ബര്‍ലിന്‍: ക്വാറന്റൈന്‍ ചട്ടം ലംഘിച്ച് ടീം ഹോട്ടലില്‍ നിന്ന് തൊട്ടടുത്ത സൂപ്പര്‍ മാര്‍ക്കറ്റില്‍ ടൂത്ത്‌പേസ്റ്റ് വാങ്ങാന്‍ പോയ ജര്‍മന്‍ ക്ലബ്ബ് ഓഗ്‌സ്ബര്‍ഗ് എഫ്.സിയുടെ പരിശീലകനെതിരേ നടപടി. ബുണ്ടസ് ലിഗ ശനിയാഴ്ച പുനഃരാരംഭിക്കാനിരിക്കെയാണ് ഓഗ്‌സ്ബര്‍ഗ് പരിശീലകന്‍ ഹെയ്‌കോ ഹെര്‍ലിച്ച് ക്വാറന്റൈന്‍ ലംഘിച്ചത്.

ഇതോടെ നാളെ നടക്കാനിരിക്കുന്ന വൂള്‍വ്‌സ്ബര്‍ഗിനെതിരായ ഓഗ്‌സ്ബര്‍ഗിന്റെ മത്സരത്തില്‍ ഇദ്ദേഹത്തിന് പുറത്തിരിക്കേണ്ടിവരും. ടീം ഹോട്ടലില്‍നിന്ന് അനുമതിയില്ലാതെ പുറത്തിറങ്ങിയതുവഴി താന്‍ ലീഗിന്റെ ക്വാറന്റൈന്‍ ചട്ടം ലംഘിച്ചതായി ഹെര്‍ലിച്ച് സമ്മതിച്ചു. എങ്കിലും എല്ലാ സുരക്ഷാ മുന്നൊരുക്കങ്ങളും താന്‍ പാലിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച നടക്കുന്ന ടീമിന്റെ പരിശീലന സെഷനിലും ഇദ്ദേഹത്തിന് പങ്കെടുക്കാനാകില്ല.

48-കാരനായ ഹെര്‍ലിച്ച് മാര്‍ച്ച് 10-നാണ് ക്ലബ്ബിന്റെ പരിശീലകനായി നിയമിതനായത്. ശനിയാഴ്ച വൂള്‍വ്‌സ്ബര്‍ഗിനെതിരേ നടക്കേണ്ടിയിരുന്നത് ഓഗ്‌സ്ബര്‍ഗിന്റെ പരിശീലകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ ആദ്യ മത്സരമായിരുന്നു. ബയെര്‍ ലെവര്‍ക്കൂസന്റെ മുന്‍ പരിശീലകനായിരുന്നു ഇദ്ദേഹം.

Content Highlights: Toothpaste trip Bundesliga Augsburg boss Heiko Herrlich will miss restart