ലണ്ടന്‍: ടോട്ടനം ഹോട്‌സ്പറിന്റെ പരിശീലക സ്ഥാനത്തുനിന്നും പുറത്താക്കപ്പെട്ട ഫുട്‌ബോള്‍ പരിശീലകന്‍ ഹോസെ മൗറീന്യോ പുതിയ ക്ലബ്ബിലേക്ക് ഉടൻ ചേക്കേറിയേക്കും. പരിശീലകനെത്തേടി മൂന്ന് ക്ലബ്ബുകളാണ് രംഗത്തെത്തിയിരിക്കുന്നത്. 

ഇറ്റാലിയന്‍ വമ്പന്മാരായ എ.സി.മിലാന്‍, പോര്‍ച്ചുഗീസ് ക്ലബ്ബായ എഫ്.സി.പോര്‍ട്ടോ, യുവന്റസ് എന്നീ ടീമുകളാണ് മൗറീന്യോയെ റാഞ്ചാന്‍ ശ്രമിക്കുന്നത്. 

നേരത്തേ പോര്‍ട്ടോയുടെ പരിശീലകനായിരുന്നു മൗറീന്യോ. മൗറീന്യോയുടെ തന്ത്രങ്ങളുടെ കരുത്തില്‍ 2004-ല്‍ താരതമ്യേന ദുര്‍ബലരായ പോര്‍ട്ടോ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയിരുന്നു. കരുത്തരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, ലിയോണ്‍ തുടങ്ങിയ ടീമുകളുടെ അട്ടിമറിച്ച് ഫൈനലിലെത്തിയ പോര്‍ട്ടോ ഫൈനലില്‍ മൊണാക്കോയെ കീഴടക്കി. പോര്‍ട്ടോയിലേക്ക് തന്നെ മൗറീന്യോ തിരിച്ചുപോകുമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ 17 മാസങ്ങളായി ടോട്ടനത്തിന്റെ പരിശീലകനായിരുന്ന മൗറീന്യോ ഇന്നലെയാണ് പുറത്താക്കപ്പെട്ടത്. ലീഗ് കപ്പ് ഫൈനലില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയെ നേരിടുന്നതിന് തൊട്ടുമുന്‍പാണ് പരിശീലകനെ ടീം പുറത്താക്കിയത്. 

മൂന്നുതവണ പ്രീമിയര്‍ ലീഗ് കിരീടം നേടിയ പരിശീലകനാണ് മൗറീന്യോ. മാഞ്ചെസ്റ്റര്‍ യുണൈറ്റഡില്‍ നിന്നാണ് മൗറീന്യോ ടോട്ടനത്തിലെത്തിയത്. യുണൈറ്റഡിനൊപ്പം മൂന്ന് കിരീടങ്ങള്‍ നേടാന്‍ സാധിച്ചിട്ടുണ്ടെങ്കിലും ടോട്ടനത്തിനായി ഒരു കിരീടം പോലും നേടാന്‍ പരിശീലകന് സാധിച്ചില്ല. 

Content Highlights: Three clubs Mourinho can join after getting sacked by Tottenham Hotspur