ലണ്ടന്‍: ആശങ്കകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമം, ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടനം ഹോട്‌സ്പറിന്റെ പരിശീലകനായി ആന്റോണിയോ കോണ്ടെ നിയമിതനായി. മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകനായി സ്ഥാനമേല്‍ക്കുമെന്നുള്ള വാര്‍ത്തകള്‍ നിലനില്‍ക്കെയാണ് കോണ്ടെ ടോട്ടനത്തിന്റെ മാനേജരായത്.

സീസണിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് പരിശീലകന്‍ ന്യൂനോ എസ്പിരിറ്റോ സാന്റോയെ ടോട്ടനം പുറത്താക്കിയതിനെത്തുടര്‍ന്നാണ് കോണ്ടെ ടീമിനൊപ്പം ചേര്‍ന്നത്. 52-കാരനായ കോണ്ടെ മുമ്പ് ചെല്‍സിയെ പ്രീമിയര്‍ ലീഗില്‍ ചാമ്പ്യന്മാരാക്കിയിരുന്നു. 

ഇന്റര്‍മിലാന് കഴിഞ്ഞ സീസണില്‍ ഇറ്റാലിയന്‍ സീരി എ കിരീടം നേടിക്കൊടുത്ത കോണ്ടെ പിന്നീട് ഒരു ക്ലബ്ബിലേക്കും ചേക്കേറിയിരുന്നില്ല. ഇന്റര്‍ മാനേജുമെന്റുമായി ഉടക്കിയാണ് താരം ടീം വിട്ടത്.

ഇന്റര്‍ വിട്ടശേഷം ഇറ്റാലിയന്‍ പരിശീലകന്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിലേക്ക് എത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍, ന്യൂനോക്ക് പകരം കോണ്ടെയെ കൊണ്ടുവരാന്‍ ടോട്ടനം മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു. യുണൈറ്റഡ് മാനേജരായി ഒലെ ഗുണ്ണാര്‍ സോള്‍ഷ്യര്‍ തുടര്‍ന്നേക്കും.

Content Highlights: Tottenham Hotspur appoint serial winner Antonio Conte as new manager