Photo: twitter.com/premierleague
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ടോട്ടനം ഹോട്സ്പറിന് വിജയം. എവര്‍ട്ടണെ എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്ക് മുക്കിയാണ് ടോട്ടനം വിജയമാഘോഷിച്ചത്. ഈ വിജയത്തോടെ പ്രീമിയര്‍ ലീഗില്‍ ആദ്യ നാലിലിടം നേടാനുള്ള ടീമിന്റെ പ്രതീക്ഷകള്‍ക്ക് ജീവന് വെച്ചു.
ഇരട്ട ഗോള്‍ നേടിയ നായകന് ഹാരി കെയ്നിനിന്റെ മികവിലാണ് ടോട്ടനം മികച്ച വിജയം നേടിയത്. സണ്‍ ഹ്യൂങ് മിന്, സെര്‍ജിയോ റെഗുലിയണ് എന്നിവരും ടോട്ടനത്തിനായി വലകുലുക്കി. മൈക്കിള്‍ കീനിന്റെ സെല്‍ഫ് ഗോളും ടീമിന് തുണയായി.
ഇരട്ടഗോള്‍ നേടിയതോടെ കെയ്ന്‍ പ്രീമിയര്‍ ലീഗിലെ എക്കാലത്തെയും വലിയ ഗോള്‍സ്കോറര്‍മാരുടെ പട്ടികയില്‍ ആറാം സ്ഥാനത്തെത്തി. തിയറി ഹെന്റിയെ മറികടന്നാണ് കെയ്ന്‍ ആറാമതെത്തിയത്. 176 ഗോളുകളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. 260 ഗോളുകളുള്ള അലന് ഷിയററാണ് പട്ടികയില്‍ ഒന്നാമത്.
ഈ വിജയത്തോടെ ടോട്ടനം പോയന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്ത് തുടരുന്നു. 26 മത്സരങ്ങളില്‍ നിന്ന് 45 പോയന്റാണ് ടീമിനുള്ളത്. മറ്റുള്ള ടീമുകളെ അപേക്ഷിച്ച് രണ്ട് മത്സരങ്ങള്‍ കുറച്ചുകളിച്ച ടോട്ടനത്തിന് ആദ്യ നാലില്‍ കയറാനുള്ള സാധ്യതകള്‍ ഏറെയാണ്. അടുത്ത രണ്ട് മത്സരങ്ങളിലും വിജയിച്ചാല്‍ പോയന്റ് 51 പോയന്റാകും. ഇതുവഴി മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, വെസ്റ്റ് ഹാം എന്നീ ടീമുകളെ മറികടന്ന് മുന്നിലെത്താം. 25 മത്സരങ്ങള്‍ കളിച്ച് 48 പോയന്റ് നേടിയ ആഴ്സനലാണ് ആദ്യ നാലിലെത്താന്‍ ടോട്ടനത്തിനൊപ്പം മത്സരിക്കുന്നത്.
നിലവില്‍ 28 മത്സരങ്ങളില്‍ നിന്ന് 69 പോയന്റുള്ള മാഞ്ചെസ്റ്റര്‍ സിറ്റിയാണ് പട്ടികയില്‍ ഒന്നാമത്. അവസാന മത്സരത്തില്‍ സിറ്റി ചിരവൈരികളായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ ഒന്നിനെതിരേ നാലുഗോളുകള്‍ക്ക് നാണംകെടുത്തിയിരുന്നു. 27 മത്സരങ്ങളില്‍ നിന്ന് 63 പോയന്റുള്ള ലിവര്‍പൂളാണ് രണ്ടാമത്. 26 മത്സരങ്ങളില്‍ നിന്ന് 53 പോയന്റുള്ള ചെല്‍സി മൂന്നാമതാണ്. ഈ മൂന്ന് ടീമുകളും ആദ്യ നാലില്‍ സ്ഥാനമുറപ്പിച്ചുകഴിഞ്ഞു.
നാലാം സ്ഥാനത്തിനായി നിലവില്‍ ടോട്ടനവും ആഴ്സനലുമാണ് മത്സരിക്കുന്നത്. 28 മത്സരങ്ങളില്‍ നിന്ന് 47 പോയന്റുള്ള മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് ആദ്യ നാലില്‍ ഇടം നേടാനുള്ള സാധ്യതകള്‍ കുറവാണ്. നിലവില്‍ 28 മത്സരങ്ങളില്‍ നിന്ന് 47 പോയന്റാണ് ടീമിനുള്ളത്. മറുവശത്ത് എവര്ട്ടണ് തുടര്‍ച്ചയായ മൂന്ന് മത്സരങ്ങള്‍ പരാജയപ്പെട്ട് 17-ാം സ്ഥാനത്തേക്ക് വീണു. 25 മത്സരങ്ങളില്‍ നിന്ന് വെറും 22 പോയന്റാണ് ടീമിന്റെ സമ്പാദ്യം.
Content Highlights: Tottenham Crush Struggling Everton To Boost Top Four Bid
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..