാണ് ആദ്യം മുന്നിലെത്തിയത്. ഒന്നാം പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഡെലെ അല്ലി ഹോട്‌സ്പറിനെ രക്ഷിച്ച് സമനില നേടി.

ഹാരി കെനും ബെന്‍ ഡേവിസും ഓരോ തവണ പോസ്റ്റിലേയ്ക്ക് പന്തടിച്ച് കളഞ്ഞശേഷമായിരുന്നു ലെന്നണിന്റെ ഗോള്‍. ഒന്നാം പകുതിക്കുശേഷം എവര്‍ട്ടണ്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തിക്കളിച്ചെങ്കിലും മികവുറ്റ പ്രകടനം കൊണ്ട് ഗോളി ഹ്യൂഗോ ലോറിസ് ടോട്ടനമിനെ രക്ഷിക്കുകയായിരുന്നു.

സമനില വഴങ്ങിയെങ്കിലും ടോട്ടനം 20 കളികളില്‍ നിന്ന് 36 പോയിന്റുമായി നാലാം സ്ഥാനത്ത് തുടരുകയാണ്. എവര്‍ട്ടണിനും സമനിലവഴി നേടിയ ഒരു പോയിന്റ് കൊണ്ട് സ്ഥാനം മെച്ചപ്പെടുത്താനായില്ല. 27 പോയിന്റുമായി പതിനൊന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ് അവര്‍.