സ്‌കോപ്യെ: ഖത്തറില്‍ വെച്ച് നടക്കുന്ന 2022 ലോകകപ്പിന് യോഗ്യത നേടി മുന്‍ ചാമ്പ്യന്മാരായ ജര്‍മനി. യോഗ്യതാ മത്സരത്തില്‍ ഉത്തര മാസിഡോണിയയെ എതിരില്ലാത്ത നാലുഗോളുകള്‍ക്ക് തകര്‍ത്താണ് ജര്‍മനി ലോകകപ്പ് യോഗ്യത സ്വന്തമാക്കിയത്. 

പുതിയ പരിശീലകന്‍ ഹാന്‍സി ഫ്‌ളിക്കിന് കീഴില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുന്ന ജര്‍മനി ഗ്രൂപ്പ് ജെ യില്‍ ഒന്നാം സ്ഥാനക്കാരായാണ് ലോകകപ്പ് യോഗ്യത നേടിയത്. ഉത്തര മാസിഡോണിയയുടെ ഹോം ഗ്രൗണ്ടില്‍ വെച്ചുനടന്ന മത്സരത്തില്‍ ജര്‍മനിയ്ക്ക് വേണ്ടി സൂപ്പര്‍താരം തിമോ വെര്‍ണര്‍ ഇരട്ട ഗോളുകള്‍ നേടി. കൈ ഹാര്‍വെര്‍ട്‌സും ജമാല്‍ മുസിയാലയും ടീമിനായി ഗോള്‍വല ചലിപ്പിച്ചു. 

ഇതിനുമുന്‍പ് ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഉത്തര മാസിഡോണിയ ജര്‍മനിയെ അട്ടിമറിച്ചിരുന്നു. അതിനുള്ള പ്രതികാരം കൂടിയായി ജര്‍മന്‍ പടയ്ക്ക് ഈ വിജയം. 

മറ്റ് മത്സരങ്ങളില്‍ നെതര്‍ലന്‍ഡ്‌സ് എതിരില്ലാത്ത ആറുഗോളുകള്‍ക്ക് ജിബ്രാള്‍ട്ടറിനെ തകര്‍ത്തപ്പോള്‍ റഷ്യ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് സ്ലൊവേനിയയെ കീഴടക്കി. വെയ്ല്‍സ് 1-0 ന് എസ്‌തോണിയയെ കീഴടക്കിയപ്പോള്‍ കരുത്തരായ ക്രൊയേഷ്യയെ സ്ലൊവാക്യ 2-2 എന്ന സ്‌കോറിന് സമനിലയില്‍ തളച്ചു. 

Content Highlights: Timo Werner Double Sees Germany Qualify For 2022 World Cup