ലണ്ടന്‍: യൂറോപ്പിലെ ടോപ്പ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരാട്ടത്തില്‍ ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിന്റെ പോളിഷ് താരം റോബര്‍ട്ടോ ലെവന്‍ഡോവ്സ്‌കിക്ക് മുന്‍തൂക്കം. ലീഗ് പൂര്‍ത്തിയായപ്പോള്‍ 34 ഗോളും 68 പോയന്റുമായി ലെവന്‍ഡോവ്സ്‌കി ഏറെ മുന്നിലാണ്.

യൂറോപ്പിലെ പ്രമുഖ ലീഗുകളില്‍ ബുണ്ടസ് ലിഗ പോരാട്ടം പൂര്‍ത്തിയായി. സ്പാനിഷ് ലാലിഗ, ഇറ്റാലിയന്‍ സീരി എ ലീഗുകളിലെ താരങ്ങളാണ് ഇനി പ്രധാനമായും മത്സരരംഗത്തുള്ളത്. ഇംഗ്ലീഷ് പ്രീമിയര്‍ലീഗിലെ കളിക്കാര്‍ പോരാട്ടത്തില്‍നിന്ന് പിന്തള്ളപ്പെട്ടു. ഫ്രഞ്ച് ലീഗ് നേരത്തെ അവസാനിപ്പിച്ചു.

ജര്‍മന്‍ ക്ലബ്ബ് റെഡ്ബുള്‍ ലെയ്പ്സിഗിന്റെ തിമോ വെര്‍ണര്‍, ലാസിയോയുടെ സിറോ ഇമ്മൊബൈല്‍, ബൊറൂസ്സിയ ഡോര്‍ട്മുണ്‍ഡിന്റെ എര്‍ലിങ് ഹാളണ്ട്, യുവന്റസിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍. കഴിഞ്ഞ മൂന്നുവട്ടം പുരസ്‌കാരം നേടിയ ബാഴ്സലോണയുടെ ലയണല്‍ മെസ്സി ആറാം സ്ഥാനത്താണ്.

തിമോ വെര്‍ണര്‍ക്ക് 28 ഗോളുകളും 56 പോയന്റുമുണ്ട്. സിറോ ഇമ്മൊബൈലിനും 28 ഗോളുകളും 56 പോയന്റും തന്നെ. 29 ഗോളുകളും 50 പോയന്റുമായി എര്‍ലിങ് ഹാളണ്ടാണ് ഇവര്‍ക്കു പിന്നില്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് 23 ഗോളുകളും 46 പോയന്റുമുണ്ട്. 21 ഗോളുകളും 42 പോയന്റുമായി മെസ്സിയാണ് തൊട്ടുപിന്നില്‍.

അവസാന പത്തു കളിയില്‍ ഏഴുഗോള്‍ നേടിയാല്‍ ഇമ്മൊബൈലിന് ലെവന്‍ഡോവ്സ്‌കിയെ മറികടക്കാം. ക്രിസ്റ്റ്യാനോയ്ക്ക് 12 ഗോള്‍ വേണം. മെസ്സിക്കാവട്ടെ ആറ് കളിയില്‍ 14 ഗോള്‍ നേടണം.

അഞ്ച് പ്രമുഖ ലീഗുകളില്‍ നേടുന്ന ഗോളുകള്‍ക്ക് രണ്ട് പോയന്റ് വീതവും ബാക്കി ലീഗുകളിലെ ഗോളുകള്‍ക്ക് 1.5 പോയന്റ് വീതവുമാണ് ലഭിക്കുന്നത്. ഹാളണ്ട് സാല്‍സ്ബര്‍ഗിന് നേടിയ 16 ഗോളുകള്‍ക്ക് 24 പോയന്റും ഡോര്‍ട്മുണ്‍ഡിന് നേടിയ 13 ഗോളുകള്‍ക്ക് 26 പോയന്റും ലഭിച്ചു.

Content Highlights: Top 5 contenders for the 2019-20 European Golden boot