ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മുന്‍നിര ക്ലബ്ബുകളിലൊന്നായ ടോട്ടനം ഹോട്‌സ്പര്‍, പരിശീലകന്‍ ന്യൂനോ എസ്പിരിറ്റോ സാന്റോയെ പുറത്താക്കി. പ്രീമിയര്‍ ലീഗില്‍ ടീം മോശം പ്രകടനം കാഴ്ചവെച്ചതിനെത്തുടര്‍ന്നാണ് സാന്റോയ്ക്ക് സ്ഥാനം നഷ്ടമായത്. 

അവസാന മത്സരത്തില്‍ ടോട്ടനം മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനോട് എതിരില്ലാത്ത മൂന്നുഗോളുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. സാന്റോയ്ക്ക് പുറമേ സഹപരിശീലകരായ ഇയാന്‍ ക്യാത്‌റോ, റൂയി ബാര്‍ബോസ, ആന്റോണിയോ ഡയസ് എന്നിവരെയും ടോട്ടനം പുറത്താക്കി. 

വെറും നാല് മാസം മാത്രമാണ് സാന്റോയ്ക്ക് ടോട്ടനത്തില്‍ പിടിച്ചുനില്‍ക്കാനായത്. ഇക്കാലയളവില്‍ സാന്റോയ്ക്ക് കീഴില്‍ ടോട്ടനം 17 മത്സരങ്ങളില്‍ കളിച്ചു. ഒന്‍പത് വിജയങ്ങള്‍ നേടിയപ്പോള്‍ ഏഴ് മത്സരങ്ങളില്‍ തോറ്റു. 

ഹോസെ മൗറീന്യോയ്ക്ക് പകരമാണ് സാന്റോ ടോട്ടനത്തിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്തത്. സാന്റോയ്ക്ക് പകരം സൂപ്പര്‍ പരിശീലകന്‍ ആന്റോണിയോ കോണ്ടെയെ ഈ സ്ഥാനത്തേക്ക് ടോട്ടനം പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇതുമായി ബന്ധപ്പെട്ട് കോണ്ടെ ലണ്ടനില്‍ എത്തിയിട്ടുണ്ട്. 

മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകനായി കോണ്ടെ വരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ടോട്ടനം പുതിയ ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്റര്‍ മിലാനെ സീരി എ കിരീടത്തിലേക്ക് നയിച്ച ശേഷം കോണ്ടെ മറ്റൊരു ടീമിന്റെയും പരിശീലകനായി സ്ഥാനമേറ്റിട്ടില്ല. ഒലെ ഗുണ്ണാര്‍ സോള്‍ഷ്യര്‍ യുണൈറ്റഡിന്റെ പരിശീലക സ്ഥാനം വീണ്ടും ഭദ്രമാക്കിയതോടെ കോണ്ടെ ടോട്ടനത്തിലേക്ക് ചേക്കേറാനാണ് സാധ്യത.

Content Highlights: Tottenham Hotspur sacks head coach Nuno Espirito Santo