പാരിസ്: ഫുട്‌ബോളിനിടെ ഇരുടീമുകളിലെയും താരങ്ങള്‍ തമ്മില്‍ ഗ്രൗണ്ടില്‍ വഴക്കുണ്ടാകല്‍ പതിവുള്ള കാര്യമാണ്. ഈ വഴക്കെല്ലാം അവസാനിപ്പിക്കുന്നതാകട്ടെ, കളി നിയന്ത്രിക്കുന്ന റഫറിയാണ്. എന്നാല്‍ റഫറി തന്നെ വഴക്കുണ്ടാക്കിയാലോ? അതും കളിക്കാരനെ കാലുവെച്ച് വീഴ്ത്തി. അങ്ങനെയൊരു അപൂര്‍വ്വ സംഭമാണ് കഴിഞ്ഞ മാസം ഫ്രഞ്ച് ലീഗിലുണ്ടായിരുന്നത്. ഫ്രഞ്ച് റഫറിയായ ടോണി ഷാപ്രോണാണ് ഈ വിവാദത്തിന് പിന്നിലുള്ള വ്യക്തി. 

ഏതായാലും അതിനുള്ള ശിക്ഷ ഷാപ്രോണിന് കിട്ടി. ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതി ആറു മാസത്തേക്ക് റഫറിയെ വിലക്കി ഉത്തരവിട്ടു. സമിതിക്ക് മുമ്പാകെ ഷാപ്രോണ്‍ വിചാരണക്ക് ഹാജരായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. 

പി.എസ്.ജിയും നാന്റസും തമ്മിലുള്ള മത്സരത്തിനിടെയാണ് റഫറി മോശമായി പെരുമാറിയത്‌. പി.എസ്.ജി ബോക്‌സിലേക്ക് മുന്നേറുമ്പോള്‍ നാന്റസ് താരം ഡീഗോ കാര്‍ലോസുമായി കൂട്ടിയിടിച്ച് വീണതാണ് ഷാപ്രോണിനെ പ്രകോപിപ്പിച്ചത്. കാര്‍ലോസ് അറിയാതെയാണ് ഷാപ്രോണിനെ വീഴ്ത്തിയത്. പക്ഷേ ദേഷ്യം നിയന്ത്രിക്കാനാകാതെ ഷാപ്രോണ്‍ കാല്‍വെച്ച കാര്‍ലോസിനെ തിരിച്ചുവീഴ്ത്താന്‍ ശ്രമിക്കുകയായിരുന്നു.

തുടര്‍ന്ന് വിസിലൂതി കളി നിര്‍ത്തിയ ഷാപ്രോണ്‍ കാര്‍ലോസിന് ചുവപ്പ് കാര്‍ഡ് കാണിക്കുകയും ചെയ്തു. കളിക്കാര്‍ പ്രതിഷേധിച്ചെങ്കിലും റഫറി തീരുമാനം മാറ്റിയില്ല. സംഭവം ശ്രദ്ധയില്‍പെട്ടതിന് പിന്നാലെ ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ ഷാപ്രോണിനെ സസ്‌പെന്റ് ചെയ്തിരുന്നു. 

സമിതിക്ക് മുമ്പാകെ ഷാപ്രോണ്‍ തനിക്ക് വേണ്ടി വാദിച്ചു. തീരുമാനം പുന;പരിശോധിക്കണമെന്നും കാര്‍ലോസാണ് തന്നെ വീഴ്ത്തിയതെന്നുമായിരുന്നു 45കാരനായ ഷാപ്രോണിന്റെ വാദം. എന്നാല്‍ സമിതി അതു തള്ളിക്കളഞ്ഞ് നടപടി സ്വീകരിക്കുകയായിരുന്നു. നാന്നൂറിലധികം മത്സരങ്ങള്‍ നിയന്ത്രിച്ച റഫറിയാണ് ഷാപ്രോണ്‍.

Content Highlights: Tony Chapron French referee gets six month ban