ജംഷഡ്പുര്‍:  ഓസ്‌ട്രേലിയയുടെ ഫുട്‌ബോള്‍ ഇതിഹാസം ടിം കാഹില്‍ ഇനി ഐ.എസ്.എല്ലില്‍ കളിക്കും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് എവര്‍ട്ടന്റെ താരമായിരുന്ന കാഹിലിനെ ജംഷഡ്പുര്‍ എഫ്.സി ടീമിലെത്തിച്ചു. 

എന്നാല്‍ ഇത്ര പണം മുടക്കിയാണ് കാഹിലിനെ ടീമിലെത്തിച്ചതെന്നോ എത്ര വര്‍ഷത്തേക്കാണ് കരാര്‍ എന്നതോ ജംഷഡ്പുര്‍ എഫ്.സി പുറത്തു വിട്ടിട്ടില്ല. ടിം കാഹില്‍ തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ജെംഷഡ്പുരിന്റെ ഭാഗമായതായി പ്രഖ്യാപിച്ചത്, കരാറൊപ്പിടുന്ന ചിത്രവും താരം ട്വീറ്റ് ചെയ്തിട്ടുണ്ട്. 

14 വര്‍ഷം ഓസ്‌ട്രേലിയയുടെ ജഴ്‌സി അണിഞ്ഞ കാഹില്‍ റഷ്യന്‍ ലോകകപ്പിന് ശേഷമാണ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചത്. ഓസ്‌ട്രേലിയക്കായി 50 ഗോളുകളാണ് താരം നേടിയത്. നാല് ലോകകപ്പുകളില്‍ ബൂട്ടണിഞ്ഞ മുപ്പത്തിയെട്ടുകാരനായ സ്ട്രൈക്കര്‍ ഓസ്ട്രേലിയയ്ക്കായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമാണ്. മൂന്ന് ലോകകപ്പില്‍ ഗോള്‍ നേടിയിട്ടുണ്ട്.

2004-ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് കാഹില്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ അരങ്ങേറിയത്. 2006 ലോകകപ്പില്‍ ജപ്പാനെതിരെ കാഹില്‍ ഇരട്ടഗോളുകളടിച്ചു. അന്ന് മറ്റൊരു റെക്കോഡും താരം സ്വന്തമാക്കി. ലോകകപ്പില്‍ ഗോളടിക്കുന്ന ആദ്യ ഓസ്ട്രേലിയന്‍ താരമെന്ന ചരിത്രനേട്ടം. 2010, 2014 ലോകകപ്പിലും കാഹില്‍ ഗോളുകള്‍ നേടി. അതില്‍ 2014 ലോകകപ്പില്‍ നെതര്‍ലാന്‍ഡ്സിനെ ഓസീസ് 3-2 വിറപ്പിച്ചപ്പോള്‍ ഒരു ഗോള്‍ കാഹിലിന്റെ വകയായിരുന്നു. 

തൊട്ടടുത്ത വര്‍ഷം ഏഷ്യന്‍ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയ്ക്കെതിരെ ഓസ്ട്രേലിയക്ക് വിജയമൊരുക്കിയതും കാഹിലിന്റെ ബൂട്ടുകളായിരുന്നു. അന്ന് ഇരട്ടഗോളുകളാണ് കാഹില്‍ നേടിയത്. ആദ്യം ഒരു ബൈസിക്കിള്‍ കിക്കും പിന്നീട് ഒരു ഹെഡ്ഡറും.

Content Highlights; Tim Cahill joins Jamshedpur FC ISL 2018