ലണ്ടന്‍: യൂറോപ്പിലെ വമ്പന്‍ ലീഗുകളില്‍ ഇനി സ്പാനിഷ് ലാലിഗയില്‍ മാത്രമാണ് കിരീടജേതാക്കളെ അറിയാനുള്ളത്. എന്നാല്‍, നാല് ലീഗുകളില്‍ ചാമ്പ്യന്‍സ് ലീഗ് ബര്‍ത്തിനായുള്ള മത്സരം അതിശക്തമാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ഇറ്റാലിയന്‍ സീരി എ, ജര്‍മന്‍ ബുണ്ടസ് ലിഗ, ഫ്രഞ്ച് ലീഗ് വണ്‍ ലീഗുകളില്‍ ആദ്യ നാലിലെത്താന്‍ ഇഞ്ചോടിഞ്ച് മത്സരം നടക്കുന്നു.

പ്രീമിയര്‍ ലീഗ്

കിരീടം നേടിയ മാഞ്ചെസ്റ്റര്‍ സിറ്റിയും രണ്ടാം സ്ഥാനത്തുളള മാഞ്ചെസ്റ്റര്‍ യുണൈറ്റഡും ചാമ്പ്യന്‍സ് ലീഗ് ബര്‍ത്തുറപ്പിച്ചു. ശേഷിക്കുന്ന രണ്ട് സ്ഥാനങ്ങള്‍ക്കായി ലെസ്റ്റര്‍ സിറ്റി, ചെല്‍സി, ലിവര്‍പൂള്‍, വെസ്റ്റ്ഹാം യുണൈറ്റഡ് ടീമുകള്‍ പൊരുതുന്നു. ടോട്ടനം, ആഴ്സനല്‍ ടീമുകളുടെ സാധ്യത അവസാനിച്ചു.

സിറ്റി (80), യുണൈറ്റഡ് (70), ലെസ്റ്റര്‍ (66), ചെല്‍സി (64), ലിവര്‍പൂള്‍ (60), വെസ്റ്റ്ഹാം (58) എന്നിങ്ങനെയാണ് പോയന്റ് നില. ലിവര്‍പൂളിനും വെസ്റ്റ്ഹാമിനും മൂന്ന് മത്സരങ്ങളും ബാക്കി ടീമുകള്‍ക്ക് രണ്ട് മത്സരവും ബാക്കിയുണ്ട്. ചെല്‍സിയും ലെസ്റ്ററും തമ്മിലുള്ള കളി നിര്‍ണായകമാകും. മൂന്ന് കളിയും ജയിച്ചാല്‍ ലിവര്‍പൂളിന് മുന്നേറാം. ശക്തരായ എതിരാളികളില്ലാത്തത് ടീമിന് അനുകൂലഘടകമാണ്. വെസ്റ്റ്ഹാമിന് ജയവും മറ്റ് ടീമുകളുടെ മത്സരഫലവും നിര്‍ണായകമാകും.

സീരി എ

രണ്ട് റൗണ്ട് ബാക്കിനില്‍ക്കെ ഇറ്റലിയില്‍ കാര്യങ്ങള്‍ പ്രവചനാതീതമാണ്. 88 പോയന്റുള്ള ഇന്റര്‍മിലാന്‍ കിരീടം നേടി. അറ്റ്ലാന്റ (75), എ.സി. മിലാന്‍ (75), നാപ്പോളി (73), യുവന്റസ് (72) ടീമുകള്‍ ചാമ്പ്യന്‍സ് ലീഗ് ബര്‍ത്തിനായി പൊരുതുന്നു.

അടുത്തറൗണ്ടില്‍ യുവന്റസ്-ഇന്റര്‍മിലാന്‍ പോരാട്ടം നിര്‍ണായകമാകും. ജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ യുവന്റസിന്റെ സാധ്യത അവസാനിക്കും. അവസാനറൗണ്ടില്‍ അറ്റ്ലാന്റയും എ.സി. മിലാനും നേര്‍ക്കുനേര്‍ വരുന്നുണ്ട്. ഇന്റര്‍ മാത്രമാണ് യോഗ്യത ഉറപ്പിച്ചത്.

ബുണ്ടസ് ലിഗ

രണ്ട് റൗണ്ട് ബാക്കിനില്‍ക്കെ, ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കും (74) റെഡ്ബുള്‍ ലെയ്പ്സിഗും (64) യോഗ്യതനേടി. രണ്ട് സ്ഥാനത്തിനായി വോള്‍ഫ്സ്ബര്‍ഗ് (60), ബൊറൂസ്സിയ ഡോര്‍ട്മുണ്‍ഡ് (58), എന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്ട് (57) എന്നീ മൂന്ന് ടീമുകള്‍ മത്സരിക്കുന്നു.

അടുത്തറൗണ്ടില്‍ ലെയ്പ്സിഗിനെ നേരിടാനുള്ളത് വോള്‍ഫ്സ്ബര്‍ഗിന് ഭീഷണിയാണ്. ഡോര്‍ട്മുണ്‍ഡിനും എന്‍ട്രാക്ടിനും വലിയ എതിരാളികളില്ല.

ലീഗ് വണ്‍

ഫ്രഞ്ച് ലീഗ് വണ്ണില്‍ രണ്ട് ബര്‍ത്തുകളുണ്ട്. രണ്ട് റൗണ്ട് അവശേഷിക്കെ ലില്‍ (79), പി.എസ്.ജി. (76), മൊണാക്കോ (74) ടീമുകള്‍ യോഗ്യതയ്ക്കായി പൊരുതുന്നു. ഇവിടെ ലില്ലിനാണ് കിരീടസാധ്യത കൂടുതല്‍. എന്നാല്‍ പി.എസ്.ജി. പ്രതീക്ഷ കൈവിട്ടിട്ടില്ല.

ലാലിഗ

സ്പാനിഷ് ലാലിഗയില്‍ കിരീടം തീരുമാനിക്കപ്പെട്ടിട്ടില്ല. എന്നാല്‍, ചാമ്പ്യന്‍സ് ലീഗ് ബര്‍ത്തിന്റെ കാര്യത്തില്‍ തീരുമാനമായി.

രണ്ട് റൗണ്ട് ബാക്കിനില്‍ക്കെ അത്ലറ്റിക്കോ മഡ്രിഡ് (80), റയല്‍ മഡ്രിഡ് (78), ബാഴ്സലോണ (76), സെവിയ (74) ടീമുകള്‍ യോഗ്യതനേടി.

Content Highlights: The battle for the Champions League berth in major leagues in Europe