കോഴിക്കോട്: എ.എഫ്.സി. ഏഷ്യ കപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ടീം പരിശീലന മത്സരത്തില്‍ ഗോകുലം വനിതാ ടീമിനെ നേരിടും. വൈകുന്നേരം 4.30 ന് കൊച്ചി പനമ്പള്ളി നഗറിലാണ് മത്സരം.

ജനുവരി 20-നാണ് എഷ്യാ കപ്പ്. ഇതിന് മുന്നോടിയായി കേരളത്തില്‍ ത്രിരാഷ്ട്ര ടൂര്‍ണമെന്റ് നടത്താന്‍ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ ആലോചിച്ചിരുന്നു. എന്നാല്‍, ഒമിക്രോണ്‍ വ്യാപനത്തോടെ ഈ ടൂര്‍ണമെന്റ് റദ്ദാക്കി. ഇതോടെയാണ് ശക്തരായ ഗോകുലം വനിതാ ടീമുമായി കളിക്കാന്‍ തീരുമാനിച്ചത്. തോമസ് ഡെന്നര്‍ബി മുഖ്യപരിശീലകനായ ടീമിന്റെ സഹപരിശീലക മലയാളിയായ പി.വി. പ്രിയയാണ്. സംസ്ഥാന വനിതാ ലീഗില്‍ ഗോള്‍ വര്‍ഷിച്ചു ജയിക്കുന്ന ക്ലബ്ബാണ് ഗോകുലം. മൂന്ന് കളിയില്‍ ടീം 43 ഗോള്‍ നേടി.

ഗോകുലത്തിലെ ഏഴ് കളിക്കാരാണ് ഇന്ത്യന്‍ ടീമിലുള്ളത്. ബ്രസീലിനെതിരേ ഗോള്‍ നേടിയ മനീഷ കല്യാണ്‍, ഡാങ്മെയ് ഗ്രെയ്സ്, ഗോള്‍കീപ്പര്‍ അദിതി ചൗഹാന്‍, രഞ്ജന ചാനു, ഡാലിമ ചിബ്ബര്‍, റിതു റാണി, സഞ്ജു യാദവ് തുടങ്ങിയവര്‍ ഇന്ത്യന്‍ടീമിലെ ഗോകുലം താരങ്ങളാണ്. ഘാന സ്ട്രൈക്കര്‍ എല്‍ഷാദെയ് അച്ചെയംപോങ്, മ്യാന്‍മാര്‍ മുന്നേറ്റനിരതാരം വിന്‍ തെയ്ന്‍ഗി ടുണ്‍ എന്നീ വിദേശതാരങ്ങളും ഒരുസംഘം യുവതാരങ്ങളുമാണ് ഗോകുലത്തിന്റെ കരുത്ത്. ആന്റണി ആന്‍ഡ്രൂസാണ് പരിശീലകന്‍.

Content Highlights: The Indian women's football team will take on the Gokulam women's team in a training match