മാഡ്രിഡ്: യൂറോപ്യന്‍ സൂപ്പര്‍ ലീഗ് പദ്ധതി ഇല്ലാതായിട്ടില്ലെന്നും ഇപ്പോള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുക മാത്രമാണെന്നും സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന്റെ പ്രസിഡന്റ് ഫ്ളോറന്റീനൊ പെരസ്. യൂറോപ്യന്‍ സൂപ്പര്‍ ലീഗിന്റെ ചെയര്‍മാന്‍ കൂടിയാണ് പെരസ്.

യൂറോപ്യന്‍ സൂപ്പര്‍ ലീഗ് ഇല്ലാതായെന്ന് ആരും കരുതേണ്ടതില്ലെന്ന് പറഞ്ഞ പെരസ്, കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി സൂപ്പര്‍ ലീഗ് തിരികെ വരുമെന്നും കൂട്ടിച്ചേര്‍ത്തു. ചില പ്രശ്‌നങ്ങള്‍ കാരണം ഇപ്പോള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

''സൂപ്പര്‍ ലീഗിന്റെ ഭാഗമായിട്ടുള്ള 12 ക്ലബ്ബുകളും പിന്മാറിയിട്ടില്ല. എല്ലാവരും കരാര്‍ ഒപ്പിട്ടതാണ്. അതില്‍ നിന്ന് ഇത്തരത്തില്‍ പുറത്തുപോകാന്‍ സാധിക്കില്ല. ഫുട്‌ബോളിനെ രക്ഷിക്കാനായിരുന്നു യൂറോപ്യന്‍ സൂപ്പര്‍ ലീഗ്. ചിലപ്പോള്‍ സൂപ്പര്‍ ലീഗ് എന്താണെന്ന് എല്ലാവരെയും പറഞ്ഞു മനസ്സിലാക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടാകില്ല. പക്ഷേ അത് വിശദമായി പറഞ്ഞുകൊടുക്കാനുള്ള അവസരവും അവര്‍ ഞങ്ങള്‍ക്ക് തന്നില്ല.'' - സ്പാനിഷ് റേഡിയോ സ്‌റ്റേഷന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പെരസ് പറഞ്ഞു.

ആരാധകരോഷം ഭയന്ന് ആറ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ക്ലബ്ബുകള്‍ പിന്മാറിയതോടെയാണ് യൂറോപ്യന്‍ സൂപ്പര്‍ ലീഗ് താത്കാലികമായി ഉപേക്ഷിച്ചത്. മാഞ്ചെസ്റ്റര്‍ സിറ്റി, മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, ലിവര്‍പൂള്‍, ചെല്‍സി, ടോട്ടന്‍ഹാം, ആഴ്സണല്‍ ക്ലബ്ബുകളാണ് പിന്മാറുന്നതായി ബുധനാഴ്ച്ച വ്യക്തമാക്കിയത്.

ആരാധകര്‍ തെരുവിലിറങ്ങുകയും രാഷ്ട്രീയ നേതൃത്വവും കളിക്കാരും വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തതോടെയാണ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചെസ്റ്റര്‍ സിറ്റി, ആഴ്സനല്‍, ചെല്‍സി, ലിവര്‍പൂള്‍, ടോട്ടനം എന്നീ ക്ലബ്ബുകള്‍ ലീഗില്‍ നിന്ന് പിന്മാറിയത്.

പിന്നാലെ, ഇറ്റാലിയന്‍ ക്ലബ്ബുകളായ ഇന്റര്‍മിലാനും എ.സി. മിലാനും സ്പാനിഷ് ക്ലബ്ബ് അത്ലറ്റിക്കോ മഡ്രിഡും അടക്കം ഒമ്പത് ടീമുകള്‍ സൂപ്പര്‍ ലീഗില്‍ കളിക്കില്ലെന്ന് വ്യക്തമാക്കി. ഇതോടെ, യുവന്റസ് ചെയര്‍മാനും ലീഗിന്റെ സഹ ചെയര്‍മാനുമായ ആന്ദ്രെ ആഗ്‌നെല്ലി ലീഗുമായി തത്കാലം മുന്നോട്ടുപോകുന്നില്ലെന്ന് വ്യക്തമാക്കി. ലീഗിന്റെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് നടപ്പാക്കുമെന്നും ആഗ്‌നെല്ലി പറഞ്ഞു.

ഇതോടെ ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസും സ്പാനിഷ് ക്ലബ്ബുകളായ റയല്‍ മാഡ്രിഡ്, ബാഴ്സലോണ, അത്ലറ്റിക്കോ മാഡ്രിഡ് എന്നിവര്‍ മാത്രമാണ് ശേഷിക്കുന്നത്. 

ഫിഫയും യുവേഫയുമടക്കമുള്ള ഫുട്ബോള്‍ അസോസിയേഷനുകള്‍ നേരത്തെ തന്നെ സൂപ്പര്‍ ലീഗിന് എതിരേ രംഗത്തെത്തിയിരുന്നു. ലീഗില്‍ കളിക്കുന്ന ടീമുകളെ വിലക്കുമെന്ന് അസോസിയേഷനുകള്‍ പ്രഖ്യാപിച്ചിരുന്നു. ലീഗില്‍ കളിക്കുന്ന താരങ്ങളെ ദേശീയ ടീമില്‍ നിന്ന് വിലക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Content Highlights: The European Super League is on standby says Florentino Perez