രിത്രം രചിച്ച് മടങ്ങിയവരുടെയും ഒന്നുമല്ലാതെയായിത്തീര്‍ന്നവരുടെയും കഥയുമായാണ് ഈ സീസണിലെ യൂറോപ്യന്‍ ലീഗുകള്‍ക്ക് തിരശ്ശീല വീഴുന്നത്. ഫ്രഞ്ച് ലീഗും ഇറ്റാലിയന്‍ സീരി എയും ബുണ്ടസ് ലിഗയും പ്രവചനങ്ങള്‍ക്കനുസരിച്ചു തന്നെ അവസാനിക്കുമ്പോള്‍ എല്ലാവരുടെയും പ്രതീക്ഷകള്‍ക്കപ്പുറമുള്ള സംഭവങ്ങള്‍ക്കാണ് പ്രീമിയര്‍ ലീഗ് സാക്ഷ്യം വഹിച്ചത്. ശനിയാഴ്ച്ച നടക്കുന്ന റയലിന്റെയും ബാഴ്‌സയുടെയും മത്സരത്തോടെ ലാ ലിഗയിലെ അനിശ്ചിതത്വത്തിനും വിരാമമാകും. 

ഫ്രഞ്ച് ലീഗില്‍ പി.എസ്.ജിയും ബുണ്ടസ് ലിഗയില്‍ ബയറണ്‍ മ്യൂണിക്കും തുടര്‍ച്ചയായ നാലാം വിജയം ആഘോഷിച്ചപ്പോള്‍ ഇറ്റാലിയന്‍ സീരി എയില്‍ അഞ്ചാം തവണയും കിരീടം നേടിയാണ് യുവന്റസ് കരുത്ത് തെളിയിച്ചത്. പ്രീമിയര്‍ ലീഗിലാകട്ടെ ചെല്‍സി, ആഴ്‌സണല്‍, മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലിവര്‍പൂള്‍ എന്നീ വമ്പന്‍മാരെ തോല്‍പ്പിച്ച് ലെസ്റ്റര്‍ സിറ്റിയെന്ന കുഞ്ഞന്‍ ടീം ആദ്യമായി കിരീടത്തില്‍ മുത്തമിട്ടു.
 
ഇനി ഗോള്‍വേട്ടക്കാരുടെ കണക്കെടുക്കുകയാണെങ്കില്‍ ലാ ലിഗയില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെയും ലയണല്‍ മെസ്സിയെയും പിന്തള്ളി ലൂയി സുവാരസ് തന്റെ കഴിവ് തെളിയിച്ചു. എന്നാല്‍ പ്രീമിയര്‍ ലീഗില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ടോട്ടനത്തിന്റെ ഹാരി കെയ്ന്‍ 25 ഗോളുമായി ഒന്നാമതെത്തി. 24 ഗോളുമായി സിറ്റിയുടെ കുന്‍ അഗ്യൂറോയും ലെസ്റ്ററിന്റെ ജാമി വാര്‍ഡിയും തൊട്ടുപിന്നില്‍ തന്നെ സ്ഥാനം കണ്ടെത്തി. ബുണ്ടസ് ലിഗയില്‍ ബയറണ്‍ മ്യൂണിക്കിന്റെ വിജയത്തില്‍ നിര്‍ണായകമായ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി തന്നെയാണ് മുന്നിലുള്ളത്. ഫ്രഞ്ച് ലീഗില്‍ പി.എസ്.ജിയുടെ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചും ഇറ്റാലിയന്‍ സീരി എയില്‍ നാപ്പോളിയുടെ ഗോണ്‍സാലോ ഹിഗ്വെയ്‌നും ഒന്നാമതെത്തി ആരാധകരുടെ പ്രതീക്ഷ കാത്തു. 

ലൂയി സുവാരസ് - 37 ഗോളുകള്‍ ( ലാ ലിഗ-ബാഴ്‌സലോണ)

Luis Suarez

ലിവര്‍പൂളില്‍ നിന്ന രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഉറുഗ്വെയ്ന്‍ ഫോര്‍വാഡായ സുവാരസ് ബാഴ്‌സയിലെത്തുന്നത്. അതും 625 കോടി രൂപയ്ക്ക് അഞ്ചു വര്‍ഷത്തെ കരാറില്‍. എന്നാല്‍ ലോകകപ്പിനിടെ ഇറ്റാലിയന്‍ താരമായ ചെല്ലീനിയെ കടിച്ചതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ സുവാരസിന് നാല് മാസങ്ങള്‍ക്ക് ശേഷമാണ് ബാഴ്‌സയില്‍ ആദ്യ മത്സരം കളിക്കാനായത്. ഈ സീസണില്‍ നെയ്മറും മെസ്സിയുമടങ്ങുന്ന താരനിബിഡമായ ടീമില്‍ തന്റേതായ സ്ഥാനം കണ്ടെത്താന്‍ സുവാരസിന് സാധിച്ചു. വലന്‍സയക്കെതിരെ നാല് ഗോളടിച്ച സുവാരസ് ഈ നേട്ടം ഡീപോര്‍ട്ടീവോ, സ്‌പോര്‍ട്ടിങ് എന്നീ ടീമുകള്‍ക്കെതിരെയും പുറത്തെടുത്തു. ഇതോടൊപ്പം രണ്ട് ചരിത്ര നേട്ടങ്ങള്‍ കൂടിയാണ് സുവാരസ് സ്വന്തമാക്കിയത്. തുടര്‍ച്ചയായ രണ്ട് മത്സരങ്ങളിലും നാല് ഗോളടിക്കുന്ന ലാ ലിഗയിലെ ആദ്യ താരമെന്ന റെക്കോര്‍ഡും ലാ ലിഗയിലെ ഒരു സീസണില്‍ 35 ഗോളുകള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡും സുവാരസ് സ്വന്തം പേരില്‍ കുറിച്ചു. 

ഹാരി കെയ്ന്‍ - 25 ഗോളുകള്‍ ( ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് - ടോട്ടനം) 

Harry Kane

ടോട്ടനത്തില്‍ ഹാരി കെയ്‌നെന്ന ഇംഗ്ലീഷ് ഫോര്‍വാഡിന്റെ ജഴ്‌സി നമ്പര്‍ 18 ആയിരുന്നു. എന്നാല്‍ ഈ സീസണ്‍ തുടങ്ങിയതോടെ അത് പത്തിലേക്ക് മാറ്റി. ഇമ്മാനുവല്‍ അഡെബോയറായിരുന്നു അതിന് മുമ്പ് ടോട്ടനത്തിന്റെ പത്താം നമ്പര്‍ ജഴ്‌സിയണിഞ്ഞിരുന്നത്. ജഴ്‌സി നമ്പര്‍ മാറ്റത്തെ കുറിച്ച് കെയ്‌നിനോട് ചോദിച്ചപ്പോള്‍ ക്ലബ്ബ് ഫുട്‌ബോളിലെ ഇതിഹാസമാകാനാണ് നമ്പര്‍ മാറ്റിയതെന്നായിരുന്നു മറുപടി. ഇതിഹാസമാകാന്‍ ഉറപ്പിച്ചു തന്നെയാണ് കെയ്ന്‍ ഈ സീണില്‍ ടോട്ടനത്തിനായി കളിച്ചത്. ബോര്‍ണമൗത്തിനെതിരെ നേടിയ ഹാട്രിക്, ആഴ്‌സണലിനെതിരെ നേടിയ സമനില ഗോള്‍. ഇങ്ങനെ ക്ലബ്ബിനായുള്ള 50ാം ഗോളും കെയ്ന്‍ പൂര്‍ത്തിയാക്കി. കെയ്ന്‍ സീസണിലെ 22ാം ഗോള്‍ നേടിയത് റെക്കോര്‍ഡുമായാണ്. അതായത് ഒരൊറ്റ പ്രീമിയര്‍ ലീഗ് സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ടോട്ടനം താരമെന്ന റെക്കോര്‍ഡ്. 

സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് - 36 ഗോളുകള്‍ (ഫ്രഞ്ച് ലീഗ് - പി.എസ്.ജി)

Zlatan Ibrahimovic

ഈ സീസണില്‍ പി.എസ്.ജിയോട് വിട പറയുന്ന സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് തന്റെ വിടവാങ്ങലിനെ ഇങ്ങനെ പറഞ്ഞു ''രാജാവായി വന്നു, ഇതിഹാസമായി മടങ്ങുന്നു''. ഇബ്രാഹിമോവിച്ചിന്റെ വാക്കുകള്‍ പോല തന്നെ മൂന്നു തവണയാണ് സ്വീഡിഷ് ഫുട്‌ബോള്‍ താരം ഫ്രഞ്ച് ലീഗിലെ ടോപ്പ് സ്‌കോററായത്. കഴിഞ്ഞ സീസണില്‍ പരിക്ക് മൂലം ഏറെക്കാലം പുറത്തിരുന്ന ഇബ്രാഹിമോവിച്ച് ഈ സീസണില്‍ 36 ഗോളുകളാണ് നേടിയത്. നാലു വര്‍ഷം മാത്രമേ ക്ലബ്ബില്‍ കളിച്ചിട്ടുവെങ്കിലും പി.എസ്.ജിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോര്‍ഡുമായാണ് ഇബ്രാഹിമോവിച്ച് മടങ്ങുന്നത്. 178 കളികളില്‍ നിന്ന് 152 ഗോളുകള്‍. ഞായറാഴ്ച്ച നടക്കുന്ന മത്സരത്തില്‍ രണ്ട് ഗോളുകള്‍ കൂടി നേടിയാല്‍ ഫ്രഞ്ച് ലീഗില്‍ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോര്‍ഡും ഇബ്രാഹിമോവിച്ചിന് സ്വന്തമാക്കാം. 

റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി - 29 ഗോളുകള്‍ ( ബുണ്ടസ് ലിഗ- ബയറണ്‍ മ്യൂണിക്ക്)

Robert Lewandowski

പോളണ്ടിന്റെ മുന്നേറ്റ നിരക്കാരനായ ലെവന്‍ഡോവ്‌സ്‌കി ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്ന് 2014ലിലാണ് ബയറണിലെത്തുന്നത്. ഈ സീസണിന്റെ തുടക്കത്തില്‍ തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചയാളാണ് ലെവന്‍ഡോവ്‌സ്‌കി. മാധ്യമങ്ങള്‍ മാന്ത്രിക പ്രകടനമെന്ന് വിശേഷിപ്പിച്ച ഒമ്പത് മിനിറ്റിനിടെ നേടിയ അഞ്ചു ഗോളുകള്‍. മ്യൂണിക്കിലെ അലിയന്‍സ് അരീനയില്‍ വോള്‍ഫ്‌സ്ബര്‍ഗിനെതിരെയായിരുന്നു ഫുട്‌ബോള്‍ ലോകത്തെ അദ്ഭുതപ്പെടുത്തിയ ലെവന്‍ഡോവ്‌സ്‌കിയുടെ പ്രകടനം. ബുണ്ടസ് ലിഗയിലെ വേഗമേറിയ ഹാട്രിക്കും സ്വന്തം പേരില്‍ കുറിച്ചാണ് അന്ന് ലെവന്‍ഡോവ്‌സ്‌കി കളം വിട്ടത്. 

ഗോണ്‍സാലോ ഹിഗ്വെയ്ന്‍ - 33 ഗോളുകള്‍ (ഇറ്റാലിയന്‍ സീരി എ - നാപ്പോളി)

Gonzalo Higuain

ഇറ്റാലിയന്‍ സീരീസില്‍ അര്‍ജന്റീനന്‍ താരത്തിന്റെ ഗോള്‍വേട്ടയായിരുന്നു ഈ സീസണില്‍ കണ്ടത്. ടോപ്പ് സ്‌കോറര്‍മാരുടെ പട്ടികയില്‍ രണ്ടാമതുള്ള യുവന്റസിന്റെ പൗലോ ഡിബാലയേക്കാള്‍ 16 ഗോളുകളാണ് ഹിഗ്വെയ്ന്‍ അടിച്ചു കൂട്ടിയത്. 2013ല്‍ റയല്‍ മാഡ്രിഡില്‍ നിന്നാണ് ഹിഗ്വെയ്ന്‍ നാപ്പോളിയിലെത്തുന്നത്. സീരി എ കിരീടം നേടാന്‍ നാപ്പോളിക്ക് ആയില്ലെങ്കിലും ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ഹിഗ്വെയ്ന്‍ ഒന്നാമതെത്തിയതില്‍ ക്ലബ്ബിന് ആശ്വാസം കണ്ടെത്താം. 34 മത്സരങ്ങളില്‍ നിന്നാണ് ഹിഗ്വെയ്ന്‍ 33 ഗോള്‍ കണ്ടെത്തിയത്. ഇതിലേക്ക് രണ്ട് ഗോളുകള്‍ കൂടി കൂട്ടിച്ചേര്‍ക്കാനായാല്‍ സീരി എ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ റെക്കോര്‍ഡിനൊപ്പമെത്താന്‍ ഹിഗ്വെയ്‌ന് സാധിക്കും. ഹിഗ്വെയ്ന്‍ ലോകത്തിലെ മികച്ച സ്‌ട്രൈക്കറാണെന്ന് ഇറ്റലിയുടെ മുന്‍ പ്രതിരോധ താരം അലക്‌സാണ്ട്രോ കോസ്റ്റകുര്‍ട്ട വിശേഷിപ്പിച്ചതും ഈ പ്രകടനം കണ്ടു തന്നെയാണ്. 

ഫോട്ടോ കടപ്പാട്: ഗെറ്റി ഇമേജസ്‌