Photo: twitter.com/Cricketracker
കൊളംബോ: വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഒരു മേജര്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായതിന്റെ ആഹ്ലാദത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമും ആരാധകരും. ഞായറാഴ്ച നടന്ന ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയെ കളിയുടെ എല്ലാ മേഖലകളിലും നിഷ്പ്രഭരാക്കിയായിരുന്നു ടീം ഇന്ത്യയുടെ കിരീട നേട്ടം. 21 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജിന്റെ മികവില്‍ ലങ്കയെ വെറും 50 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 37 പന്തുകളില്‍ വിജയലക്ഷ്യം പൂര്‍ത്തിയാക്കുകയായിരുന്നു. ലോകകപ്പ് തൊട്ടടുത്ത് നില്‍ക്കേ ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നതാണ് ഈ കിരീടനേട്ടം.
ഏഷ്യാ കപ്പ് സമ്മാനദാനത്തിനിടെ ഇന്ത്യന്‍ ടീം അംഗങ്ങളെല്ലാം ട്രോഫി ഉയര്‍ത്തി പോസ് ചെയ്തിരുന്നു. 20-കാരന്‍ തിലക് വര്‍മയാണ് ആദ്യം ട്രോഫി ഉയര്‍ത്തിയത്. കഴിഞ്ഞ കുറേ വര്‍ഷക്കാലമായി ടീമിന്റെ പതിവാണിത്. പലപ്പോഴും ട്രോഫി ഉയര്‍ത്തുക ടീമിലെ പുതിയ അംഗമായ യുവതാരമായിരിക്കും. ഇതിനിടെ ഇന്ത്യന്‍ സംഘത്തിലെ മറ്റൊരു വ്യക്തിയും ട്രോഫി ഉയര്‍ത്തി ടീമിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നു. കളിക്കാരനോ പരിശീലകനോ ഫിസിയോയോ അല്ലാത്ത ഈ വ്യക്തി ആരാണെന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.
ഇന്ത്യന്‍ ടീമിനൊപ്പമുള്ള ത്രോഡൗണ്‍ സ്‌പെഷലിസ്റ്റ് രഘു രാഘവേന്ദ്രയാണിത്. ഇന്ത്യന്‍ സംഘത്തിലെ പ്രധാന വ്യക്തികളിലൊരാള്‍. നെറ്റ്‌സിലും മറ്റും സൈഡ് ആം (നീളമുള്ള സ്പൂണ്‍ പോലെ ആകൃതിയിലുള്ള ക്രിക്കറ്റ് ഉപകരണം) ഉപയോഗിച്ച് ബാറ്റ്സ്മാന്‍മാര്‍ക്ക് പന്ത് എറിഞ്ഞുകൊടുക്കുകയാണ് ത്രോഡൗണ്‍ സ്പെഷ്യലിസ്റ്റായ രഘുവിന്റെ ജോലി. 140-150 കി.മീ വേഗത്തില്‍ വരെ രഘുവിന് ഇത്തരത്തില്‍ ബൗള്‍ ചെയ്യാനാകും. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നിന്നാണ് രഘു ബിസിസിഐയുടെയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെയും ഭാഗമാകുന്നത്. ഇന്ത്യയുടെ ആദ്യ ത്രോഡൗണ്‍ സ്‌പെഷലിസ്റ്റ് കൂടിയാണ് രഘു.
നേരത്തേ 2022-ലെ ട്വന്റി 20 ലോകകപ്പിനിടെയാണ് രഘു ആദ്യമായി വാര്‍ത്തകളില്‍ ഇടംനേടുന്നത്. അഡ്‌ലെയ്ഡിലെ മഴയില്‍ കുതിര്‍ന്ന ഔട്ട്ഫീല്‍ഡില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇന്ത്യ ജയംനേടിയതിനു പിന്നാലെയാണ് രഘു താരമായത്. അന്ന് മഴ തടസപ്പെടുത്തിയ മത്സരം പുനരാരംഭിച്ച ശേഷം ഒരു കൈയില്‍ വെള്ളക്കുപ്പിയും മറുകൈയില്‍ ഒരു ബ്രഷുമായി ബൗണ്ടറിക്കപ്പുറത്ത് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന രഘു വളരെ പെട്ടെന്നുതന്നെ ശ്രദ്ധ പിടിച്ചുപറ്റി. അഡ്‌ലെയ്ഡിലെ മഴ കാരണം ഇന്ത്യന്‍ താരങ്ങള്‍ക്ക് ഫീല്‍ഡിങ് ദുഷ്‌കരമായിരുന്നു. രഘു കൃത്യമായി ഓരോ താരത്തിനും അടുത്തെത്തി അവരുടെ സ്‌പൈക്ക്‌സിന്റെ അടിഭാഗം വൃത്തിയാക്കി കൊടുക്കുന്നുമുണ്ടായിരുന്നു. ഇതിനായിരുന്നു കൈയിലെ ബ്രഷ്. ഫലമോ മഴയില്‍ കുതിര്‍ന്ന ഔട്ട്ഫീല്‍ഡില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഓടാനും മറ്റുമുള്ള പ്രയാസം ഇല്ലാതായി.
Content Highlights: there was another man who lifted the Asia Cup trophy He was neither player nor a coach or a physio
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..