ലണ്ടന്‍: ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് കിരീടം ഉറപ്പിച്ചതിനു പിന്നാലെ പ്രതികരണവുമായി പരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പ്. കിരീട നേട്ടം ക്ലബ്ബ് ഇതിഹാസങ്ങള്‍ക്കും ആരാധകര്‍ക്കും സമര്‍പ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. ക്ലബ്ബിന്റെ കിരീട നേട്ടത്തിനു ശേഷമുള്ള ആദ്യ പ്രതികരണത്തില്‍ ആരാധകരുടെ പ്രിയപ്പെട്ട ക്ലോപ്പാശാന്‍ കണ്ണീരടക്കാന്‍ പാടുപെട്ടു.
''ഇതൊരു വലിയ നേട്ടമാണ്. എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല. ഞാന്‍ ആകെ അമ്പരന്നിരിക്കുകയാണ്. ഏറെ സമ്മര്‍ദത്തോടെയാണ് ചെല്‍സി - സിറ്റി മത്സരം കണ്ടത്. കിരീടത്തിനായി എനിക്ക് 30 വര്‍ഷമൊന്നും കാത്തിരിക്കേണ്ടി വന്നില്ല. എന്നാല്‍ ക്ലബ്ബിന്റെയും ആരാധകരുടെയും കാര്യം അങ്ങനെയായിരുന്നില്ല. എന്റെ കാത്തിരിപ്പ് നാലു വര്‍ഷം മാത്രമായിരുന്നു.'' - ക്ലോപ്പ് പ്രതികരിച്ചു.
ലിവര്‍പൂള്‍ പോലെ ചരിത്രപ്രസിദ്ധമായ ക്ലബിന് കിരീട നേട്ടം സമ്മാനിക്കാനായതില്‍ അഭിമാനമുണ്ടെന്നും ക്ലോപ്പ് പറഞ്ഞു. 30 വര്‍ഷം മുമ്പ് ലിവര്‍പൂള്‍ കിരീടം നേടുമ്പോള്‍ പരിശീലകനായിരുന്ന കെന്നി ഡാഗ്ലിഷ്, സ്റ്റീവന്‍ ജെറാര്‍ഡ് തുടങ്ങിയവരുടെ പിന്തുണ നിര്‍ണായകമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഇംഗ്ലീഷ് ലീഗ് കിരീടം സ്വന്തമാക്കുന്ന ആദ്യ ജര്‍മന്‍ പരിശീലകനെന്ന നേട്ടവും ക്ലോപ്പ് സ്വന്തമാക്കി. ജര്‍മന്‍ ക്ലബ്ബ് ബൊറൂസ്സിയ ഡോര്‍ട്ട്മുണ്ടിനൊപ്പമായിരുന്നു ക്ലോപ്പിന്റെ കുതിപ്പ്. ഡോര്‍ട്ട്മുണ്ടിനെ രണ്ടു തവണ ബുണ്ടെസ് ലിഗ കിരീടത്തിലേക്ക് നയിച്ച അദ്ദേഹം ചാമ്പ്യന്‍സ് ലീഗ് ഫൈനലിലുമെത്തിച്ചിരുന്നു.
നാലു വര്‍ഷം മുമ്പാണ് അദ്ദേഹം ആന്‍ഫീല്‍ഡിലെത്തുന്നത്. ക്ലോപ്പിനു കീഴില്‍ രണ്ടു തവണ റെഡ്‌സ് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിച്ചു. ഒരു തവണ കിരീടവും സ്വന്തമാക്കി.
30 വര്‍ഷക്കാലത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചാണ് ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പോയന്റ് പട്ടികയില്‍ രണ്ടാമതുള്ള മാഞ്ചെസ്റ്റര്‍ സിറ്റിയെ ചെല്‍സി തോല്‍പ്പിച്ചതോടെയാണ് ചെമ്പട കിരീടം ഉറപ്പിച്ചത്.
1989-90 സീസണിലാണ് ഇതിനു മുമ്പ് അവസാനമായി ലിവര്‍പൂള്‍ കിരീടം നേടിയത്. കഴിഞ്ഞ സീസണില്‍ അവസാന ലാപ്പില്‍ നഷ്ടമായ കിരീടം ഇത്തവണ വ്യക്തമായ ആധിപത്യത്തോടെ ചെമ്പട ആന്‍ഫീല്‍ഡിലെത്തിച്ചു. ലീഗില്‍ ഏഴു മത്സരങ്ങള്‍ ബാക്കിനില്‍ക്കെയാണ് ചെമ്പട കിരീടം ഉറപ്പിച്ചത്. ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്ര നേരത്തെ ഒരു ടീം കിരീടം ഉറപ്പിക്കുന്നത്.
2000-2001 സീസണില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡും 2017-2018 സീസണില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയും അഞ്ച് മത്സരം ബാക്കി നില്‍ക്കെ കിരീടം സ്വന്തമാക്കിയിരുന്നു. ചെമ്പടയുടെ 19-ാം പ്രീമിയര്‍ ലീഗ് കിരീടമാണിത്.
31 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 28 ജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമായി 86 പോയന്റ് നേടിയാണ് ചെമ്പട കിരീടം സ്വന്തമാക്കിയിരിക്കുന്നത്. ബുധനാഴ്ച നടന്ന മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെതിരേ ലിവര്‍പൂള്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ജയിച്ചിരുന്നു. ലീഗില്‍ വാട്ട്ഫോര്‍ഡിനോട് മാത്രമാണ് ലിവര്‍പൂള്‍ തോറ്റത്.
Content Highlights: Tearful Juergen Klopp Dedicates Premier League Title to Liverpool Fans