ലണ്ടന്‍: വമ്പന്മാരായ ആഴ്‌സനലും എ.സി.മിലാനും ടോട്ടനം ഹോട്‌സ്പറും യൂറോപ്പ ലീഗിന്റെ പ്രീ ക്വാര്‍ട്ടറില്‍. ആഴ്‌സനല്‍ റാപ്പിഡ് വിയനിനെ തോല്‍പ്പിച്ചപ്പോള്‍ എ.സി മിലാന്‍ സെല്‍റ്റിക്കിനെ കീഴടക്കി. ലാസ്‌കിനോട് സമനില വഴങ്ങിയെങ്കിലും ടോട്ടനം പ്രീകാര്‍ട്ടറില്‍ പ്രവേശിച്ചു. എന്നാല്‍ കരുത്തരായ ലെസ്റ്ററിനെ എതിരില്ലാത്ത ഒരു ഗോളിന് സോര്യ ലുഹാന്‍സ്‌ക് അട്ടിമറിച്ചു.

ഒന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് റാപ്പിഡ് വിയനിനെ ആഴ്‌സനല്‍ പരാജയപ്പെടുത്തിയത്. ലാക്കസെറ്റ്, മാറി, നിക്കേടിയ, സ്മിത്ത് എന്നിവര്‍ ഗണ്ണേഴ്‌സിനായി സ്‌കോര്‍ ചെയ്തപ്പോള്‍ റാപ്പിഡ് വിയനിനുവേണ്ടി കിറ്റാഗാവ ആശ്വാസഗോള്‍ നേടി.

രണ്ടിനെതിരെ നാലുഗോളുകള്‍ക്കാണ് മിലാന്‍ സെല്‍റ്റിക്കിനെ പരാജയപ്പെടുത്തിയത്. കല്‍ഹനോഗ്ലു, കാസ്റ്റിലെഹോ, ഹൗജ്, ഡയസ് എന്നിവരാണ് മിലാന് വേണ്ടി ഗോള്‍ നേടിയത്. സെല്‍റ്റിക്കിന് വേണ്ടി റോജിക്, എഡോവാര്‍ഡ് എന്നിവര്‍ സ്‌കോര്‍ ചെയ്തു. സൂപ്പര്‍ താരം ഇബ്രഹാമോവിച്ച് ഇല്ലാതെയാണ് മിലാന്‍ കളിക്കാനിറങ്ങിയത്. 

റയല്‍ മഡ്രിഡില്‍ നിന്നും ടോട്ടനത്തിലേക്ക് തിരിച്ചെത്തിയ ഗരെത് ബെയ്ല്‍ ആദ്യമായി യൂറോപ്പ ലീഗില്‍ സ്‌കോര്‍ ചെയ്ത മത്സരത്തില്‍ ഇരുടീമുകളും മൂന്നുഗോള്‍ വീതം നേടി. ടോട്ടനത്തിനായി ബെയ്‌ലും സണ്ണും ഡെലെ അലിയും സ്‌കോര്‍ ചെയ്തപ്പോള്‍ മിച്ചോരി, എഗ്ഗെസ്‌റ്റെയ്ന്‍, കരമോക്കോ എന്നിവരാണ് ലാസ്‌കിന്റെ ഗോള്‍ സ്‌കോറര്‍മാര്‍.

മറ്റൊരു മത്സരത്തില്‍ നിലവില്‍ ലാലിഗയിലെ ഒന്നാം സ്ഥാനക്കാരായ റയല്‍ സോസിഡാഡ് ദുര്‍ബലരായ റിയേക്കയോട് സമനില വഴങ്ങി. 

Content Highlights: Tottenham, AC Milan, Arsenal reach knockout stage of Europa League