ലണ്ടന്‍: കോവിഡ്-19 രോഗവ്യാപനത്തെ തുടര്‍ന്ന് ഫുട്ബോള്‍ മത്സരങ്ങള്‍ നിലച്ചതോടെ ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടനത്തിന്റെ ദക്ഷിണ കൊറിയന്‍ താരമായ സണ്‍ ഹ്യും മിന്‍ സ്വന്തം രാജ്യത്ത് സൈനിക സേവനത്തിന് ചേരും.

താരം നിര്‍ബന്ധിത സൈനിക സേവനത്തിന് ഒരുങ്ങുകയാണെന്ന് ടോട്ടനം ക്ലബ്ബ് അറിയിച്ചു. ഒരു മാസം തെക്കന്‍ കൊറിയയിലെ ജെജുവിലാകും താരം സൈനികസേവനം നടത്തുക. അവധിക്കു നാട്ടിലെത്തിയതാണ് താരം. കഴിഞ്ഞയാഴ്ചയാണ് സണ്‍ നാട്ടിലേക്കു മടങ്ങിയത്.

പൂര്‍ണ ആരോഗ്യവാന്മാരായ ദക്ഷിണ കൊറിയക്കാര്‍ക്ക് 2 വര്‍ഷത്തെ സൈനിക സേവനം നിര്‍ബന്ധമാണ്. എന്നാല്‍, 2018-ലെ ഏഷ്യന്‍ ഗെയിംസില്‍ ദക്ഷിണ കൊറിയന്‍ ഫുട്‌ബോള്‍ ടീം സ്വര്‍ണം നേടിയതിനു പകരമായി ടീമംഗങ്ങളെ സൈനിക സേവനത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍, മൂന്നാഴ്ച അടിസ്ഥാന പരിശീലനവും 500 മണിക്കൂര്‍ സാമൂഹിക സേവനവും നിര്‍ബന്ധമാക്കിയിരുന്നു. ഇതിനായാണ് ഇരുപത്തിയേഴുകാരന്‍ സണ്‍ ഇപ്പോള്‍ ഒരുങ്ങുന്നത്.

ഫെബ്രുവരിയില്‍ ആസ്റ്റണ്‍ വില്ലക്കെതിരായ മത്സരത്തിനിടെ കൈയുടെ എല്ലിന് പൊട്ടലുണ്ടായതിനാല്‍ സണ്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ ടോട്ടനത്തിനായി കളിക്കാനിറങ്ങിയിരുന്നില്ല. സൈനിക സേവനത്തിനുശേഷം ഹ്യൂങ് മിന്‍ മെയ് അവസാനവാരം ക്ലബ്ബില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്.

Content Highlights: Tottenham Hotspur player Son Heung-min to Start Mandatory Military Service in South Korea